ശബരിമല: പഴയ കൊടിമരത്തിലെ സ്വർണ ആലില കാണാനില്ല; ബോർഡിന്റെ വീഴ്ച വ്യക്തമാക്കാതെ റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: ശബരിമലയിലെ പഴയ കൊടിമരത്തിലെ സ്വർണ ആലിലകളിലൊന്ന് കാണാനില്ലെന്ന് വ്യക്തമാക്കിയും അതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാഹികളുടെ വീഴ്ച കണ്ടെത്താതെയും ദേവസ്വം വിജിലൻസ് റിപ്പോർട്ട്. കൊടിമര പ്രതിഷ്ഠയിൽ അഭിഭാഷക കമീഷനർ എ.എസ്.പി. കുറുപ്പിനെ കുറ്റപ്പെടുത്തി കഴിഞ്ഞദിവസം ഹൈകോടതിയിൽ ദേവസ്വം വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
സ്ട്രോങ് റൂമിലേക്ക് മാറ്റിയ കൊടിമരത്തിലെ ആലില കാണാനില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2017ലെ കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട വിവാദങ്ങൾ സ്വർണക്കൊള്ളക്കൊപ്പമാണ് ഉയർന്നത്. കൊടിമരവുമായി ബന്ധപ്പെട്ട് കൊള്ള നടന്നെന്ന വിവരം റിപ്പോർട്ടിലില്ല. ദേവസ്വം ബോർഡിന് എന്തെങ്കിലും പിഴവ് സംഭവിച്ചതായും പരാമർശമില്ല. അന്ന് ബോർഡ് പ്രസിഡന്റായിരുന്ന പ്രയാർ ഗോപാലകൃഷ്ണനും അംഗമായിരുന്ന അജയ് തറയിലിനുമൊക്കെ വീഴ്ച സംഭവിച്ചെന്ന തരത്തിലാണ് ആരോപണം ഉയർന്നത്. ഇവരുടെ പേരുകൾ വിജിലൻസ് റിപ്പോർട്ടിലില്ലെന്നാണ് വിവരം. കൊടിമരപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് സ്വർണം ഏറ്റുവാങ്ങുമ്പോൾ രശീത് നൽകുന്നതിൽ ഹൈകോടതി നിയോഗിച്ച അഭിഭാഷക കമീഷൻ എ.എസ്.പി. കുറുപ്പിന് വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ടിലുണ്ട്. 20 പേരോളം സ്വർണം സമർപ്പിച്ചെന്നല്ലാതെ അവരുടെ പേരോ മറ്റ് വിവരങ്ങളോ സ്വർണത്തിന്റെ അളവ് സംബന്ധിച്ച കണക്കോ നൽകാൻ കുറുപ്പിന് കഴിഞ്ഞില്ല. സ്വർണം വാങ്ങുന്നത് സംബന്ധിച്ച് ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവ് പ്രകാരമുള്ള നടപടികൾ നടന്നില്ല. പകരം സെലിബ്രിറ്റികളടക്കം ഭക്തർ സ്വർണം സമർപ്പിച്ചത് അഭിഭാഷക കമീഷണർക്കാണ്. സമർപ്പിക്കപ്പെട്ട സ്വർണം കണക്കാക്കാനും കഴിഞ്ഞില്ല. സ്ട്രോങ് റൂമിൽ നടത്തിയ പരിശോധനയിൽ പഴയ കൊടിമരത്തിന്റെ സ്വർണപ്പറയടക്കം 28 ഉരുപ്പടികൾ കണ്ടെത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
വാജിവാഹനം അവിടെ ഇല്ലായിരുന്നു. അതാണ് തന്ത്രിയുടെ വീട്ടിൽനിന്ന് കണ്ടെടുത്തത്. കൊടിമരം നീക്കംചെയ്യുന്ന ഘട്ടത്തിലുണ്ടാക്കിയ മഹസറിൽ കൊടിമരത്തിലെ മൂന്ന് സ്വർണ ആലിലകൾ ഉണ്ടായിരുന്നെന്നും പരിശോധനയിൽ ഒന്ന് നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയെന്നുമാണുള്ളത്. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തുന്ന അന്വേഷണമാകും വിജിലൻസിന്റെ പ്രാഥമിക പരിശോധനയിൽ ഉണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

