ശബരിമലയിലെ വാജിവാഹനം മടക്കിനൽകാൻ തന്ത്രി
text_fieldsപത്തനംതിട്ട: വിവാദങ്ങൾക്കിടെ ശബരിമലയിലെ വാജിവാഹനം തിരികെ വാങ്ങണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡിന് തന്ത്രി കണ്ഠരര് രാജീവരുടെ കത്ത്. പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം തിരികെനൽകാമെന്ന് കാട്ടി ശബരിമല എക്സിക്യൂട്ടിവ് ഓഫിസർക്ക് കഴിഞ്ഞ 11നാണ് തന്ത്രി കത്ത് നൽകിയത്.
2017 ജൂൺ 25നാണ് ശബരിമലയിൽ പുതിയ കൊടിമരം സ്ഥാപിച്ചത്. പിന്നീട് ആചാരപ്രകാരം പഴയതിലെ വെള്ളിയിൽ തീർത്ത വാജിവാഹനം തന്ത്രിക്ക് കൈമാറുകയായിരുന്നു. അത് തന്റെ കൈവശമുണ്ടെന്ന് തന്ത്രി അടുത്തിടെ പറഞ്ഞിരുന്നു. അതാണിപ്പോള്‍ തിരികെയെടുക്കാൻ തന്ത്രി ആവശ്യപ്പെട്ടത്.
സ്വർണക്കൊള്ള പുറത്തുവന്നതിനുപിന്നാലെ, വാജിവാഹനം തന്ത്രി കൈമാറിയതായും ആക്ഷേപം ഉയർന്നിരുന്നു. വാജി വാഹനം അനധികൃതമായി കൈവശപ്പെടുത്തിയെന്നാരോപിച്ച് അഖില ഭാരതീയ അയ്യപ്പധര്‍മ പ്രചാരസഭയുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിൽ നവംബര്‍ 15ന് തന്ത്രിയുടെ വീട്ടിലേക്ക് നാമജപ ഘോഷയാത്ര അടക്കമുള്ള പ്രതിഷേധങ്ങളും പ്രഖ്യാപിച്ചിരുന്നു. പുതിയ കൊടിമരം സ്ഥാപിക്കുമ്പോൾ പഴയതിലെ വാജിവാഹനം തന്ത്രിക്ക് നൽകുന്നതാണ് ആചാരം. തന്ത്രിയുടെ അവകാശമാണെങ്കിലും ആക്ഷേപമുയർന്ന സാഹചര്യത്തിലാണ് തിരിച്ചുനൽകാൻ തീരുമാനിച്ചതെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. കത്ത് ഈ മാസം 24ന് ചേരുന്ന ദേവസ്വം ബോർഡ് ചർച്ച ചെയ്യും. തുടർന്നാകും ഇക്കാര്യത്തിൽ തീരുമാനം.
കാലപ്പഴക്കത്തെത്തുടർന്നാണ് പഴയ കൊടിമരം മാറ്റിയത്. 3.2 കോടി ചെലവിൽ പുതിയ കൊടിമരം വഴിപാടായി നൽകിയത് ഹൈദരാബാദിലെ ഫീനിക്സ് ഇൻഫ്രാടെക്കായിരുന്നു. 9.161 കിലോഗ്രാം സ്വർണം നിർമാണത്തിനായി ഉപയോഗിച്ചു. പമ്പയിൽ പ്രത്യേകം തയാറാക്കിയ പണിപ്പുരയിൽവെച്ചായിരുന്നു കൊടിമരനിർമാണം.
അടുത്തിടെ സ്വർണക്കൊടിമരത്തിന്റെ മുകളിലുള്ള സ്വർണംപൂശിയ, ചെമ്പുകൊണ്ടുള്ള ആലിലരൂപങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായതായും പരാതിയുണ്ടായിരുന്നു. 2017 ജൂൺ 25ന് പ്രതിഷ്ഠ നടന്നപ്പോൾ ഉണ്ടായിരുന്നത് 28. ഇപ്പോഴുള്ളത് 13 എണ്ണം മാത്രമാണെന്നാണ് ആക്ഷേപം. ബാക്കിയുള്ളവ കാറ്റടിച്ച് വീണുപോയതാകാമെന്നാണ് സംശയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

