ദേവസ്വം ബോർഡിന് ഭരണനിയന്ത്രണ അവകാശം മാത്രം –പന്തളം കൊട്ടാരം
text_fieldsപന്തളം: ശബരിമലയടക്കമുള്ള ക്ഷേത്രങ്ങളിൽ ദേവസ്വം ബോർഡിനുള്ളത് ഭരണനിയന്ത്രണ അവകാശം മാത്രമാണെന്ന് പന്തളം കൊട്ടാരം. തിരുവിതാംകൂർ രാജാവിൽനിന്ന് ലഭിച്ച മേൽക്കോയ്മ അവകാശത്തിെൻറ അടിസ്ഥാനത്തിലാണ് ദേവസ്വം ബോർഡിന് രൂപം നൽകിയത്. ആചാരങ്ങൾ സംരക്ഷിക്കുക എന്നതാണ് ബോർഡിെൻറ ചുമതല. അതിെൻറ നഗ്നമായ ലംഘനമാണ് നടക്കുന്നത്. ഇത് പരിശോധിക്കപ്പെടണമെന്നും കൊട്ടാരം നിർവാഹകസംഘം ഭാരവാഹികൾ പന്തളത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ശബരിമല ക്ഷേത്രം അടച്ചിടുമെന്ന് തന്ത്രി പറഞ്ഞതായി അറിയില്ല. ശബരിമല ക്ഷേത്രം അടച്ചിടാൻ ആവശ്യപ്പെട്ടിട്ടില്ല. ശബരിമലയിലെ വരുമാനത്തിൽ കണ്ണുംനട്ട് ആരൊക്കയോ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പന്തളം കൊട്ടാരം ശബരിമലയുടെ വരുമാനത്തിൽ കണ്ണുംനട്ടിരിക്കുന്നില്ല. അത് ആഗ്രഹിക്കുകയുമില്ല. കഴിഞ്ഞ ആറു ദിവസം ശബരിമലയിൽ നടന്നത് തീർഥാടനമല്ല.
ഭീതി ജനിപ്പിക്കുന്ന അന്തരീക്ഷത്തിലാണ് തീർഥാടകർ വന്നുപോയത്. നാമജപം നടത്തിയ വിശ്വാസികളെ ക്രൂരമായി മർദിച്ചു. അക്രമം നടത്തിയവർ ക്ഷേത്ര വിശ്വാസികളല്ല. ഇതു സംബന്ധിച്ച് അന്വേഷണം നടത്തണം. ശബരിമല ദർശനത്തിനായി യുവതികളായ വിശ്വാസികൾ ആരും എത്തിയില്ല. എത്തിയ ആറ് വനിതകൾ ഭക്തരല്ല. നാമജപം നടത്തിയവരെ ജാതീയമായി ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ക്ഷേത്രാചാരങ്ങൾ പാലിക്കാൻ ബാധ്യതപ്പെട്ട ദേവസ്വം ബോർഡ് അത് ലംഘിക്കുകയാണ്. കൊട്ടാരം നിർവാഹക സംഘം പ്രസിഡൻറ് പി.ജി. ശശികുമാരവർമ, സെക്രട്ടറി പി.എൻ. നാരായണവർമ, ട്രഷറർ ദീപ വർമ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
