കൊച്ചി: ശബരിമല ദർശനത്തിനുള്ള സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങളിൽ ബുക്ക് ചെയ്യുന്നവരുടെ എണ്ണം സംബന്ധിച്ച് റിപ്പോർട്ട് തേടി ഹൈകോടതി. കൂടുതൽ സ്ഥലങ്ങളിൽ സ്പോട്ട് ബുക്കിങ് ആരംഭിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടതിനാൽ നിലവിലെ കേന്ദ്രങ്ങളിലെ കണക്ക് അറിയിക്കാൻ ശബരിമല സ്പെഷൽ കമീഷണറോട് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.
നിലക്കൽ, എരുമേലി, കുമളി എന്നിവ കൂടാതെ ഏഴിടങ്ങളിൽ കൂടിയാണ് സ്പോട്ട് ബുക്കിങ് സൗകര്യമുള്ളത്. വെർച്വൽ ക്യൂവഴി ബുക്ക് ചെയ്യാൻ കഴിയാത്തവർക്കായാണ് ഈ സംവിധാനം. വെർച്വൽ ക്യൂ ബുക്കിങ് പോർട്ടലിെൻറ നിയന്ത്രണം പൊലീസിൽനിന്ന് തിരുവിതാംകൂർ ദേവസ്വത്തിന് കൈമാറണമെന്ന ഹരജിയാണ് കോടതി പരിഗണനയിലുള്ളത്.
ഭക്തരുടെ ആരോഗ്യരക്ഷക്ക് ആയുര്‍വേദകേന്ദ്രം സജ്ജം
ശബരിമല: ഭക്തരുടെ ആരോഗ്യരക്ഷക്ക് വൈവിധ്യമാര്‍ന്ന ചികിത്സയും മരുന്നുമായി ആയുര്‍വേദ വകുപ്പ്. 14 പേരടങ്ങുന്ന ചികിത്സാകേന്ദ്രമാണ് സന്നിധാനത്ത് പ്രവര്‍ത്തിക്കുന്നത്. അഞ്ച് ഡോക്ടര്‍മാര്‍, മൂന്ന് ഫാര്‍മസിസ്റ്റ്, മൂന്ന് അറ്റന്‍ഡര്‍മാര്‍, രണ്ട് തെറപ്പിസ്റ്റ്, ഒരു സ്വീപ്പര്‍ എന്നിങ്ങനെയാണ് വിന്യാസം. നാല് ഷിഫ്റ്റിലായി 24 മണിക്കൂറും സേവനം ലഭ്യമാണ്. ശരാശരി 200 പേര് പ്രതിദിനം ചികിത്സക്ക് എത്തുന്നുണ്ടെന്ന് ചാര്‍ജ് മെഡിക്കല്‍ ഓഫിസര്‍ ഡോ. വിനോദ് കൃഷ്ണന് നമ്പൂതിരി പറഞ്ഞു. സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള ജീവനക്കാരില്‍ ഭൂരിഭാഗവും ചികിത്സക്ക് ആശ്രയിക്കുന്നതും ആയുര്‍വേദ ആശുപത്രിയെയാണ്. ഭാരതീയ ചികിത്സ വകുപ്പും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തീര്‍ഥാടകര്‍ക്ക് പ്രതിരോധശക്തിക്കുള്ള കുടിവെള്ളവും വിതരണം ചെയ്യുന്നുണ്ട്.
പുകയില ഉൽപന്നങ്ങൾ പിടികൂടി
ശബരിമല: എക്സൈസ് സ്ക്വാഡ് കഴിഞ്ഞ ദിവസം സന്നിധാനം, പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ വ്യാപകമായി പുകയില ഉൽപന്നങ്ങൾ പിടികൂടി. കോട്പ നിയമപ്രകാരം 90 കേസ് എടുക്കുകയും 18,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. അട്ടത്തോട് പ്ലാപ്പള്ളി വനമേഖലയിലും സ്ക്വാഡ് പരിശോധന നടത്തുന്നുണ്ട്.