ശബരിമല ശ്രീകോവിലിൽ ചോർച്ച; പരിഹരിക്കാൻ നടപടിയുമായി ദേവസ്വം ബോർഡ്
text_fieldsപത്തനംതിട്ട: സ്വർണപ്പാളികൾ പൊതിഞ്ഞ ശബരിമല ശ്രീകോവിലിലെ ചോർച്ച പരിഹരിക്കാൻ നടപടികളുമായി ദേവസ്വം ബോർഡ്. നിറപുത്തരി ഉത്സവത്തിന് നട തുറക്കുന്ന ആഗസ്റ്റ് മൂന്നിന് ചോർച്ചയുടെ വ്യാപ്തി ദേവസ്വം ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ പരിശോധിച്ച് വിലയിരുത്തും.
ദേവസ്വം കമീഷണർ, സ്പെഷൽ കമീഷണർ, തന്ത്രി, സപതി എന്നിവരും സാഹചര്യങ്ങൾ വിലിയിരുത്താൻ ഉണ്ടാകും. തുടർന്ന് 45 ദിവസത്തിനുള്ളിൽ ജോലികൾ പൂർത്തിയാക്കാനും ബോർഡ് യോഗം തീരുമാനിച്ചതായി പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ അറിയിച്ചു. ആവശ്യമെങ്കിൽ ഹൈകോടതിയുടെ അനുമതി തേടുന്നതടക്കം നടപടികൾ പൂർത്തിയാക്കുന്നതിനാണ് ഇത്രയും ദിവസത്തെ കാലാവധി തീരുമാനിച്ചത്.
കൂടിയാൽ രണ്ടാഴ്ചക്കുള്ളിൽ ജോലികൾ പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. ജോലികൾ പൂർത്തിയാക്കാൻ കൂടുതൽ സ്വർണം ആവശ്യമായി വരികയാണെങ്കിൽ അത് ദേവസ്വത്തിന്റെ ശേഖരത്തിൽനിന്ന് എടുക്കും. സ്പോൺസർമാരെ കൊണ്ട് ചെയ്യിക്കുന്നതും പരിഗണിക്കും. ശബരിമല ശ്രീകോവിൽ സ്വർണം പൊതിഞ്ഞിട്ട് മൂന്ന് പതിറ്റാണ്ടിനടുത്തായി.
വിജയ് മല്യയുടെ കിങ് ഫിഷർ ഗ്രൂപ്പായിരുന്നു സ്പോൺസർ. ദേവന്റെ അനുജ്ഞ വാങ്ങാതെ തന്ത്രി ഇതിന് അനുമതി കൊടുത്തതിനെ ചൊല്ലി അന്ന് വിവാദം ഉണ്ടായിരുന്നു.
ഇപ്പോൾ സ്വർണപ്പാളികൾക്കിടയിലൂടെ വെള്ളം ഒലിച്ചിറങ്ങി സോപാനത്ത് ഇടതുവശത്തെ ദ്വാരപാലക ശിൽപത്തിലേക്കാണ് വീഴുന്നത്. ഉള്ളിലും ഭിത്തിയിൽ നനവുണ്ട്. ഏപ്രിലിൽ വിഷു പൂജ സമയത്താണ് ചോർച്ചയുള്ള വിവരം ജീവനക്കാർ ദേവസ്വം ബോർഡിന്റെ ശ്രദ്ധയിൽപെടുത്തിയത്. തുടർന്ന് അറ്റകുറ്റപ്പണികൾക്ക് ദേവന്റെ അനുജ്ഞയും വാങ്ങി. മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കാനായിരുന്നു തീരുമാനം. എന്നാൽ, നടപടികളിൽ കാലതാമസം ഉണ്ടായി. ഇതിനിടയിലാണ് വിവരം പുറത്തായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

