അയ്യപ്പ സംഗമത്തിന് ബദൽ; പന്തളത്ത് ശബരിമല സംരക്ഷണ സംഗമം, സെമിനാറിന് തുടക്കമായി
text_fieldsപന്തളത്ത് ശബരിമല സംരക്ഷണ സംഗമം സെമിനാറിന് തുടക്കമായപ്പോൾ
പന്തളം (പത്തനംതിട്ട): ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ ശബരിമല സംരക്ഷണ സംഗമത്തിന്‍റെ സെമിനാർ പന്തളം നാനാക് കൺവെൻഷൻ സെന്ററിൽ ആരംഭിച്ചു സംസ്ഥാന വിവിധ ഭാഗങ്ങളിൽനിന്നും ആയിരക്കണക്കിന് സംഘപരിവാർ പ്രവർത്തകരാണ് പന്തളത്ത് എത്തിയിട്ടുള്ളത്. വാഴൂർ തീർത്ഥപാദാശ്രമത്തിലെ പ്രജ്ഞാനാനന്ദ തീർത്ഥപാദർ സെമിനാർ ഉദ്ഘാടനം ചെയ്തു. ശബരിമല കർമസമിതി ചെയർപേഴ്‌സൺ കെ.പി. ശശികല അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എസ്.ജെ.ആർ കുമാർ ദർശനരേഖ അവതരിപ്പിച്ചു. ദേവസ്വം ബോർഡ് ശനിയാഴ്ച പമ്പയിൽ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന് സമാന്തരമായാണ് സംഘപരിവാർ സംഘടനകൾ ശബരിമല സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നത്.
'ശബരിമലയുടെ വിശ്വാസം' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ ശബരിമല അയ്യപ്പസേവാസമാജം സ്ഥാപക സെക്രട്ടറി സ്വാമി അയ്യപ്പദാസ് വിഷയാവതരണം നടത്തി. 'ശബരിമലയുടെ വികസനം' എന്നവിഷയത്തിലാണ് രണ്ടാമത്തെ സെമിനാർ നടത്തുന്നത്. തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് അഡ്വ. ജി. രാമൻനായർ വിഷയാവതരണം നടത്തി.. 'ശബരിമല സംരക്ഷണം' എന്ന വിഷയത്തിൽ നടക്കുന്ന മൂന്നാമത്തെ സെമിനാറിൽ മുൻ ഡിജിപി ടി.പി. സെൻകുമാർ വിഷയാവതരണം നടത്തും.
വൈകീട്ട് മൂന്നിന് കുളനട പഞ്ചായത്തിലെ കൈപ്പുഴയിലുള്ള ശ്രീവത്സം മൈതാനത്ത് നടക്കുന്ന സമ്മേളനം ബി.ജെ.പി തമിഴ്‌നാട് മുൻ സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം പ്രസിഡന്റ് പി.എൻ. നാരായണ വർമ അധ്യക്ഷത വഹിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന കാര്യാധ്യക്ഷൻ വത്സൻ തില്ലങ്കേരി ആമുഖ പ്രസംഗം നടത്തും. സ്വാമി ശാന്താനന്ദ മഹർഷി, തേജസ്വി സൂര്യ എം.പി, പ്രജ്ഞ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ, വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് വിജി തമ്പി, ശബരിമല സംരക്ഷണ സംഗമം ജനറൽ കൺവീനർ കെ.പി. ഹരിദാസ്, കൺവീനർ എസ്.ജെ.ആർ കുമാർ എന്നിവർ പ്രസംഗിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

