ശബരിമല റോഡ് പുനരുദ്ധാരണം: 200 കോടിയുടെ ഭരണാനുമതി
text_fieldsതിരുവനന്തപുരം: വെള്ളപ്പൊക്കത്തിൽ തകർന്ന ശബരിമലയിലേക്കുള്ള റോഡുകളുടെ പുനരുദ്ധാരണത്തിന് 200 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി. നവംബർ 17ന് ആരംഭിക്കുന്ന മണ്ഡല-മകരവിളക്ക് തീർഥാടനത്തിനുമുമ്പ് പണി പൂർത്തിയാക്കുകയാണ് ലക്ഷ്യം.
ശബരിമല പുനർനിർമാണവുമായി ബന്ധപ്പെട്ട ജോലി വേഗത്തിലാക്കാൻ പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി ജി. കമല വർധന റാവുവിനെ സ്പെഷൽ ഓഫിസറായി നിയമിച്ചിരുന്നു. പൊതുമരാമത്ത് സെക്രട്ടറി തന്നെയാണ് 200 കോടിയുടെ റോഡ് വികസന പദ്ധതിക്ക് ഭരണാനുമതി നൽകി ഉത്തരവിറക്കിയത്. പൊതുമരാമത്ത് വകുപ്പിന് കീഴിൽ പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ റോഡും കെ.എസ്.ടി.പി റോഡുമാണ് ഇതിലുള്ളത്.
പത്തനംതിട്ട, കൊല്ലം, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം പൊതുമരാമത്ത് ഡിവിഷൻ പരിധിയിലെ പ്രധാന റോഡുകളുടെ 102.92 കോടി രൂപയുടെ പുനരുദ്ധാരണത്തിനാണ് ഭരണാനുമതി. ഇതേ ഡിവിഷനുകളിലെ ശബരിമലയിലേക്കുള്ള അനുബന്ധ റോഡുകളുടെ പണിക്ക് 67.58 കോടി രൂപയുടെ നിർമാണത്തിനും അനുമതിയായി.
പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ഡിവിഷൻ പരിധിയിലും എം.സി റോഡും ഉൾപ്പെടെയുള്ളവയുടെ ഓട, കലുങ്ക് നിർമാണത്തിന് 28.01 കോടി രൂപയും അനുവദിച്ചു. ശബരിമലയിലേക്കുള്ള ദേശീയപാതകൾ ഉൾപ്പെടുന്ന ജില്ലകളിലെ നിർമാണ-അറ്റകുറ്റപ്പണിക്ക് 1.49 കോടി രൂപയുടെ നിർമാണത്തിനാണ് അനുമതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
