തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധം
text_fieldsതിരുവനന്തപുരം: തുലാമാസ പൂജകള്‍ക്കായി ശബരിമല നട വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് തുറക്കും. ശനിയാഴ്ച രാവിലെ മുതൽ ഭക്തർ എത്തിതുടങ്ങും. കോവിഡ് വ്യാപനത്തെ തുടർന്ന് ആറുമാസമായി ഭക്തരെ ശബരിമലയിൽ പ്രവേശിപ്പിച്ചിരുന്നില്ല.
തീർഥാടകർക്ക് മല കയറാൻ പ്രാപ്തരാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ദര്‍ശനത്തിനെത്തുന്നതിന് തൊട്ടുമുമ്പുള്ള 48 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണം.10നും 60നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് മാത്രമാണ് അനുമതി. കൂട്ടംചേര്‍ന്ന് സഞ്ചരിക്കാന്‍ പാടില്ല.
നിശ്ചിത അകലം പാലിേച്ച ദര്‍ശനത്തിനെത്താവൂ. വടശ്ശേരിക്കര, എരുമേലി വഴികളിലൂടെ മാത്രമാണ് പ്രവേശനം. മറ്റു വഴികൾ അടച്ചു. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ആശുപത്രികള്‍ സജ്ജമാക്കി. ദര്‍ശനം സുഗമമാക്കാൻ ക്രമീകരണങ്ങൾ പൂര്‍ത്തിയാക്കി. വിര്‍ച്വല്‍ ക്യൂ സംവിധാനം വഴി രജിസ്റ്റര്‍ ചെയ്ത 250 പേര്‍ക്കാണ് ഒരുദിവസം ദര്‍ശനം അനുവദിക്കുക. ബുക്കിങ് നടത്തിയപ്പോള്‍ ദര്‍ശനത്തിന് അനുവദിച്ച തീയതിയിലും സമയത്തും തന്നെ ഭക്തരെത്തണം.
ദര്‍ശനത്തിനെത്തുന്നവര്‍ എല്ലാ കോവിഡ് സുരക്ഷാ മാനദണ്ഡവും കര്‍ശനമായി പാലിക്കണം. സാനിറ്റൈസര്‍, മാസ്ക്, കൈയുറകള്‍ എന്നിവ കരുതുകയും യഥാവിധി ഉപയോഗിക്കുകയും വേണം. പമ്പ ത്രിവേണിയില്‍ സ്നാനം അനുവദിക്കില്ല. കുളിക്കാനായി പ്രത്യേകം ഷവറുകള്‍ സജ്ജീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.