സ്ത്രീകളെ മുന്നിൽ നിർത്തിയുള്ള നീക്കം പ്രകോപനം സൃഷ്ടിക്കാനെന്ന് മുന്നറിയിപ്പ്
text_fieldsകോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിവിധ ഹൈന്ദവ സംഘടനകൾ സമരം കടുപ്പിക്കുന്ന സാഹചര്യത്തിൽ, സമരം നേരിടുന്നതിൽ ജാഗ്രത വേണമെന്ന് സർക്കാർ. സമരത്തെ നിസ്സാരവത്കരിക്കരുതെന്നാണ് പൊലീസ് രഹസ്യാേന്വഷണ വിഭാഗം നൽകിയിരിക്കുന്ന മുന്നറിയിപ്പ്. സ്ത്രീകളെ മുന്നിൽ നിർത്തിയുള്ള നീക്കം പ്രകോപനം സൃഷ്ടിക്കാനാണെന്നും അതിനാൽ കൂടുതൽ ജാഗ്രത വേണമെന്നും രഹസ്യാന്വേഷണ വിഭാഗം തുടക്കത്തിൽ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. വരാനിരിക്കുന്ന സെക്രേട്ടറിയറ്റ് മാർച്ചും ബി.ജെ.പിയുടെ ലോങ് മാർച്ചും നിരീക്ഷിക്കണമെന്ന നിർദേശവുമുണ്ട്. തുലാമാസപൂജകൾക്കായി 18ന് നടതുറക്കുേമ്പാൾ ദർശനത്തിന് സ്ത്രീകൾ എത്തിയാൽ അവരെ സമരക്കാർ തടയാനുള്ള സാധ്യതകളും ഇൻറലിജൻസ് തള്ളുന്നില്ല. കേരളത്തിൽനിന്നുള്ള സ്ത്രീ തീർഥാടകരെക്കാൾ കൂടുതൽ ഇതര സംസ്ഥാനങ്ങളിൽ നിന്നാവാനാണ് സാധ്യതയും.
എരുമേലി, പമ്പ എന്നിവിടങ്ങളിൽ കൂടുതൽ ജാഗ്രത വേണം. എരുമേലിയിൽ ദേവസ്വം ഒാഫിസ് ആക്രമിക്കുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിയത് സമരം തീവ്രമാകുമെന്നതിെൻറ സൂചനയാണ്. അതിനാൽ പൊലീസ് പരമാവധി സംയമനം പാലിക്കണമെന്നും പലയിടത്തും സമരം പരിധിവിട്ടിട്ടും പൊലീസ് ഇടപെടൽ പ്രശ്നങ്ങൾ ലഘൂകരിച്ചെന്നും ഇതിൽ സർക്കാർ തൃപ്തരാണെന്നും ആഭ്യന്തര വകുപ്പിെൻറ റിപ്പോർട്ടിലുണ്ട്.
എൻ.എസ്.എസും തന്ത്രി കുടുംബവും പന്തളം കൊട്ടാര പ്രതിനിധികളും സർക്കാറിനെ അവഗണിച്ച് മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ ചർച്ച വേണമെന്നും അതല്ല, പുനഃപരിശോധന ഹരജി നൽകിയ സാഹചര്യത്തിൽ നടപടികൾ എവിടം വരെ പോകുന്നുവെന്ന് കാണെട്ടയെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. അതേസമയം, ശബരിമലയിൽ ഒരുക്കുന്ന സൗകര്യങ്ങൾ സംബന്ധിച്ച് ഹൈകോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനുള്ള ദേവസ്വം ബോർഡ് തീരുമാനം മാറ്റിയിട്ടുണ്ട്. ബോർഡ് പ്രതിനിധികളും പൊലീസ് ഉന്നതരും നടത്തുന്ന കൂടിക്കാഴ്ച കഴിഞ്ഞിട്ടാകാം അന്തിമ റിപ്പോർട്ട് എന്നതിനാലാണ് ഒരുദിവസം കൂടി വൈകിപ്പിക്കാൻ കാരണം. ദേവസ്വം ബോർഡ് പ്രസിഡൻറിനെ മറികടന്ന് കമീഷണർ കാര്യങ്ങൾ നിയന്ത്രിക്കുന്നുവെന്ന ആക്ഷേപവും ഇരുവരും തമ്മിലെ ഭിന്നതയും റിപ്പോർട്ട് വൈകാൻ കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
