അയ്യപ്പസംഗമത്തിന് ബദലായി ശബരിമല സംരക്ഷണസംഗമം
text_fieldsശബരിമല കർമസമിതി പന്തളത്ത് സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമം ബി.ജെ.പി തമിഴ്നാട് മുൻ സംസ്ഥാന പ്രസിഡന്‍റ് കെ. അണ്ണാമലൈ ഉദ്ഘാടനം ചെയ്യുന്നു
പന്തളം (പത്തനംതിട്ട): സനാതന ധർമത്തെ വേരോടെ പിഴുതെറിയാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് ബി.ജെ.പി തമിഴ്നാട് മുൻ സംസ്ഥാന പ്രസിഡന്‍റ് കെ. അണ്ണാമലൈ. ദൈവമില്ലെന്ന് പറഞ്ഞ കമ്യൂണിസ്റ്റുകൾ ഭഗവത്ഗീത വചനങ്ങൾ ഉരുവിടുകയാണ്. ഗണപതി മിത്ത് എന്നുപറഞ്ഞവർ കേരളത്തിൽ ക്ലാസെടുക്കുകയാണ്. ഭഗവത്ഗീത പ്രകാരം പിണറായി വിജയൻ നരകത്തിൽ പോകാൻ യോഗ്യതയുള്ളയാളാണെന്നും അണ്ണാമലൈ പറഞ്ഞു.
ആഗോള അയ്യപ്പസംഗമത്തിന് ബദലായി ശബരിമല കർമസമിതി പന്തളത്ത് സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂട്ട ശരണംവിളിയോടെ ആരംഭിച്ച സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാനും പന്തളം കൊട്ടാരം മുൻ നിർവാഹക സംഘം സെക്രട്ടറിയുമായ പി.എൻ. നാരായണ വർമ അധ്യക്ഷത വഹിച്ചു. തേജസ്വി സൂര്യ എം.പി, ശാന്താനന്ത മഹർഷി, ജെ. നന്ദകുമാർ, കുമ്മനം രാജശേഖരൻ, കെ.പി. ശശികല, വിജി തമ്പി, വൽസൻ തില്ലങ്കേരി, ആർ.വി. ബാബു, കെ.പി. ഹരിദാസ് എന്നിവർ സംസാരിച്ചു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ, രാധാകൃഷ്ണ മേനോൻ, പി.കെ. കൃഷ്ണദാസ് തുടങ്ങി നിരവധി നേതാക്കളും പങ്കെടുത്തു. ആഗോള അയ്യപ്പസംഗമത്തിൽ ഭക്തരെത്തിയില്ലെന്ന ആക്ഷേപത്തിനിടെ നടന്ന ശബരിമല സംരക്ഷണ സംഗമത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ സംഘാടകർ ശ്രദ്ധിച്ചിരുന്നു. രാവിലെ മൂന്ന് വിഷയങ്ങളിൽ സെമിനാർ നടന്നു. വൈകീട്ടാണ് ശബരിമല സംരക്ഷണസംഗമം അണ്ണാമലൈ ഉദ്ഘാടനംചെയ്തത്.
രാജീവ് ചന്ദ്രശേഖർ സദസ്സിൽ
സംഘ്പരിവാർ സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമവേദിയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറിന് ‘ഇടമില്ല’. ആദ്യം വേദിയിൽ ഇല്ലാതിരുന്ന അദ്ദേഹത്തെ സമാപനത്തിന്റെ തൊട്ടുമുമ്പാണ് വേദിയിൽ വിളിച്ചുകയറ്റിയത്. തുടർന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം കേന്ദ്രസർക്കാറിന്‍റെ ശ്രദ്ധയിൽപെടുത്താൻ രാജീവ് ചന്ദ്രശേഖറിന് കൈമാറി.
രണ്ട് സംഗമങ്ങളിലും തന്ത്രി
രണ്ട് സംഗമങ്ങളിലും പങ്കെടുത്ത് തന്ത്രി കണ്ഠര് മോഹനര്. ശനിയാഴ്ച ദേവസ്വം ബോർഡ് പമ്പയിൽ സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമത്തിലും തിങ്കളാഴ്ച പന്തളത്ത് ശബരിമല കർമസമിതിയുടെ സെമിനാറിലും തന്ത്രി പങ്കെടുത്തു. മകൻ മഹേഷ് മോഹനരും ഒപ്പമുണ്ടായിരുന്നു.
‘‘എല്ലാം അയ്യപ്പന്‍റെയല്ലേ, നമുക്ക് രാഷ്ട്രീയമില്ല. എല്ലാം ഭംഗിയായി നടക്കട്ടെ’’ -എന്നായിരുന്നു ഇതുസംബന്ധിച്ച് തന്ത്രിയുടെ പ്രതികരണം. ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് ജി. രാമൻ നായരും ശബരിമല സംരക്ഷണ സംഗമത്തിനെത്തി. സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളുടെ വൻനിരയും പന്തളത്ത് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

