ശബരിമല തീർഥാടകർക്ക് യാത്രാ സൗകര്യമൊരുക്കി കേരള പൊലീസ്; റോഡ് പണി, താളംതെറ്റി കെ.എസ്.ആർ.ടി.സി സർവിസുകൾ
text_fieldsശബരിമല: ശബരിമല തീർഥാടകർക്ക് യാത്രാ സൗകര്യം ഒരുക്കി കേരള പൊലീസ്. കെ.എസ്.ആർ.ടി.സി ബസുകൾ കുറവായതിനാൽ എസ്.പി ഇടപെട്ട് പൊലീസ് ബസിലാണ് തീർഥാടകർക്ക് യാത്രാ സൗകര്യം ഒരുക്കിയത്. പമ്പ-ചാലക്കയം റോഡിലെ നിർമാണ പ്രവൃത്തികളാണ് നിലക്കൽ-പമ്പ റൂട്ടിലെ കെ.എസ്.ആർ.ടി.സി സർവിസുകളെയും ബാധിച്ചത്. റോഡ് പണി കാരണം നിലക്കൽ-പമ്പ സർവിസിന് മതിയായ കെ.എസ്.ആർ.ടി.സി ബസുകൾ ഉണ്ടായില്ല. ഇതോടെ എസ്.പി ആർ. ആനന്ദ് ഇടപെട്ട് പൊലീസ് ബസിൽ തീർഥാടകർക്ക് യാത്രാസൗകര്യം ഒരുക്കുകയായിരുന്നു.
ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. മതിയായ ബസുകൾ ഇല്ലാത്തതിനാൽ കൂടുതൽ ബസുകൾ എത്തിക്കണമെന്ന് പൊലീസ് കെ.എസ്.ആർ.ടി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ ബസുകൾ എത്തിക്കുമെന്നും നടപടി ഉണ്ടാകുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. അതേസമയം, പമ്പ-ചാലക്കയം റോഡ് നിർമാണം താത്കാലികമായി നിർത്തിവെച്ചു. ശബരിമല പാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെയാണ് റോഡ് പണി താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചത്.
മാസപൂജക്ക് തിരക്ക് കൂടുതലായതിനാൽ സ്ഥിതി സങ്കീർണമാകുമെന്ന് പൊലീസും മുന്നറിയിപ്പ് നൽകിയിരുന്നു. സാമ്പത്തിക ബാധ്യതയാണെന്ന് അറിയിച്ചതോടെ ദേവസ്വം ബോർഡിൽനിന്ന് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തതാണ് പമ്പ-ചാലക്കയം റോഡ്. എന്നാൽ, ഏറ്റെടുത്ത റോഡിൽ അറ്റകുറ്റപ്പണികൾ നടത്താൻ വൈകി. കഴിഞ്ഞദിവസം മാത്രമാണ് റോഡിന്റെ പ്രവൃത്തികൾ ആരംഭിക്കാനായത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

