ശബരിമല തീർഥാടനം: മണ്ഡല-മകരവിളക്ക് കാലത്തിന് മുമ്പ് നടപടി പൂർത്തിയാക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: സുഗമവും സുരക്ഷിതവുമായ ശബരിമല തീർഥാടനം ഉറപ്പുവരുത്താനുള്ള നടപടി മണ്ഡല-മകരവിളക്ക് കാലത്തിന് മുമ്പ് പൂർത്തിയാക്കണമെന്ന് ഹൈകോടതി. ക്രമസമാധാനം, യാത്രസൗകര്യം, അടിസ്ഥാന സൗകര്യം തുടങ്ങിയവയെല്ലാം സീസണ് മുമ്പ് ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ശരംകുത്തിയിലെ ബി.എസ്.എൻ.എൽ ടവറിൽനിന്ന് കേബിൾ മോഷ്ടിക്കുകയും വസ്തുവകകൾക്ക് കേടുപാട് വരുത്തുകയും ചെയ്ത സംഭവത്തിൽ സ്വമേധയ സ്വീകരിച്ച ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം.
സുഗമമായ യാത്രസൗകര്യം കെ.എസ്.ആർ.ടി.സിയും ജലവിതരണ നടപടി വാട്ടർ അതോറിറ്റിയും അന്നദാനവും ചുക്കുവെള്ള വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശബരിമല സ്പെഷൽ കമീഷണറും ഉറപ്പുവരുത്തണം. ഇതിന്‍റെ ക്രമീകരണങ്ങൾ അറിയിക്കുകയും വേണം. മണ്ഡലം -മകരവിളക്ക് സീസണ് മുമ്പ് ശബരിമല, പമ്പ, നിലക്കൽ മേഖലകളിൽ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കണമെന്ന് ദേവസ്വം ബോർഡിനും നിർദേശം നൽകി.
കൂടുതൽ സി.സി ടി.വികൾ സ്ഥാപിക്കുകയും മുഴുസമയവും നിരീക്ഷണം ഉറപ്പുവരുത്തുകയും വേണമെന്ന് നിർദേശിച്ച കോടതി, ബുധനാഴ്ച ഹരജി വീണ്ടും പരിഗണിക്കാൻ മാറ്റി. യാത്രനിരക്കുമായി ബന്ധപ്പെട്ട കാര്യങ്ങളടക്കം കെ.എസ്.ആർ.ടി.സി അന്ന് വിശദീകരിക്കും. അതേസമയം, സുരക്ഷ ഉറപ്പാക്കാനുള്ള മുൻകരുതൽ നടപടി സംബന്ധിച്ച റിപ്പോർട്ട് പത്തനംതിട്ട ജില്ല പൊലീസ് മേധാവി കോടതിയിൽ സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

