ശബരിമല തീർഥാടനം 16 മുതൽ; ദിവസം 1000 പേർക്ക് ദർശനം
text_fieldsതിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് നവംബര്‍ 16ന് തുടക്കമാകും. നവംബര്‍ 15ന് വൈകുന്നേരം ക്ഷേത്രനട തുറക്കും. 16 മുതല്‍ 26 വരെയാണ് മണ്ഡലപൂജ മഹോത്സവം. മകരവിളക്ക് ഉത്സവത്തിന് ക്ഷേത്രനട ഡിസംബർ 30ന് തുറക്കും. മകരവിളക്കുത്സവം ജനുവരി 20 വരെയാണ്.
തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഡിസംബർ 26നാണ്. ജനുവരി 14നാണ് മകരവിളക്ക്. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ആയിരിക്കും ഭക്തരുടെ പ്രവേശനം.
ആഴ്ചയിലെ ആദ്യ അഞ്ച് ദിവസം 1000 വീതവും ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 വീതവും ഭക്തർക്കാണ് ദര്‍ശനത്തിന് അനുമതി. മണ്ഡലപൂജ, മകരവിളക്ക് ദിവസങ്ങളില്‍ 5000 വീതം ഭക്തര്‍ക്ക് പ്രവേശനം ലഭിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ. എൻ. വാസു വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഭക്തര്‍ നിര്‍ബന്ധമായും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് എന്നിവ കൊണ്ടുവരണം. 24 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് കൈയില്‍ കരുതേണ്ടത്. പമ്പ നദിക്കരയില്‍ കുളിക്കാനായി ഷവറുകള്‍ ക്രമീകരിക്കും. പമ്പയിലും സന്നിധാനത്തും വിരിവെക്കാനും താമസത്തിനും സൗകര്യം ഉണ്ടാവില്ല. ദര്‍ശനം പൂര്‍ത്തിയാക്കിയാല്‍ പമ്പയിലേക്ക് മടങ്ങണം.
നിലയ്ക്കലില്‍ ചെറിയ തോതില്‍ വിരിവെക്കാന്‍ സൗകര്യം നല്‍കും. നെയ്യഭിഷേകം ഉണ്ടാവില്ല. ഭക്തര്‍ ഇരുമുടി കെട്ടില്‍ കൊണ്ടുവരുന്ന തേങ്ങയിലെ നെയ്യ് ദേവസ്വം ജീവനക്കാര്‍ പ്രത്യേക കൗണ്ടറുകളില്‍ ശേഖരിച്ച് അഭിഷേകം നടത്തും. ദര്‍ശനത്തിന് വരുന്നവർ നിര്‍ബന്ധമായി മാസ്കും കൈയുറകളും ധരിക്കണം.