ശബരിമല തീർഥാടനം: ഇളവുകൾക്കായി ബോർഡ് നിർദേശങ്ങൾ സമർപ്പിച്ചു
text_fieldsശബരിമല: തീർഥാടനത്തിൽ നിലവിലെ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കാനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കാറിന് നിർദേശങ്ങൾ സമർപ്പിച്ചതായി പ്രസിഡൻറ് കെ. അനന്തഗോപൻ. തീർഥാടന ആചാരവുമായി ബന്ധപ്പെട്ട പമ്പ സ്‌നാനം അനുവദിക്കുക, തീർഥാടകരിൽ ആവശ്യമുള്ളവരെ എട്ട് മണിക്കൂർ എങ്കിലും സന്നിധാനത്ത് തങ്ങാൻ അനുവദിക്കുക, കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സുരക്ഷിതമായി നെയ്യഭിഷേകത്തിന് അവസരം നൽകുക എന്നിവയാണ് ആവശ്യങ്ങൾ.
ട്രാക്ടർ പാത വഴി തീർഥാടകർ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് പ്രയാസം ഉണ്ടാക്കുന്നുണ്ട്. നീലിമല പാത വഴിയുള്ള യാത്ര അനുവദിക്കാനുള്ള മുന്നൊരുക്കം ദേവസ്വം ബോർഡ് നടത്തിയിട്ടുണ്ട്. രണ്ട് ആശുപത്രികളും ഏഴ് ഓക്‌സിജൻ പാർലറുകളും സജ്ജമാക്കി. സന്നിധാനത്ത് 358 ഓളം മുറികൾ താമസ യോഗ്യമാക്കി.
ബോർഡിെൻറ ആവശ്യങ്ങളിൽ അനുകൂല നിലപാട് ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾക്കൊപ്പം ആന്ധ്രയിലെയും തമിഴ്‌നാട്ടിലെയും വെള്ളപ്പൊക്കവും തീർഥാടകർ കുറയാൻ കാരണമായി. വരുംദിവസങ്ങളിൽ കൂടുതൽ തീർഥാടകരെ പ്രതീക്ഷിക്കുന്നതായും അദ്ദേഹം സന്നിധാനത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു. എക്‌സിക്യുട്ടിവ് ഓഫിസർ വി. കൃഷ്ണകുമാര വാര്യരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

