ശബരിമല തീർഥാടനത്തിന് തുടക്കം; നട തുറന്നു, പുതിയ മേൽശാന്തിമാർ ചുമതലയേറ്റു
text_fieldsപത്തനംതിട്ട: മണ്ഡല, മകരവിളക്ക് തീർഥാടനത്തിന് തുടക്കം കുറച്ചു. വൈകിട്ട് നാലിന് ശബരിമല നട തുറന്നു. പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാർ ചുമതലയേല്‍ക്കുന്നതാണ് ഇന്നത്തെ പ്രധാന ചടങ്ങ്. തീർഥാടനത്തിനായി ശബരിമല ഒരുങ്ങി. മേല്‍ശാന്തി ഇഡി പ്രസാദ് നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിയിക്കും. കണ്ഠരര് ബ്രഹ്മദത്തന്‍റെ കാർമികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക.
ആഴിയില്‍ അഗ്നി പകർന്ന ശേഷം നിയുക്ത ശബരിമല മേല്‍ശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയേയും മാളികപ്പുറം മേല്‍ശാന്തി എ. ദമോദരൻ നമ്പൂതിരിയേയും സോപാനത്തേക്ക് ആനയിക്കും. തീർഥാടനം തുടങ്ങാനിരിക്കെ പമ്പയില്‍ ജലവിതരണം തടസ്സപ്പെടുത്തിയത് കണ്ടെത്തിയതിനാല്‍ എല്ലായിടത്തും ജാഗ്രത വേണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ശുചിമുറിയിലേക്കുള്ള ജലവിതരണം തടസ്സപ്പെടുത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ ദേവസ്വം ബോർഡ് ഗാർഡുമാരെ നിയോഗിച്ചിട്ടുണ്ട്. അതേസമയം പമ്പയിലെ ശുചിമുറികളുടെ ക്ലീനിങ് ടെൻഡർ ഇതുവരെ ആയില്ല. മുഖ്യമന്ത്രി നേരിട്ടെത്തി വൃത്തിയായി സൂക്ഷിക്കണമെന്ന് നിർദേശം നല്‍കിയിരുന്നു. ടെൻഡർ ആകാത്തതിനാല്‍ ദേവസ്വം ജീവനക്കാരെയാണ് ശുചിമുറി വൃത്തിയാക്കാൻ നിയോഗിച്ചിരിക്കുന്നത്. സുരക്ഷിതയാത്ര ഒരുക്കാനുള്ള മോട്ടോർ വാഹനപദ്ധതിയായ 'സേഫ് സോൺ' പദ്ധതിയും ഫണ്ട് കിട്ടാത്തിനാല്‍ അനിശ്ചിത്വത്തിലാണ്. സുരക്ഷക്കായി 5000 പൊലീസുകാരെയാണ്ശബരിമലയില്‍ വിന്യസിച്ചിരിക്കുന്നത്.

