ശരണവഴികൾ വീണ്ടും ഉണർന്നു; സായുജ്യമടഞ്ഞ് ഭക്തർ
text_fieldsശബരിമല: മഹാപ്രളയത്തെ തുടർന്ന് തീർഥാടനം തടസ്സപ്പെട്ട ശബരിമലയിൽ വീണ്ടും ശരണാരവങ്ങൾ ഉയർന്നു. കന്നിമാസ പൂജകൾക്കായി ഞായറാഴ്ച വൈകീട്ട് അഞ്ചിന് നടതുറന്ന ശബരിമലയിൽ ഇരുമുടിക്കെട്ടുമേന്തി ദർശനത്തിനെത്തിയത് ആയിരക്കണക്കിന് തീർഥാടകർ. ഞായറാഴ്ച തന്ത്രിയായി ചുമതലയേറ്റ കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.വി. ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് നട തുറന്നത്. കർക്കടകമാസ പൂജകൾക്ക് ശേഷം ആദ്യമായാണ് സന്നിധാനമാകെ ശരണം വിളികളാൽ മുഖരിതമായത്.
തീർഥാടകരെ കടത്തിവിട്ടു തുടങ്ങിയതിന് ഒപ്പം അകമ്പടിയെന്നോണം മഴയും പെയ്തിറങ്ങി. ചിങ്ങത്തിൽ പ്രളയം കാരണം പമ്പാനദി മുറിച്ചുകടക്കാൻ കഴിയാതിരുന്നതിനാൽ ക്ഷേത്രദർശനം മുടങ്ങിയവരുടെ നീണ്ട കാത്തിരിപ്പിനാണ് ഞായറാഴ്ച നടതുറന്നതോടെ വിരാമമായത്. ഞായറാഴ്ച രാവിലെ മുതൽ പമ്പയിലേക്ക് ഭക്തർ എത്തിതുടങ്ങിയിരുന്നു. ഈ മാസം മുതൽ നിലക്കൽവരെ മാത്രേമ സ്വകാര്യ വാഹനങ്ങൾ അനുവദിക്കൂ എന്ന ദേവസ്വം ബോർഡ് തീരുമാനം നടപ്പാക്കിയതിനാൽ വാഹന പാർക്കിങ് നിലക്കൽ മാത്രമായി. അവിടെ നിന്ന് 23 കി.മീ. അകലെയുള്ള പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി ചെയിൻ സർവിസ് ഏർപ്പെടുത്തിയിരുന്നു. ഞായറാഴ്ച 16 ബസുകൾ ക്രമീകരിച്ചിരുന്നു.
പ്രളയം നിമിത്തം പാടെ തകർന്നടിഞ്ഞ പമ്പയിൽ പുതുതായി ക്രമീകരിച്ച വഴിയിലൂടെയാണ് ഭക്തരെ സന്നിധാനത്തേക്ക് വിടുന്നത്. മാസപൂജ സമയത്ത് സാധാരണ ഉണ്ടാകുന്നതിനെക്കാൾ തിരക്ക് കുറവായിരുന്നു ഞായറാഴ്ച. ഇത് അധികൃതർക്ക് ആശ്വാസമായി. ദർശനത്തിനെത്തുന്നവർക്കെല്ലാം ആവശ്യമായ അപ്പം, അരവണ തുടങ്ങിയ നിവേദ്യങ്ങൾ സ്റ്റോക്കുള്ളതായി ദേവസ്വം ബോർഡ് അറിയിച്ചു. നടതുറെന്നങ്കിലും ഞായറാഴ്ച വിശേഷാൽ പൂജകൾ ഉണ്ടായിരുന്നില്ല.
നട തുറന്നപ്പോൾ മുതൽ തുടങ്ങിയ മഴ രാത്രിയിലും ഇടക്കിടെ പെയ്തു കൊണ്ടിരുെന്നങ്കിലും രാത്രി 10ന് നട അടക്കും വരെ തീർഥാടകരുടെ ഒഴുക്ക് തുടർന്നു. ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പദ്മകുമാർ, ശബരിമലയുടെ ചുമതലയുള്ള അഡീഷനൽ ചീഫ് സെക്രട്ടറി കമല വർധനറാവു, ദേവസ്വം സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ദേവസ്വം കമീഷണർ എൻ. വാസു, പത്തനംതിട്ട കലക്ടർ പി.ബി. നൂഹ് തുടങ്ങിയവർ നട തുറക്കുമ്പോൾ സന്നിഹിതരായിരുന്നു.
പമ്പ സാധാരണ നിലയിൽ; കടകളും സൗകര്യങ്ങളും കുറവ്
ശബരിമല: പ്രളയകാലത്ത് കുലംകുത്തി ഗതിമാറി ഒഴുകിയ പമ്പ ഇപ്പോൾ സാധാരണ നിലയിൽ. മണ്ണും ചളിയും നീക്കിയും പുതിയ ബണ്ടുകൾ നിർമിച്ചും മണൽചാക്കുകൾ അടുക്കിയുമാണ് പമ്പയെ പഴയ വഴിയിലൂടെ തിരിച്ചുവിട്ടിരിക്കുന്നത്. ഇതോടെ തീർഥാടകർക്ക് പമ്പയിലൂടെ സന്നിധാനത്തേക്ക് സുഗമമായി പോകാം. പമ്പയിൽ ചെറിയ നീരൊഴുക്ക് മാത്രമാണുള്ളത്. മാലിന്യം ഒഴിഞ്ഞ് ശുദ്ധമായതിനാൽ തീർഥാടകർക്ക് ആചാരാനുഷ്ഠാനങ്ങൾ പാലിച്ച് പമ്പയിൽ സ്നാനം നടത്താനായി.
ഞായറാഴ്ച രാവിലെ മുതൽ പമ്പയിലേക്ക് തീർഥാടകർ എത്തിത്തുടങ്ങിയിരുന്നു. പമ്പ ത്രിവേണിയിൽ പരമ്പരാഗതമായി ഉണ്ടായിരുന്ന വഴികളെല്ലാം വെള്ളപ്പാച്ചിലിൽ മണ്ണും കല്ലും മരത്തടികളും നിറഞ്ഞ് പൂർണമായി അടഞ്ഞതിനാൽ പുതിയ വഴിയൊരുക്കിയാണ് തീർഥാടകരെ കടത്തിവിടുന്നത്. പ്രളയകാലത്ത് പമ്പ ത്രിവേണിയിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായത്. കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ പമ്പയിലേക്ക് വരുന്ന എല്ലാ വഴികളും പലയിടത്തും തകർന്നിരുന്നു.
ഇത് സംബന്ധിച്ച് തീർഥാടകർക്ക് ആശങ്ക ഉണ്ടായിരുന്നതിനാൽ കന്നിമാസ പൂജക്കായി നടതുറന്ന ഞായറാഴ്ച തിരക്ക് നന്നേ കുറവായിരുന്നു. പമ്പയിലെ വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളുമെല്ലാം തകർന്നതിനാൽ ഇവിടെ എത്തുന്നവർക്ക് ഭക്ഷണവസ്തുക്കൾക്ക് ബുദ്ധിമുട്ടുണ്ട്. പമ്പയിൽ ദേവസ്വം ബോർഡിെൻറ അന്നദാനം തുടങ്ങാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
