Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല തീർഥാടനം:...

ശബരിമല തീർഥാടനം: ഡിസംബര്‍ 26ന് ശേഷം ആര്‍.ടി.പി.സി.ആര്‍. പരിശോധന നിര്‍ബന്ധം

text_fields
bookmark_border
sabarimala
cancel

തിരുവനന്തപുരം: ശബരിമല തീർഥാടനത്തോട് അനുബന്ധിച്ച് കോവിഡ് 19 രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പുതുക്കിയ ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. 2020 ഡിസംബര്‍ 26ന് മണ്ഡലമാസ പൂജക്ക് ശേഷം വരുന്ന എല്ലാ തീർഥാടകരും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തണം. എല്ലാ തീർഥാടകരും നിലക്കലില്‍ എത്തുന്നതിന് 24 മണിക്കൂര്‍ മുമ്പ് ഐ.സി.എം.ആറിന്‍റെ അംഗീകാരമുള്ള എന്‍.എ.ബി.എല്‍ അക്രെഡിറ്റേഷനുള്ള ലാബില്‍ നിന്നെടുത്ത ആര്‍.ടി.പി.സി.ആര്‍, ആര്‍.ടി. ലാമ്പ്, എക്‌സ്പ്രസ് നാറ്റ് തുടങ്ങിയ ഏതെങ്കിലും പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതാണ്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയാണ് പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങൾ പുറത്തുവിട്ടത്.

പുതുക്കിയ ആരോഗ്യ മാര്‍ഗ നിര്‍ദേശങ്ങള്‍:

1. എല്ലാവരും കോവിഡ്-19 മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മല കയറുമ്പോള്‍ ശാരീരിക അകലം പാലിക്കണം. അടുത്തിടപഴകുന്നത് മൂലം വളരെ കുറച്ച് പേരില്‍ നിന്നും വളരെയധികം പേരിലേക്ക് പെട്ടന്ന് രോഗം പകരുന്ന സൂപ്പര്‍ സ്‌പ്രെഡിങ് സംഭവിക്കുന്നത് ഒഴിവാക്കുക. തീര്‍ഥാടകര്‍ക്കിടയില്‍ അടുത്ത ബന്ധം ഒഴിവാക്കണം. തീര്‍ഥാടകരുടെ എണ്ണം ഒരു നിശ്ചിത സംഖ്യയിലേക്ക് പരിമിതപ്പെടുത്തേണ്ടത് പ്രധാനമാണ്.

2. ഫലപ്രദമായി കൈകഴുകല്‍, ശാരീരിക അകലം പാലിക്കല്‍, ഫെയ്‌സ് മാസ്‌കുകളുടെ ഉപയോഗം എന്നിവ ഉള്‍പ്പെടെ യാത്ര ചെയ്യുമ്പോള്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും തീർഥാടകര്‍ പാലിക്കേണ്ടതാണ്. സാനിറ്റൈസര്‍ കൈയ്യില്‍ കരുതണം.

3. അടുത്തിടെ കോവിഡ് ബാധിച്ച അല്ലെങ്കില്‍ പനി, ചുമ, ശ്വസന ലക്ഷണങ്ങള്‍, ക്ഷീണം, ഗന്ധം തിരിച്ചറിയാന്‍ പറ്റുന്നില്ല തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ തീര്‍ഥാടനത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കേണ്ടതാണ്.

4. ഡ്യൂട്ടിയില്‍ വിന്യസിക്കുന്നതിന് മുമ്പ് പരിശോധന നടത്തിയിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥരില്‍ നിന്നുള്ള പോസിറ്റീവ് രോഗികളുടെ എണ്ണം വളരെ കൂടുതലായതിനാല്‍ പരിശോധനയിലും മാറ്റം വരുത്തിയിട്ടുണ്ട്. 2020 ഡിസംബര്‍ 26ന് മണ്ഡലമാസ പൂജക്ക് ശേഷം വരുന്ന എല്ലാ തീർഥാടകരും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തേണ്ടതാണ്. എല്ലാ തീർഥാടകരും നിലക്കലില്‍ എത്തുന്നതിന് 24 മണിക്കൂര്‍ മുമ്പ് ഐ.സി.എം.ആറിന്‍റെ അംഗീകാരമുള്ള എന്‍.എ.ബി.എല്‍ അക്രെഡിറ്റേഷനുള്ള ലാബില്‍ നിന്നെടുത്ത ആര്‍.ടി.പി.സി.ആര്‍, ആര്‍.ടി. ലാമ്പ്, എക്‌സ്പ്രസ് നാറ്റ് തുടങ്ങിയ ഏതെങ്കിലും പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതാണ്.

5. ശബരിമലയില്‍ ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും ആര്‍.ടി.പി.സി.ആര്‍, ആര്‍.ടി. ലാമ്പ് അല്ലെങ്കില്‍ എക്‌സ്പ്രസ് നാറ്റ് പരിശോധന നടത്തേണ്ടതാണ്.

6. ശബരിമലയില്‍ എത്തുമ്പോള്‍ തീർഥാടകരും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും കുറഞ്ഞത് ഓരോ 30 മിനിറ്റിലും കൈ കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യണം. സാധ്യമാകുന്നിടത്ത് 6 അടി ശാരീരിക അകലം പാലിക്കുകയും മാസ്‌കുകള്‍ ശരിയായി ധരിക്കുകയും വേണം.

7. കോവിഡില്‍ നിന്നും മുക്തരായ രോഗികള്‍ക്ക് ശാരീരിക പ്രശ്‌നങ്ങള്‍ ദീര്‍ഘകാലം നീണ്ടു നിന്നേക്കാം. മലകയറ്റം പോലുള്ള ആയാസകരമായ പ്രവര്‍ത്തികളില്‍ ഇത് പ്രകടമായേക്കാം. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനാല്‍ മലകയറുന്നതിന് മുമ്പ് ശാരീരികക്ഷമത ഉറപ്പ് വരുത്തേണ്ടതാണ്.

8. നിലക്കലിലും പമ്പയിലുമുള്ള ആളുകളുടെ കൂട്ടംകൂടല്‍ ഒഴിവാക്കേണ്ടതാണ്. ഓരോ ഉപയോഗത്തിന് ശേഷവും ടോയ്‌ലറ്റുകള്‍ അണുവിമുക്തമാക്കണം. തീര്‍ഥാടകര്‍ മലയിറങ്ങിയ ശേഷം കൂട്ടം കൂടാതെ പോകുന്ന തരത്തില്‍ മടക്കയാത്ര ആസൂത്രണം ചെയ്യണം.

9. തീർഥാടകര്‍ക്കൊപ്പമുള്ള ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍, പാചകക്കാര്‍ തുടങ്ങിയ എല്ലാവരും ആരോഗ്യ വകുപ്പിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

ലോകത്തിന്‍റെ പല ഭാഗങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും തീർഥാടനങ്ങളോട് അനുബന്ധിച്ച് അതിതീവ്ര വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ ശബരിമല തീർഥാടനകാലം സുരക്ഷിതമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എങ്കിലും ഇതുവരെ 51 തീർഥാടകര്‍ക്കും 245 ജീവനക്കാര്‍ക്കും 3 മറ്റുള്ളവര്‍ക്കും ഉള്‍പ്പെടെ 299 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഈ കാലത്ത് പത്തനംതിട്ടയില്‍ 31 ശതമാനവും കോട്ടയത്ത് 11 ശതമാനവും കേസുകളില്‍ വര്‍ധനവുണ്ടായെന്നാണ് റിപ്പോര്‍ട്ട്. അതോടൊപ്പം തെരഞ്ഞെടുപ്പ് മൂലമുണ്ടായ ആള്‍ക്കാരുടെ ഇടപെടലും രോഗഭീഷണിയായി മാറിയിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ എല്ലാവരും ആരോഗ്യ വകുപ്പിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

മോശം വായുസഞ്ചാരമുള്ള അടച്ച ഇടങ്ങള്‍, ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങള്‍, മുഖാമുഖം അടുത്ത സമ്പര്‍ക്കം വരുന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗവ്യാപന സാധ്യതയുള്ളത്. അതിനാല്‍ തന്നെ ഈ സ്ഥലങ്ങളില്‍ ഏറെ ജാഗ്രത വേണം. ഏങ്കില്‍ രോഗ വ്യാപന സാധ്യത വളരെയധികം കുറക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala PilgrimSabarimala Newshealth Precautions
Next Story