ശബരിമലയെ കുറിച്ചുള്ള പ്രചരണങ്ങൾ സത്യമല്ല -എ. പത്മകുമാർ
text_fieldsതിരുവനന്തപുരം: ശബരിമലയെ കുറിച്ചുള്ള പ്രചരണങ്ങൾക്ക് സത്യവുമായി ബന്ധമില്ലാത്തതെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് എ. പത്മകുമാർ. പമ്പയിലെ പാലത്തിന്‍റെ നിർമാണം മകരവിളക്കിന് ശേഷം തുടങ്ങും. നിലയ്ക്കലിൽ സൗകര്യങ്ങൾ ഈ വർഷം വർധിപ്പിച്ചു. ശബരിമലയിലും പമ്പയിലും കഴിഞ്ഞ വർഷത്തെ അതേ സൗകര്യങ്ങൾ ഇപ്പോഴുമുണ്ട്.
യുവതി പ്രവേശന വിധിക്ക് ശേഷം ക്ഷേത്രങ്ങളെ തകർക്കാൻ പ്രചരണം നടക്കുന്നു. ശബരിമലയിലെ വരുമാനം കുറഞ്ഞാൽ 1200ഓളം ക്ഷേത്രങ്ങളുടെ പ്രവർത്തനത്തെ ബാധിക്കും. യഥാർഥ വിശ്വാസികളായ യുവതികളൊന്നും ഇതുവരെ വന്നിട്ടില്ല. സൗകര്യങ്ങൾ സംബന്ധിച്ച് മനുഷ്യാവകാശ കമീഷൻ തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാവരുടെയും താൽപര്യം പരിഗണിക്കാൻ കഴിഞ്ഞെന്ന് വരില്ല. ബയോ ടോയ്‌ലെറ്റുകൾ കൂടുതൽ സ്ഥാപിക്കും.
പുനഃപരിശോധനാ ഹരജി നൽകിയാൽ പ്രശ്നമുണ്ടാകുമെന്ന് ഉപദേശം ലഭിച്ചു. 1258 ക്ഷേത്രങ്ങളെ മുൻനിർത്തിയേ തീരുമാനമെടുക്കാൻ കഴിയൂ. ഹരജി എത്രയും വേഗം പരിഗണിക്കട്ടെ. പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് ഉറച്ച വിശ്വാസം. സാവകാശ ഹരജി വൈകിപ്പിക്കാൻ ശ്രമമില്ലെന്നും ദേവസ്വം പ്രസിഡന്‍റ് വ്യക്തമാക്കി.
ശബരിമല സമരകേന്ദ്രമെന്ന നിലയിൽ നിന്ന് ഒഴിവാക്കണം. ശബരിമല വിഷയത്തിൽ ആരുമായും ചർച്ചക്ക് തയാറാണ്. പൊലീസ് സാന്നിധ്യം ദേവസ്വം ബോർഡിനെ ബാധിക്കുന്ന കാര്യമല്ല. സുരക്ഷ സർക്കാറിന്‍റെ ചുമതലയാണ്. വിലക്ക് മാറ്റാൻ സർക്കാരുമായി ചർച്ച നടത്തിയെന്നും പത്മകുമാർ പറഞ്ഞു.
മൂന്ന് ക്ഷേത്രങ്ങൾക്കായി 92 കോടി രൂപയാണ് അനുവദിച്ചത്. ശബരിമലക്കായി അനുവദിച്ചത് 6 കോടിയാണ്. 1,23,60,000 മാത്രമാണ് ഇപ്പോൾ പാസായത്. ഹൈപവർ കമ്മറ്റിയാണ് നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നത്. ദേവസ്വം ബോർഡ് അറിയാതെ കൺസൾട്ടന്‍റിനെ നിയോഗിച്ചെന്നും പത്മകുമാർ പറഞ്ഞു.
പരാതികൾ ഉന്നയിക്കേണ്ടത് ദേവസ്വം ബോർഡിനോടോ സർക്കാരിനോടോ ആണ്. ഉദ്യോഗസ്ഥരോട് കയർത്തിട്ട് കാര്യമുണ്ടോ? നിരോധനാജ്ഞ വിഷയം സർക്കാർ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
