‘‘ചെമ്പെടാ ഇത് ചെമ്പെടാ.. സ്വർണമല്ല ചെമ്പെടാ..’’; തുളച്ചുകയറി മുദ്രാവാക്യം; പുളഞ്ഞ് ഭരണപക്ഷം
text_fieldsതിരുവനന്തപുരം: ‘‘ഛോർ ഹേ, ഛോർ ഹേ, എൽ.ഡി.എഫ് ഛോർ ഹേ’’.. പ്രതിപക്ഷ പ്രതിഷേധം തിളക്കുന്നതിനിടെ സഭയിൽ മുദ്രാവാക്യങ്ങളുടെ ഭാഷയും ഭാവവും മാറിയത് ഭരണപക്ഷത്തിന് തീക്കാറ്റേറ്റ പോലെയായി. സ്പീക്കറെ നോക്കി സംസാരിക്കണമെന്നാണ് ചട്ടമെങ്കിലും നിവർന്ന് നോക്കിയാൽ കണ്ണിലുടക്കുന്നത് ‘അമ്പലം വിഴുങ്ങികൾ’’ എന്ന കൂറ്റൻ ഫ്ലക്സ്.
പോരാത്തിന് പല ഭാഷകളിൽ ചങ്കിൽ തറക്കുന്ന മുദ്രാവാക്യങ്ങൾ. ആദ്യ ദിവസം ‘അയ്യയ്യേ ഇത് നാണക്കേട്’ പോലെ ക്ലീഷേ വരികളായിരുന്നെങ്കിൽ രണ്ടാം ദിവസം മൂർച്ചയേറിയ സർഗാത്മകതയിലേക്ക് പ്രതിപക്ഷം ചുവടുമാറി. വടകര ഉപതെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് സ്ഥാനാർഥിയായ ഷാഫി പറമ്പിൽ ക്ഷേത്രോത്സവത്തിലേക്കെത്തുമ്പോൾ ‘ചെമ്പടയിത് ചെമ്പട’ എന്ന ഡി.വൈ.എഫ്.ഐയുടെ ആവേശ മുദ്രാവാക്യം തന്നെ പ്രതിപക്ഷവും ആയുധമാക്കി.
‘ചെമ്പെടായിത് ചെമ്പെടാ, സ്വർണമല്ല ചെമ്പെടാ..’ എന്നായിരുന്നു വരികൾ. തെറ്റിവിളിച്ചതാകുമോയെന്ന് ആദ്യം ഭരണപക്ഷവും ചെറുതായെന്ന് സംശയിച്ചു. വീണ്ടും കേട്ടപ്പോൾ കാര്യം തിരിഞ്ഞു. പക്ഷേ അപ്പോഴേക്കും പ്രതിപക്ഷം ലൈൻ മാറ്റി. ‘സ്വർണം കട്ട, ചെമ്പട, കള്ളൻമാരുടെ ചെമ്പട’ എന്ന് വിളി മാറിയതോടെ ഭരണപക്ഷത്തിന്റെ സംശയം മാറിക്കിട്ടി. ഇതിനിടെ, ടി.സിദ്ദീഖ് ഹിന്ദിയിലേക്ക് അൽപമൊന്ന് മാറ്റിപ്പിടിച്ചു. അങ്ങനെയാണ് ‘ഛോർ ഹേ, ഛോർ ഹേ, പൂരാ പൂരാ ഛോർ ഹേ, എൽ.ഡി.എഫ് ഛോർ ഹേ’ എന്ന് ഉയർന്ന് കേൾക്കാൻ തുടങ്ങിയത്. ഇത് ഭരണപക്ഷ ബെഞ്ചിനെ അസ്വസ്ഥമാക്കി. ഇത് മനസ്സിലാക്കിയ പ്രതിപക്ഷം മുദ്രാവാക്യം അൽപം കനത്തിൽ കൈചൂണ്ടി വിളിക്കാനും തുടങ്ങി.
‘ഛോർ ഹേ’ മുദ്രാവാക്യം വിളിക്കുന്ന പ്രതിപക്ഷത്തോട്, വയനാടിനോടുള്ള കേന്ദ്ര അവഗണനയിൽ ‘കം ഹേ, കം ഹേ, ആപ് കാ പി.എം.ഡി.ആർ.എഫ് കം ഹേ’ (കുറഞ്ഞുപോയി, കുറഞ്ഞുപോയി, പി.എം.ഡി.ആർ.എഫ് വിഹിതം കുറഞ്ഞുപോയി) എന്ന മുദ്രാവാക്യം മോദിക്കെതിരെ വിളിക്കാൻ തയ്യാറുണ്ടോ എന്നായിരുന്നു മന്ത്രി കെ.എൻ ബാലഗോപാലിന്റെ ചോദ്യം. ദേവസ്വം ബോർഡിന് മുന്നിലെ ആർ.എസ്.എസ് സമരത്തിലും നിയമസഭക്കുള്ളിലെ പ്രതിപക്ഷ സമരത്തിലും ഒരേ ഹിന്ദി മുദ്രാവാക്യമാണ് കേട്ടതെന്നും രണ്ടും ഒരാൾ തന്നെ എഴുതി കൊടുത്തതാണോ എന്നറിയില്ലെന്നും പരിഹസിച്ചു.
രണ്ടാം ദിനവും സഭ സ്തംഭിച്ചു
തിരുവനന്തപുരം: ശബരിമലയിലെ സ്വർണമോഷണ വിഷയത്തിൽ പ്രതിപക്ഷം തുടർച്ചയായി രണ്ടാം ദിവസം നിയമസഭ നടപടികൾ സ്തംഭിപ്പിച്ചു. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിന് ഉത്തരവിട്ട ഹൈകോടതിയുടെ ഗൗരവ പരാമർശങ്ങൾ ഉന്നയിച്ചും ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും പ്രതിപക്ഷം കടുത്ത പ്രതിഷേധമുയർത്തിയതോടെ ചോദ്യോത്തര വേള പാതിയിൽ റദ്ദാക്കിയ സ്പീക്കർ നടപടികൾ വേഗത്തിൽ അവസാനിപ്പിച്ചു. പിരിയും മുൻപ്, ബുധനാഴ്ച മുതലെങ്കിലും സഭ നടപടികൾ തുടരാനുള്ള സഹകരണ അഭ്യർഥന സ്പീക്കർ മുന്നോട്ടുവെച്ചത് ഭരണപക്ഷം നേരിടുന്ന സമ്മർദ്ദം വെളിപ്പെടുത്തുന്നതായി.
ഹൈകോടതി അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രതിപക്ഷം പിൻവാങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ഭരണപക്ഷമെങ്കിലും കാര്യങ്ങൾ നേരെ തിരിച്ചായിരുന്നു. ചോദ്യോത്തരവേള ആരംഭിച്ചത് മുതൽ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. നടപടികളിലേക്ക് സ്പീക്കർ കടക്കും മുമ്പേ പ്രതിപക്ഷ നേതാവ് എഴുന്നേറ്റു. സ്വർണം പൊതിഞ്ഞ ദ്വാരപാലക ശില്പം വിറ്റെന്ന ഹൈകോടതി കണ്ടെത്തൽ ഞെട്ടിക്കുന്നതാണെന്നും ലക്ഷക്കണക്കിന് വിശ്വാസികളെ ദേവസ്വം ബോർഡ് വഞ്ചിച്ചുവെന്നും സതീശൻ തുറന്നടിച്ചു. പിന്നാലെ പ്രതിപക്ഷം ബാനറുമായി സ്പീക്കറുടെ ഡയസിന് മുന്നിൽ നിലയുറപ്പിച്ചു.
പ്രതിപക്ഷത്തെ നേരിടാൻ എഴുന്നേറ്റത് രണ്ട് മന്ത്രിമാരാണ്. നിയമസഭാ നടപടി തുടർച്ചയായി സ്തംഭിപ്പിക്കുന്നത് ഹൈകോടതിയെ പോലും അംഗീകരിക്കാൻ പ്രതിപക്ഷം തയാറല്ല എന്നതിന് തെളിവാണെന്ന് മന്ത്രി രാജീവ് പറഞ്ഞു. ഉന്നത നീതിപീഠത്തിൽ പ്രതിപക്ഷത്തിന് വിശ്വാസം നഷ്ടപ്പെട്ടുവെന്നും കോടതിയെയും നിയമസഭയെയും ജനങ്ങളെയും അവർക്ക് ഭയമാണെന്നും എം.ബി രാജേഷും ആരോപിച്ചു. ബഹളം കനത്തതോടെ 20 മിനിട്ട് പിന്നിട്ടപ്പോഴേക്കും ചോദ്യോത്തര വേള സ്പീക്കർ നിർത്തിവെച്ചു.
9.57ന് വീണ്ടും സഭ ചേർന്നപ്പോഴും പ്രതിഷേധത്തിന് കുറവില്ലായിരുന്നു. ഇതോടെ ശ്രദ്ധ ക്ഷണിക്കലും സബ്മിഷനുമെല്ലാം നിർത്തി നിയമനിർമാണത്തിലേക്ക് സ്പീക്കർ കടന്നു. ഈ സമയത്താകട്ടെ, മലയാളം മാറി ഹിന്ദിയിലായി മുദ്രാവാക്യം. ബിൽ അവതരണ പ്രസംഗങ്ങളിൽ നിയമകാര്യം വിട്ട് പ്രതിപക്ഷത്തെ നേരിടുന്നതിലേക്ക് മന്ത്രിമാരായ കെ.എൻ ബാലഗോപാലും പി.രാജീവും വഴിമാറി. ബിൽ അവതരിപ്പിച്ചവരിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മാത്രമായിരുന്നു ഇതിന് അപവാദം. പ്രതിപക്ഷ ബഹളത്തിനിടെ നാല് ബില്ലുകളും ധനവിനിയോഗ ബില്ലും ചർച്ചയില്ലാതെ പാസാക്കി 11.15ന് സഭ പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

