ശബരിമല തീർഥാടകർക്ക് ഓൺലൈൻ ബുക്കിങ് തുടങ്ങി, 48 മണിക്കൂറിനകം മടങ്ങണം
text_fieldsതിരുവനന്തപുരം: ശബരിമല തീർഥാടകർക്ക് ദർശനത്തിനെത്തുന്ന ദിവസവും സമയവും ഓൺലൈൻ ആയി തെരഞ്ഞെടുക്കാൻ സംവിധാനം തുടങ്ങി. കാൽനടയായി പോകുന്നവർ ഒഴികെ നിലയ്ക്കലിൽ എത്തുന്ന തീർഥാടകർക്ക് കെ.എസ്.ആർ.ടി.സി ടിക്കറ്റ് നിർബന്ധമായതിനാൽ ടിക്കറ്റ് ബുക്കിങ്ങും ദർശന സമയം തെരഞ്ഞെടുക്കുന്നതും ഒരുമിച്ച് ലഭ്യമാകുന്ന തരത്തിലാണ് പോർട്ടൽ. കെ.എസ്.ആർ.ടി.സിയും പൊലീസും സംയുക്തമായാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്.
www.sabarimalaq.com എന്ന പോർട്ടലിൽ ബസ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതോടൊപ്പം ദർശന സമയവും ലഭ്യമാകും. www.keralartc.com എന്ന വൈബ്സൈറ്റിൽ നേരിട്ടും ടിക്കറ്റ് ബുക്ക് ചെയ്യാം. ഒരു ടിക്കറ്റിൽ 10 പേർക്ക് വരെ ബുക്ക് ചെയ്യാം. ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് പ്രിൻറ് യാത്രക്ക് കൊണ്ടുവരണം. 48 മണിക്കൂർ വരെ ഉപയോഗിക്കാവുന്ന റൗണ്ട് ട്രിപ് ടിക്കറ്റ് (നിലയ്ക്കൽ-പമ്പ-നിലയ്ക്കൽ) ലഭിക്കും. പമ്പയിൽനിന്ന് സന്നിധാനത്തേക്ക് മല കയറാം. ദർശനത്തിനുശേഷം പമ്പയിൽനിന്ന് നിലയ്ക്കലിലേക്ക് തിരിച്ചുപോകുന്നതിനും അതേ ടിക്കറ്റ് ഉപയോഗിക്കാം. 48 മണിക്കൂറിനകം തിരിച്ചുപോകണം.
കാൽനടയായി എത്തി ദർശനം കഴിഞ്ഞ് മടങ്ങുന്നവർക്ക് ഓൺലൈനായും പമ്പയിൽനിന്ന് ടിക്കറ്റ് ലഭിക്കും. പമ്പാസ്നാനത്തിനു ശേഷം തീർഥാടകരെ പമ്പയിൽ തുടരാൻ അനുവദിക്കില്ല. ഓൺലൈൻ ബുക്കിങ് ഇല്ലാതെ നിലയ്ക്കലിൽ എത്തുന്ന തീർഥാടകർക്ക് അവിടെയുള്ള കെ.എസ്.ആർ.ടി.സി ടിക്കറ്റ് കൗണ്ടറുകളിൽനിന്ന് മുൻഗണനക്രമത്തിൽ ടിക്കറ്റ് നൽകും.
മറ്റു സ്ഥലങ്ങളിൽനിന്ന് കെ.എസ്.ആർ.ടി.സി ബസിൽ നേരിട്ട് പമ്പയിൽ എത്തുന്നവർക്ക് നിലയ്ക്കലിൽനിന്ന് വീണ്ടും ബുക്കിങ് ആവശ്യമില്ല. മുൻ വർഷങ്ങളിൽ വെർച്വൽ ക്യൂ സംവിധാനം വഴി ബുക്ക് ചെയ്ത് എത്തുന്നവരെ മരക്കൂട്ടത്തുനിന്ന് നടപ്പന്തൽവരെ എത്തുന്നതിന് അനുവദിച്ചിരുന്നു. ഈ വർഷവും പരിമിതമായ എണ്ണം തീർഥാടകർക്ക് ഈ സൗകര്യമുണ്ട്. ഇതിന് www.sabarimalaq.com എന്ന പോർട്ടൽ ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.