പമ്പയില്‍ അധികമായി ചില ക്രമീകരണങ്ങള്‍ ആവശ്യം –നിരീക്ഷണ സമിതി
text_fieldsശബരിമല: പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച പമ്പയില്‍ അധികമായി ചില ക്രമീകരണങ്ങള്‍ ആവശ്യമാണെന്ന് ഹൈകോടതി നിയോഗിച്ച നിരീക്ഷണ സമിതി പറഞ്ഞു. സന്നിധാനത്തെ ക്രമീകരണങ്ങള്‍ വിലയിരുത്തിയശേഷം വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സമിതി അംഗങ്ങള്‍. അടിസ്ഥാന സൗകര്യം തകര്‍ന്നിട്ടുള്ളതിനാല്‍ പമ്പയിൽ സുരക്ഷക്കായി കൂടുതല്‍ നടപടി സ്വീകരിക്കണം.
കൂടുതല്‍ ശുചിമുറികള്‍ സജ്ജമാക്കണം. സന്നിധാനത്ത് ഒരുക്കിയ സൗകര്യം തൃപ്തികരമാണ്. ദര്‍ശനം നടത്തുന്നതിന് ബുദ്ധിമുട്ടുള്ള ഒരു സാഹചര്യവും പരിശോധനയില്‍ കാണാന്‍ കഴിഞ്ഞില്ല. നിലക്കലില്‍ ഒരുക്കിയ സൗകര്യങ്ങളും തൃപ്തികരമാണ്.
തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് കെ.എസ്.ആര്.ടി.സി നിലക്കലില്‍നിന്ന് ആവശ്യാനുസരണം ചെയിന്‍ സര്‍വിസുകള്‍ നടത്തണം. പമ്പയിലേയക്ക് സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കാത്തതിനാല്‍ കെ.എസ്.ആര്.ടി.സി സര്‍വിസ് കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തണമെന്നും സമിതി നിര്‍ദേശിച്ചു.
സമിതി തിങ്കളാഴ്ച ഹൈകോടതിക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് സമിതി അംഗം പി.ആർ. രാമൻ പറഞ്ഞു. ഒന്നര മണിക്കൂറിൽ അധികമാണ് എ.ഡി.ജി.പി അനിൽകാന്ത്, ഡി.ജി.പി ദിനേന്ദ്ര കശ്യപ്, സന്നിധാനം സ്പെഷൽ ഓഫിസർ കറുപ്പുസ്വാമി, പത്തനംതിട്ട ജില്ല പൊലീസ് മേധാവി ടി. നാരായണൻ എന്നിവരോട് സമിതി അംഗങ്ങൾ ചർച്ചചെയ്തത്.
പൊലീസും തീർഥാടകരുമായുള്ള ബന്ധം എങ്ങനെ സൗഹാർദപരമാക്കാം എന്നത് സംബന്ധിച്ച നിർദേശങ്ങൾ നിരീക്ഷണ സമിതി അംഗമായ ഡി.ജി.പി എ. ഹേമചന്ദ്രൻ നൽകും. അേതസമയം, മണ്ഡല-മകരവിളക്ക് കാലത്തോടനുബന്ധിച്ച് സന്നിധാനത്തും പരിസരപ്രദേശങ്ങളിലും ഏർപ്പെടുത്തിയിട്ടുള്ള മുന്നൊരുക്കത്തിൽ പൂർണമായ തൃപ്തിയില്ലെന്ന് ജസ്റ്റിസ് പി.ആർ. രാമൻ പറഞ്ഞു.
പമ്പയിൽ കൂടുതൽ ടോയ്ലറ്റ് സംവിധാനങ്ങൾ ഏർപ്പെടുത്താനും തീർഥാടകർക്കുള്ള കുടിവെള്ളം-ഗതാഗത സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും സമിതി ദേവസ്വം ബോർഡിന് നിർദേശം നൽകിയിട്ടുണ്ട്.
വലിയ നടപ്പന്തലിലൂടെ തിരക്കുള്ള സമയത്ത് ട്രാക്ടറുകള്‍ ഓടിക്കുന്നത് അപകടകരമായതിനാല്‍ ഇതിനായി മാസ്റ്റര്പ്ലാനിലുള്ള നിര്‍ദിഷ്ട ട്രാക്ടര്‍ പാത സമിതി പരിശോധിച്ചു. സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയുടെ പിന്നിലൂടെയുള്ള ഈ പാത ഗതാഗതയോഗ്യമാക്കുന്നതിനുള്ള തടസ്സങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് വനംവകുപ്പിന് നിര്‍ദേശം നല്കി.
അന്നദാന മണ്ഡപത്തിലെത്തി സമിതിയംഗങ്ങള്‍ തീർഥാടകരോട് വിവരങ്ങള്‍ ആരായുകയും ഇവര്‍ക്ക് ഭക്ഷണം വിളമ്പിനല്‍കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
