ശബരിമലയിൽ വിരി വെക്കുന്നതിനെ ചൊല്ലി തീർത്ഥാടകർ തമ്മിൽ കയ്യാങ്കളി; മൂന്ന് പേർക്ക് പരിക്കേറ്റു
text_fieldsശബരിമല : വിരി വെയ്ക്കുന്നതിനെ ചൊല്ലി സന്നിധാനത്ത് തീർത്ഥാടകർ തമ്മിൽ സംഘർഷം. മൂന്ന് തീർത്ഥാടകർക്ക് പരിക്കേറ്റു. പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ സന്നിധാനം വലിയ നടപ്പന്തലിൽ ആയിരുന്നു സംഭവം.
മകരജ്യോതി ദർശനത്തിനായി നടപ്പന്തലിൽ വിരിവെച്ച് വിശ്രമിക്കുന്ന ഇതര സംസ്ഥാന തീർത്ഥാടകർ തമ്മിൽ വിരി വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് വാക്കേറ്റത്തിലും കൈയ്യേറ്റത്തിലും കലാശിച്ചത്. തുടർന്ന് നടപ്പന്തലിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാർ ചേർന്ന് രംഗം ശാന്തമാക്കുകയായിരുന്നു. ഇരു സംഘങ്ങളിലും ഉൾപ്പെട്ട നാല് തീർത്ഥാടകരെ സന്നിധാനം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. മൂന്ന് തീർത്ഥാകരുടെയും പരിക്ക് നിസാരമാണ്
മകരവിളക്ക് നാളെ
ശബരിമല: ഭക്തജനലക്ഷങ്ങൾ കാത്തിരുന്ന മകരവിളക്ക് ഉത്സവം ചൊവ്വാഴ്ച. മകരവിളക്ക് ദർശനത്തിന് ഇതര സംസ്ഥാന തീർഥാടകർ അടക്കമുള്ളവർ ഞായറാഴ്ച മുതൽ സന്നിധാനത്ത് തമ്പടിച്ചു തുടങ്ങിയിട്ടുണ്ട്.
മകരജ്യോതി ദർശനം പൂർത്തിയാക്കുന്ന തീർഥാടകരെ പമ്പയിലേക്ക് മടക്കി അയക്കാൻ പൊലീസും വിവിധ സേനകളും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മകരവിളക്ക് ദിനമായ ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെ തീർഥാടകരെ പമ്പയിൽ തടയും. തുടർന്ന് സന്നിധാനത്തെ തിരക്ക് നിയന്ത്രണവിധേയമായതിനുശേഷം മാത്രമാവും പമ്പയിൽനിന്ന് തീർഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

