ശബരിമല: ഷെഡ്യൂളുകൾ കൂടി, എ.സി ബസുകളിൽ യാത്രക്കാർ കുറവ്
text_fieldsനിലക്കൽ: കെ.എസ്.ആർ.ടി.സിയുടെ നിലക്കൽ - പമ്പ ചെയിൻ സർവീസിൽ ഷെഡ്യുളുകളുടെ എണ്ണം കൂടിയെങ്കിലും എ.സി ലോ ഫ്ലോർ ബസുകൾ പ ലതും പമ്പയിലേക്ക് ഓടുന്നത് വിരലിലെണ്ണാവുന്ന യാത്രക്കാരുമായി. ഓരോ ആറ് മിനിറ്റിലും രണ്ട് നോൺ എ.സി ലോ ഫ്ളോർ ബസും ഒരു എ.സി ബസും എന്ന പുതിയ ക്രമീകരണം ബുധനാഴ്ച്ച മുതലാണ് നടപ്പാക്കിയത്. എന്നാൽ നോൺ എ.സി ബസിൽ മാത്രമേ മതിയായ യാത്രക്കാരുള്ളൂ. ഭക്തർ കയറിയാലും ഇല്ലെങ്കിലും രണ്ട് മിനിറ്റ് ഇടവേളയിൽ ബസുകൾ പുറപ്പെടാനുള്ള നിർദ്ദേശം നടപ്പിലാക്കിയതോടെയാണ് ഷെഡ്യുളുകളുടെ എണ്ണം കൂടിയത്. സിംഗിൾ ഡ്യൂട്ടി സമ്പ്രദായമായതിനാൽ ജീവനക്കാർക്കുണ്ടായ അമർഷം ശമിപ്പിക്കലാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. എന്നാൽ കുറച്ച് യാത്രക്കാരുമായി എ.സി ബസുകൾ ഓടിക്കുന്നത് കെ.എസ്.ആർ.ടി.സിക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കും.
അതേസമയം, പമ്പയിൽ നിന്ന് നിലക്കലിലേക്ക് യാത്രക്കാരുണ്ടായിരുന്നു. കഴിഞ്ഞ ദിവസം 873 സർവീസുകളാണ് നടത്തിയത്. തിങ്കളാഴ്ച്ചയായിരുന്നു ഇതിന് മുമ്പ് ഏറ്റവും കൂടുതൽ സർവീസുകളുണ്ടായിരുന്നത്, 754 എണ്ണം. വെള്ളിയാഴ്ച്ച അഞ്ച് മണിക്ക് ഷെഡ്യുളുകളുടെ എണ്ണം 700 കവിഞ്ഞിരുന്നു. 150 കെ.എസ്.ആർ.ടി.സി ബസുകളാണ് പമ്പ- നിലക്കൽ റൂട്ടിലോടുന്നത്. 50 എണ്ണം എ.സിയാണ്. അഞ്ച് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ബസുകളുമുണ്ട്. പത്ത് എ.സിയും അഞ്ച് വൈദ്യുത ബസുകളും അടുത്ത ദിവസങ്ങളിലെത്തിക്കും. പമ്പയിലേക്കും തിരിച്ചും 150 രൂപയാണ് എ.സി ടിക്കറ്റ് ചാർജ്. നോൺ എ.സിക്ക് 80 ഉം. 48 മണിക്കൂറാണ് റിട്ടേൺ ടിക്കറ്റിന്റെ സമയപരിധി.
പൊലീസ് വിളിക്കും, ബസ് വരും
നിലക്കൽ: പമ്പയിലേക്കുള്ള ചെയിൻ സർവീസ് സുഗമമാക്കാൻ നിലക്കലിൽ തോളോട് തോൾ ചേർന്ന് കെ.എസ്.ആർ.ടി.സിയും പൊലീസും . പാർക്കിങ് ഗ്രൗണ്ടിലുള്ള ബസുകൾ സ്റ്റാന്റിലേക്ക് വരാനും മറ്റും നിർദ്ദേശം നൽകുന്നത് പൊലീസുകാരുടെ വയർലെസ് സെറ്റ് വഴിയാണ്. കെ.എസ്.ആർ.ടി.സി അധികൃതർ നൽകുന്ന നിർദ്ദേശം കൺട്രോൾ റൂമിലെ പൊലീസ് ഉദ്യോഗസ്ഥൻ പാർക്കിങ് ഗ്രൗണ്ടിലെ പൊലീസുകാരെ വയർലെസ് സെറ്റിൽ അറിയിക്കും. ഡ്രൈവർമാർക്ക് പൊലീസുകാരൻ സന്ദേശം കൈമാറുകയും ചെയ്യും.
ആദ്യമായിട്ടാണ് ഇത്തരം വിവരങ്ങൾ കൈമാറാൻ പൊലീസിന്റെ സഹായം തേടുന്നത്. ഫോൺ വിളിച്ച് അറിയിക്കുമ്പോഴുണ്ടാകുന്ന ചില ആശയക്കുഴപ്പങ്ങളാണ് പൊലീസിനെ ആശ്രയിക്കാൻ കാരണം.പാർക്കിങ് ഗ്രൗണ്ടിൽ ഭക്തർ കൂടിയാൽ മറ്റ് ഡിപ്പോകളിൽ നിന്ന് പമ്പക്ക് പോകുന്ന സ്പഷ്യൽ ബസുകളെ നിലക്കൽ കവാടത്തിൽ നിന്ന് ബസ് സ്റ്റേഷനിലേക്ക് തിരിച്ചുവിടുന്നതിനും പൊലീസ് വയർലെസ് സന്ദേശങ്ങളാണ് തുണ.അതിനിടെ, ആന്ധ്രപ്രദേശിൽ നിന്നുള്ള സംഘത്തിനൊപ്പമുള്ള മൂന്ന് യുവതികൾ വൈകീട്ട് നിലക്കലിൽ നിന്ന് പമ്പയിലേക്ക് പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
