ശബരിമല: രാഹുല്‍ഗാന്ധിയുടെ അഭിപ്രായം സ്വാഗതാര്‍ഹം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിന് താന്‍ അനുകൂലമാണെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ഗാന്ധിയുടെ അഭിപ്രായം സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ചരിത്രപരമായ വിധി എന്ന് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി രേഖപ്പെടുത്തിയ അഭിപ്രായം തന്നെയാണ് രാഹുല്‍ഗാന്ധിക്കെന്ന് ഇതിലൂടെ ഒന്നുകൂടി വ്യക്തമായിരിക്കുകയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ് വക്താവായ ആനന്ദ് ശര്‍മയും രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തുവന്നു എന്നതും ശ്രദ്ധേയമാണ്.
അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും പ്രസിഡന്‍റിന്‍റെയും അഭിപ്രായം കേരളത്തിലെ കോണ്‍ഗ്രസിന് ഇല്ലെന്നുള്ളത് ദൗര്‍ഭാഗ്യകരമാണ്. അഖിലേന്ത്യാ നയത്തില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലെ കോണ്‍ഗ്രസ് സ്വീകരിക്കുന്ന സമീപനം അവര്‍ എത്തിനില്‍ക്കുന്ന ജനാധിപത്യവിരുദ്ധമായ സമീപനത്തിന്‍റെ ദൃഷ്ടാന്തം കൂടിയാണെന്നും പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
ദേശീയ സ്വാതന്ത്ര്യപ്രസ്ഥാന മൂല്യങ്ങളിൽ നിന്ന് കേരളത്തിലെ കോണ്‍ഗ്രസ് അകന്നുപോയിരിക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ഒരു വിഭാഗം യാഥാസ്ഥിതിക നിലപാടാണ് സ്വീകരിച്ചു വരുന്നത്. ബി.ജെ.പിയെ സഹായിക്കാന്‍ മാത്രമേ ഇൗ നിലപാട് ഇടയാക്കൂ എന്നും മുഖ്യമന്ത്രി ഒാർമിപ്പിച്ചു.
കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടും ശക്തിപ്പെടുത്തിയും മുന്നോട്ടുപോയ പാരമ്പര്യമാണ് ആദ്യ കാലഘട്ടങ്ങളില്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്വീകരിച്ചുവന്നിരുന്നത്. വൈക്കം സത്യാഗ്രഹം പോലുള്ളവ ഇതിന്‍റെ സാക്ഷ്യപത്രമായി ചരിത്രത്തില്‍ നിലനില്‍ക്കുന്നുണ്ട്. ആ പാരമ്പര്യങ്ങളെ ആകെ നിഷേധിച്ചുകൊണ്ട് സംഘപരിവാര്‍ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയ കാഴ്ചപ്പാടുകളുമായി സമരസപ്പെടുന്ന അപകടകരമായ നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസിന്‍റെ സമീപനത്തില്‍ പ്രതിഫലിക്കുന്നത്.
നിരവധി കാലത്തെ പോരാട്ടങ്ങളിലൂടെ നാം വളര്‍ത്തിയെടുത്ത നവോത്ഥാനപരവും മതനിരപേക്ഷവുമായ പാരമ്പര്യങ്ങളെ തള്ളിക്കളയുക മാത്രമല്ല, രാഹുല്‍ ഗാന്ധിയടക്കമുള്ള അഖിലേന്ത്യാ നേതൃത്വത്തിന്‍റെ അഭിപ്രായങ്ങളെ നിരാകരിക്കുകയും ചെയ്യുന്ന നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഒരു വിഭാഗം സ്വീകരിക്കുന്നതെന്നും ഇതുസംബന്ധിച്ച് രാജ്യത്തെ ഭരണഘടനയെയും നീതിന്യായവ്യവസ്ഥയെയും അംഗീകരിക്കുന്ന കോണ്‍ഗ്രസുകാരുടെ നിലപാട് എന്താണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്പര്യമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
