ശബരിമല പേടിസ്വപ്‌നമായി മാറുന്നു -ദേവസ്വം പ്രസിഡന്റ്
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ശബരിമല പേടിസ്വപ്‌നമായി മാറുകയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ശബരിമലയിൽ എന്ത് ചെയ്താലും തിരിച്ചടിയുണ്ടാകുമോയെന്നാണ് ആശങ്ക. ഭക്‌തർക്ക് എന്തെങ്കിലും സമർപ്പിക്കാൻ ഭയമാണ്. ദൈനംദിന കാര്യങ്ങൾ ചെയ്യാൻ തനിക്കും പേടിയുണ്ട്.
ശബരിമലയിലെ ദ്വാരപാലകരുടെ സ്വര്‍ണപ്പാളി അറ്റകുറ്റപ്പണിക്കായി ഇളക്കിയ സംഭവത്തിലെയും ആഗോള അയ്യപ്പ സംഗമത്തിലെയും കോടതി ഇടപെടലുകള്‍ക്കിടെയാണ് പ്രസിഡന്റിന്റെ മറുപടി. മറ്റ് ക്ഷേത്രങ്ങൾക്ക് ഇല്ലാത്ത തടസ്സം ശബരിമലയിലുണ്ട്. ദൈനംദിന കാര്യത്തിനും താന്ത്രിക കാര്യത്തിനും ചിലർ തടസ്സം നിൽക്കുകയാണ്. ആരാണെന്ന് താൻ വെളിപ്പെടുത്തുന്നില്ല. സ്വര്‍ണപ്പാളി ഇളക്കി അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയതിൽ ഏത് അന്വേഷണവും നേരിടാം. കൃത്യമായ മാനദണ്ഡ പ്രകാരമാണ് അത് ചെയ്തത്.
വീഡിയോയടക്കം ചിത്രീകരിച്ചിട്ടുണ്ട്. മുമ്പ് സ്വര്‍ണം ഒട്ടിക്കുകയായിരുന്നു. പിന്നീടാണ് ഇലക്‌ട്രോ പ്ലേറ്റിങ്ങായി മാറിയത്. അതിലെ സംശയമാണ് പ്രശ്നത്തിനിടയാക്കിയത്. ദേവസ്വം ബോര്‍ഡിന്‍റെ കൈകള്‍ ശുദ്ധമാണ്. ഇപ്പോള്‍ ദര്‍ശനത്തിന് വരുന്നതിന് ആളുകള്‍ക്ക് ഭയമാണ്. ഇനി എങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയില്ല. ശബരിമലയുമായി ബന്ധപ്പെട്ട യാതൊരു ആശങ്കയും ഉണ്ടാകാൻ പാടില്ല. അതിനായി രൂപരേഖ ഉണ്ടാകണം. കോടതിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. പുകമുറയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അത് രാഷ്ട്രീയമാണെന്നും പി.എസ്. പ്രശാന്ത് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

