
ശബരിമല തീര്‍ഥാടകര്‍ക്കായി പത്തനംതിട്ട കെ.എസ്.ആര്.ടി.സി ശബരിമല ഹബില്‍ നിന്ന് പമ്പയിലേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ആദ്യബസ് പുറപ്പെടുന്നു
ശബരിമല ഹബ്: പത്തനംതിട്ട കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡില്‍നിന്ന് പമ്പയിലേക്ക് പരീക്ഷണ സര്‍വിസ് ആരംഭിച്ചു
text_fieldsപത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിെൻറ ഭാഗമായി പത്തനംതിട്ട കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിലെ ശബരിമല ഹബിെൻറ പ്രവര്‍ത്തനം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചു. പത്തനംതിട്ട-പമ്പ ചെയിന്‍ സര്‍വീസാണ് ട്രയല്‍ റണ്ണായി ആരംഭിച്ചത്. രണ്ടു ദിവസമാണ് ട്രയല്‍ റണ്‍ നടക്കുക.
മറ്റു ജില്ലകളില്‍ നിന്നും പത്തനംതിട്ട വഴി പമ്പക്ക് സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ പത്തനംതിട്ടയില്‍ സര്‍വീസ് അവസാനിപ്പിക്കും. ഈ ബസുകളില്‍ വരുന്ന തീര്‍ഥാടകര്‍ക്ക് പത്തനംതിട്ട കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിലെ ശബരിമല ഹബില്‍ രണ്ടു മണിക്കൂര്‍ വിശ്രമത്തിന് ശേഷം പത്തനംതിട്ട-പമ്പ കണക്ട് ബസുകളില്‍ യാത്രചെയ്യാനുമുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ശബരിമല ഹബിനോടനുബന്ധിച്ചുള്ള സ്റ്റേഷന് മാസ്റ്ററുടെ ഓഫിസും പ്രവര്‍ത്തനം ആരംഭിച്ചു.
തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ പമ്പയിലെത്തിക്കാനുള്ള ക്രമീകരണങ്ങളാണ് നിലവില്‍ ചെയ്തിട്ടുള്ളതെന്നും കെ.എസ്.ആര്.ടി.സി സൗത്ത് സോണ്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ജി. അനില്‍ കുമാര്‍ പറഞ്ഞു. ഉദ്ഘാടനം പിന്നീട് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തില്‍ 15 ബസുകളാണ് സര്‍വീസ് നടത്തുക. ഇവിടെനിന്നും 24 മണിക്കൂറും യാത്രക്കാര്‍ക്ക് സേവനം ലഭ്യമാക്കും.
ശബരിമല തീര്‍ഥാടകര്‍ക്കായി പത്തനംതിട്ടയില്‍ നിന്ന് പമ്പയിലേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ചെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി കെ.എസ്.ആര്.ടി.സി സൗത്ത് സോണ്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ജി. അനില്‍ വിളക്ക് തെളിയിക്കുന്നു
ആരോഗ്യ മന്ത്രി വീണാ ജോര്‍ജിെൻറ അഭ്യര്‍ഥന പ്രകാരമാണ് പത്തനംതിട്ടയിലെ കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷനെ ശബരിമല ഹബ് ആയി മാറ്റുന്നതിന് ഗതാഗത മന്ത്രി ആൻറണി രാജു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.
ദീര്‍ഘദൂര സ്ഥലങ്ങളില്‍ പത്തനംതിട്ട നഗരത്തിലൂടെ കെ.എസ്.ആര്.ടി.സി ബസില്‍ വരുന്ന തീര്‍ഥാടകര്‍ക്ക് പമ്പ വരെയുള്ള യാത്രയ്ക്കായി ഒരു തവണ ടിക്കറ്റ് എടുത്താല്‍ മതിയാകും. അതേ ടിക്കറ്റ് ഉപയോഗിച്ച് പത്തനംതിട്ടയില്‍ നിന്ന് പമ്പയിലേക്ക് ചെയിന്‍ സര്‍വീസിലും യാത്ര ചെയ്യാം. പത്തനംതിട്ട സ്റ്റാന്‍ഡില്‍ എത്തുമ്പോള്‍ ബസില്‍ നിന്നും ഇറങ്ങി വിശ്രമിക്കുന്നതിനും ആവശ്യമെങ്കില്‍ വിരിവയ്ക്കാനും ടോയ്ലറ്റ് സൗകര്യം പ്രയോജനപ്പെടുത്തുവാനും ഭക്ഷണം കഴിക്കുന്നതിനുമായ സൗകര്യവുമാണ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ റെയില്‍വേ സ്റ്റേഷന് കേന്ദ്രീകരിച്ച് വരുന്ന ബസുകളിലെ തീര്‍ഥാടകര്‍ക്ക് ആവശ്യമെങ്കില്‍ നേരിട്ട് അതേബസില്‍ തന്നെ പോകുവാന്‍ കഴിയും. ഹബില്‍നിന്ന് പമ്പയിലേക്ക് പോകുന്ന ബസുകള്‍ ഭക്ഷണത്തിനോ വിശ്രമത്തിനോ ആയി മറ്റെവിടെയും നിര്‍ത്തുകയില്ല.
ആവശ്യമെങ്കില്‍ ഇൻറര്‍സ്റ്റേറ്റ് സര്‍വീസുകളും പത്തനംതിട്ടയില്‍ നിന്നും ഓപ്പറേറ്റ് ചെയ്യും. പത്തനംതിട്ട-പമ്പ ചെയിന്‍ സര്‍വീസുകള്‍ക്കായി 50 ബസുകള്‍ അധികമായി അനുവദിച്ചിട്ടുണ്ട്. തിരക്ക് കൂടുന്നത് അനുസരിച്ച് 65 ബസുകളാണ് മൊത്തത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്. യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ ക്രമീകരിക്കുന്നതിനും ഹബിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും 10 ഇന്‍സ്പെക്ടര്‍മാര്‍, അഞ്ച് സ്റ്റേഷന് മാസ്റ്റര്‍, മൂന്ന് ഗാര്‍ഡ് അടങ്ങുന്ന ടീം പ്രവര്‍ത്തിക്കും. കൂടാതെ ഒരു മെക്കാനിക്കല്‍ വാനും ഇതിനായി ക്രമീകരിച്ചിട്ടുണ്ട്. ദീര്‍ഘദൂര ബസുകളിലെ ജീവനക്കാര്‍ക്ക് പത്തനംതിട്ടയില്‍ വിശ്രമം അടക്കമുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ടോള്‍ ഫ്രീ- 18005994011
ഫോണ്‍: 0468 2222366
കെഎസ്ആര്‍ടിസി, കണ്‍ട്രോള്‍റൂം (24×7),
മൊബൈല്‍ - 9447071021
ലാന്‍ഡ്ലൈന്‍ - 0471-2463799
സോഷ്യല്‍ മീഡിയ സെല്‍, കെഎസ്ആര്‍ടിസി - (24×7)
വാട്സാപ്പ് - 8129562972
ബഡ്ജറ്റ് ടൂറിസം സെല്‍ btc.keralartc.gov.in
വെബ്സൈറ്റ്: www.keralartc.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
