ശബരിമല: തീർഥാടകർക്കെല്ലാം സുഗമമായ ദർശനം ഉറപ്പു വരുത്തണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ശബരിമലയിലെത്തുന്ന തീർഥാടകർക്കെല്ലാം സുഗമമായ ദർശനം ഉറപ്പുവരുത്തണമെന്ന് ഹൈകോടതി. മണിക്കൂറിൽ 4,800 പേർക്ക് പതിനെട്ടാംപടി കയറാൻ കഴിയുന്നുണ്ടെന്നും ഉറപ്പാക്കണം. പമ്പയിൽ തിരക്ക് നിയന്ത്രിക്കാൻ ഒരുക്കിയ സംവിധാനങ്ങൾ ഫലപ്രദമാണെന്ന് ഉറപ്പുവരുത്താൻ പത്തനംതിട്ട കലക്ടർക്കും ജില്ല പൊലീസ് മേധാവിക്കും നിർദേശം നൽകി.
ഇക്കാര്യത്തിൽ എന്തെങ്കിലും കുറവുണ്ടെങ്കിൽ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. തീർഥാടകരുടെ തിരക്ക് പരിഗണിച്ച് സ്വമേധയ പരിഗണിക്കുന്ന ഹരജിയിലാണ് ഉത്തരവ്.
പമ്പയിൽ രണ്ട് ടിക്കറ്റ് കൗണ്ടറുകൾകൂടി തുറന്നുവെന്നും സ്ഥലം ലഭ്യമാക്കിയാൽ 15 ടിക്കറ്റ് കൗണ്ടറുകൾ തുറക്കാനാകുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. പമ്പയിൽ തിരക്ക് നിയന്ത്രിക്കാൻ ബാരിക്കേഡുകൾ സ്ഥാപിച്ചു. ടിക്കറ്റ് പരിശോധിക്കാൻ 16 കണ്ടക്ടർമാരെയും മൂന്ന് ഇൻസ്പെക്ടർമാരെയും നിയമിച്ചിട്ടുണ്ട്.
നിലവിൽ ശരംകുത്തി വരെ ക്യൂവിന്റെ നീളമുണ്ട്. മുതിർന്ന പൗരന്മാർക്കായി ഒരുക്കിയ പ്രത്യേക ക്യൂ സംവിധാനം ഉപയോഗിക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. ഹരജി വീണ്ടും ബുധനാഴ്ച പരിഗണിക്കാനായി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

