ശബരിമല: രാസ കുങ്കുമവും സാഷെകളും ഹൈകോടതി നിരോധിച്ചു
text_fieldsകൊച്ചി: ശബരിമല, എരുമേലി മേഖലകളിൽ രാസ കുങ്കുമത്തിന്റെയും ഷാംപു സാഷെ (ചെറിയ പാക്കറ്റ്)കളുടെയും വിൽപന ഹൈകോടതി നിരോധിച്ചു. സ്പെഷൽ കമീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ സ്വമേധയാ എടുത്ത ഹരജിയിലാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. ശബരിമലയിലും പമ്പയിലും നേരത്തെ തന്നെ പ്ലാസ്റ്റിക് നിരോധനം നിലവിലുണ്ട്.
മഞ്ഞളും പ്രകൃതി ചേരുവകളും ചേർത്തുണ്ടാക്കുന്ന കുങ്കുമത്തിന് പകരം രാസ കുങ്കുമവും ഷാംപു സാഷെകളും വിൽപന നടത്തുന്നതും ഇതു മൂലമുള്ള പരിസ്ഥിതി പ്രശ്നങ്ങളും എരുമേലി ഗ്രാമ പഞ്ചായത്താണ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. പേട്ടതുള്ളലുകാർ വാരി വിതറുന്ന കുങ്കുമം കഴുകിക്കളയാൻ ഉപയോഗിക്കുന്ന ഷാംപുവിന്റെയും സോപ്പുപൊടിയുടെയും പാക്കറ്റുകൾ വലിയ തോട്ടിലേക്കാണ് തള്ളുന്നതെന്ന് പഞ്ചായത്ത് ചൂണ്ടിക്കാട്ടി. ഗുരുവായൂർ ക്ഷേത്രത്തിൽ ശബരിമല തീർഥാടകർക്ക് പ്രത്യേക ക്യൂ ഒരുക്കാനും തീരുമാനിച്ചു.
കാനനപാത നേരത്തെ തുറക്കണമെന്ന ഹരജിയിൽ വിശദീകരണം തേടി
കൊച്ചി: എരുമേലിയിൽനിന്ന് ശബരിമലയിലേക്ക് പോകാൻ കാനനപാത നേരത്തെ തുറക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി. നവംബർ 17ന് വൃശ്ചികമാസ പൂജക്കായി നട തുറക്കുമ്പോൾ ശബരിമലയിലെത്താൻ 15നുതന്നെ പരമ്പരാഗത കാനനപാത തുറന്നുനൽകണമെന്നാവശ്യപ്പെട്ട് ഡൽഹി സ്വദേശി ശ്യാംമോഹൻ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ദേവസ്വം ബോർഡ് അടക്കം എതിർകക്ഷികളുടെ വിശദീകരണം തേടിയത്.
പരമ്പരാഗത പാതയിലൂടെ തീർഥാടകരെ കടത്തിവിടുന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കാറില്ലെന്നാണ് ഹരജിക്കാരന്റെ വാദം. നട തുറക്കുന്ന 17ന് ദർശനം നടത്താൻ പാസ് ലഭിച്ചിട്ടുണ്ട്. പരമ്പരാഗത പാതയിലൂടെ സന്നിധാനത്ത് എത്താൻ രണ്ടുദിവസം വേണമെന്നതിനാലാണ് 15നുതന്നെ കാനന പാതയിലൂടെ തീർഥാടകരെ കടത്തിവിടണമെന്ന് ആവശ്യപ്പെടുന്നത്.
എന്നാൽ, ഡൽഹിയിൽ പോയി വരുംപോലെ എളുപ്പമല്ല, കാനനപാത തുറക്കലെന്നും തീരുമാനമെടുക്കുംമുമ്പ് കാലാവസ്ഥയും മൃഗങ്ങളുടെ സാന്നിധ്യവുമടക്കം പരിഗണിക്കേണ്ടതുണ്ടെന്നും കോടതി വാക്കാൽ പറഞ്ഞു. കാനനപാത നവംബർ 17ന് മാത്രമേ തുറക്കൂവെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഹരജി വീണ്ടും നവംബർ 12ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

