ശബരിമല സ്വർണക്കൊള്ള: ബോർഡിനെ പ്രതിക്കൂട്ടിലാക്കി വിജിലൻസ്, ദേവസ്വം സ്വത്ത് പോറ്റിക്ക് കൈമാറിയത് പിഴവ്
text_fieldsതിരുവനന്തപുരം: ദേവസ്വം ബോർഡിന്റെയും ഉദ്യോഗസ്ഥരുടെയും നിരുത്തരവാദ പ്രവർത്തികളാണ് ശബരിമലയിലെ സ്വർണം നഷ്ടമാക്കിയതെന്നും, കട്ടിളപ്പാളി സ്വർണം പൂശിയതിന് മഹസറില്ലെന്നും സ്വർണം പൂശിയ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സുതാര്യമല്ലെന്നും വ്യക്തമാക്കി ദേവസ്വം വിജിലൻസ്. 2019ലെ ദേവസ്വം കമീഷണർ, തിരുവാഭരണ കമീഷണർ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, അസി. എൻജിനീയർ എന്നിവർക്ക് ഗുരുത വീഴ്ചയുണ്ടായി. സ്മാർട്ട് ക്രിയേഷൻസ് ഉടമയുടെ മൊഴിയടക്കം പരിഗണിച്ച് ബോർഡിനും ഉദ്യോഗസ്ഥർക്കുമെതിരെ പ്രത്യേക സംഘം കൂടുതൽ അന്വേഷണം നടത്തണം. സ്വർണം പൂശൽ പ്രക്രിയ വീഡിയോ എടുക്കാമെന്നിരിക്കെ അതുണ്ടായില്ല. ഭക്തർ നൽകുന്ന സ്വർണമല്ല കൊടിമരം, താഴികക്കുടം എന്നിവയിൽ പൂശുന്നതെന്നും ചീഫ് വിജിലൻസ് ഓഫിസർ വി. സുനിൽകുമാർ ഹൈകോടതിയിൽ സമർപ്പിച്ച അനുബനധ റിപ്പോർട്ടിൽ പറയുന്നു.
ശ്രീകോവിൽ കട്ടിളയിലെ മുമ്പ് സ്വർണം പൂശിയ ചെമ്പ് തകിടുകൾ സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ ശബരിമല എക്സിക്യൂട്ടീവ് ഓഫിസർ 2019 ഫെബ്രുവരിയിൽ അന്നത്തെ ദേവസ്വം കമീഷണർക്ക് ശിപാർശയയച്ചു. സ്വർണം പൂശിയ ചെമ്പ് പാളികൾ എന്നത് ഒഴിവാക്കി ചെമ്പ് പാളികൾ എന്ന് മാത്രമാക്കി ശിപാർശ കമീഷണർ ബോർഡിന് നൽകി. പിന്നീട് ബോർഡ് യോഗത്തിൽ തിരുവാഭരണം കമീഷണർ, എക്സിക്യൂട്ടീവ് ഓഫിസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എന്നിവരുടെ സാന്നിധ്യത്തിൽ ചെമ്പു പാളികൾ മഹസർ പ്രകാരം ഇളക്കി തൂക്കം, അളവ് എന്നിവ രേഖപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം പൂശാൻ കൈമാറാൻ അനുവാദം നൽകി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദേവസ്വം വക സ്വത്ത് കൈമാറണമെന്ന ബോർഡ് തീരുമാനം അനുചിതമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2019 മേയ് 18ന് തിരുവാഭരണ കമീഷണറുടെ നേതൃത്വത്തിൽ മഹസർ തയാറാക്കി പാളികളുടെ തൂക്കം 42.10 കിലോ ആണെന്ന് കണക്കാക്കി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറി. പാളികൾ സ്മാർട്ട് ക്രിയേഷനിൽ നിന്ന് സ്വർണം പൂശി സ്ഥാപിച്ചെങ്കിലും സ്വർണം പൂശിയതിന്റെയും തിരികെ കട്ടിളയിൽ സ്ഥാപിച്ചതിന്റെയും മഹസറില്ല.
സ്മാർട്ട് ക്രിയേഷൻ ഉടമ പങ്കജ് ദണ്ഡാരിയെ ചോദ്യം ചെയ്തപ്പോൾ കട്ടിള പാളികളിൽ നിന്ന് 409 ഗ്രാം സ്വർണവും ദ്വാരപാലക ശിൽപങ്ങളിൽ നിന്ന് 577 ഗ്രാം സ്വർണവും വേർതിരിച്ചെന്ന് വ്യക്തമായി. സർവീസ് ചാർജ്, പ്ലേറ്റിങ് ഇൻവോയ്സ് ചെലവുകൾ കഴിച്ച് ബാക്കി വന്ന 474.9 ഗ്രാം സ്വർണം കട്ടയാക്കി കൽപേപ്പ് എന്നയാൾ വഴി ഉണ്ണികഷ്ണൻ പോറ്റിക്ക് കൈമാറിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി സ്പോൺസർഷിപ്പിലൂടെ ശബരിമലയിൽ ചെയ്ത പല കാര്യങ്ങൾക്കും പുറത്തുള്ളവരിൽ നിന്ന് ധനസമാഹരം നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ദേവസ്വം വിജിലൻസ് ഓഫിസറുടെ മൊഴിയെടുത്ത് എസ്.ഐ.ടി
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘം ദേവസ്വം ചീഫ് വിജിലൻസ് ഓഫിസർ വി. സുനില്‍കുമാറിന്റെ മൊഴിയെടുത്തു. തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ദ്വാരപാലക ശിൽപ പാളികൾ ഉണ്ണികൃഷ്ണൻ പോറ്റി പുറത്തുകൊണ്ടുപോയത് ട്രാവൻകൂർ ദേവസ്വം മാനുവലിന് എതിരാണെന്നും അത് കേവലം ഉദ്യോഗസ്ഥ വീഴ്ചയായി മാത്രം കാണാനാവില്ലെന്നും അദ്ദേഹം മൊഴി നല്‍കിയതായാണ് വിവരം.
2019ലെ ദേവസ്വം ബോർഡ് അധികാരികളുടെ പ്രേരണയോ സമ്മർദമോ നിർദേശമോ ഇതിന് പിന്നിൽ ഉണ്ടായിരുന്നെന്ന കണ്ടെത്തലും അദ്ദേഹം ആവര്‍ത്തിച്ചു. അതേസമയം, എസ്.ഐ.ടി രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലും ഒന്നാംപ്രതിയായ സ്പോണ്സര് ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നതടക്കമുള്ള നിയമനടപടികളിൽ ഇതുവരെ തീരുമാനമായിട്ടില്ല. വിശദ തെളിവുകള്‍ ശേഖരിച്ച ശേഷം മതി ചോദ്യം ചെയ്യൽ അടക്കമുള്ള നടപടികളെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനമെന്നാണ് വിവരം. പോറ്റി തങ്ങളുടെ നിരീക്ഷണത്തിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

