സ്വർണക്കൊള്ള: പോറ്റിയുടെ കൂട്ടാളികൾ ഒളിവിൽ, കൽപേഷിനെയും അനന്ത സുബ്രഹ്മണ്യത്തെയും തേടി അന്വേഷണ സംഘം
text_fieldsഉണ്ണികൃഷ്ണൻ പോറ്റി പൊലീസ് കസ്റ്റഡിയിൽ, ദ്വാരപാലക ശിൽപം
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിലായതോടെ മുഖ്യപങ്കാളികളെന്ന് സംശയിക്കുന്ന ബംഗളൂരു സ്വദേശികളായ കൽപേഷ്, അനന്ത സുബ്രഹ്മണ്യൻ, ഹൈദരാബാദ് സ്വദേശി നാഗേഷ് എന്നിവർ ഒളിവിൽ. ഇവരെ തേടി പ്രത്യേക അന്വേഷണസംഘത്തിലെ ഒരു വിഭാഗം ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ അന്വേഷണം നടത്തുന്നുണ്ടെങ്കിലും മൂവരെക്കുറിച്ചും വിവരം ലഭിച്ചിട്ടില്ല.
ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അനന്ത സുബ്രഹ്മണ്യത്തിന്റെയും നാഗേഷിന്റെയും വീടുകളിൽ പരിശോധന നടത്തി കുടുംബാംഗങ്ങളെ ചോദ്യംചെയ്തു. അറസ്റ്റ് ഭയന്ന് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഇരുവരും കടന്നതായാണ് വിവരം. ഇവർ ബന്ധപ്പെടാൻ സാധ്യതയുള്ളവരുടെ പട്ടിക പൊലീസ് ശേഖരിച്ചുവരികയാണ്. ഇതിനായി ലോക്കൽ പൊലീസിന്റെ സഹായം തേടി.
അതേസമയം പോറ്റിയും സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒയും പറയുന്ന കൽപേഷ് യഥാർഥത്തിലുണ്ടോ എന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്. പേരല്ലാതെ കൂടുതൽ വിവരങ്ങൾ പോറ്റിക്കോ സ്മാർട്ട് ക്രിയേഷൻസിനോ ഇയാളെക്കുറിച്ച് അറിയില്ല. 2019 ജൂലൈ 19ന് സ്വർണം പൂശാനെന്ന പേരിൽ ദ്വാരപാലക ശിൽപങ്ങളിലെ 12 പാളികളും രണ്ട് സ്വർണത്തകിടുകളും പോറ്റിക്ക് പകരക്കാരനായി എത്തിയ അനന്ത സുബ്രഹ്മണ്യനാണ് സന്നിധാനത്തുനിന്ന് കൊണ്ടുപോയത്.
ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ അറിവോടെ ഇയാൾ ഏതാനും ദിവസം ബംഗളൂരുവിരിലെ വീട്ടിൽ ഇവ സൂക്ഷിച്ചു. തുടർന്ന് പോറ്റിയുടെ നിർദേശപ്രകാരമാണ് അനന്ത സുബ്രഹ്മണ്യൻ അറ്റകുറ്റപ്പണിക്കെന്ന പേരിൽ ഹൈദരാബാദിലെ നാഗേഷിന്റെ ആലയിൽ കൊണ്ടുവന്നത്. ആഗസ്റ്റ് 29ന് നാഗേഷ് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചപ്പോൾ പാളികളുടെ ഭാരം 42.8 കിലോയിൽനിന്ന് 38.2 കിലോയായി മാറി. അഡ്മിനിട്രേറ്റീവ് ഓഫിസർ മുരാരി ബാബുവും സംഘവും സന്നിധാനത്തുനിന്ന് ചെമ്പെന്ന് രേഖപ്പെടുത്തി കൊണ്ടുപോയ ‘സ്വർണപ്പാളികൾ’ ഹൈദരാബാദിൽ നാഗേഷിന്റെ നേതൃത്വത്തിൽ അഴിച്ചെടുത്ത് പകരം അതേപകർപ്പിൽ അച്ച് തയാറാക്കി ചെമ്പുപാളികളാക്കിയെന്നാണ് നിഗമനം.
സ്മാർട്ട് ക്രിയേഷൻസിൽ പലഘട്ടങ്ങളിലായി എത്തിച്ച കട്ടിളപ്പടിയിലും ദ്വാരപാലക ശിൽപപാളികളിലും സ്വർണം പൂശിയശേഷം ബാക്കി 60 പവൻ ഉണ്ണികൃഷ്ണൻ പോറ്റി ചുമതലപ്പെടുത്തിയ കൽപേഷ് വഴി കൊടുത്തുവിട്ടെന്നാണ് സ്മാർട്ട് ക്രിയേഷൻ സി.ഇ.ഒ പങ്കജ് ഭണ്ഡാരിയുടെ മൊഴി. എസ്.ഐ.ടിയുടെ ചോദ്യംചെയ്യലിൽ പേരല്ലാതെ കൂടുതലൊന്നും കൽപേഷിനെക്കുറിച്ച് അറിയില്ലെന്ന് പങ്കജ് ആവർത്തിച്ചു. തട്ടിപ്പിൽ സ്മാർട്ട് ക്രിയേഷൻസിനും പങ്കുണ്ടെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു. വരുംദിവസങ്ങളിൽ പങ്കജിനെ തിരുവനന്തപുരത്ത് വിളിച്ചുവരുത്തി ചോദ്യം ചെയ്യും.
പോറ്റിയുടെ കുടുംബവീട്ടിൽ പരിശോധന
തിരുവനന്തപുരം: ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ ഉണ്ണികൃഷ്ണന് പോറ്റിയുടെ ചോദ്യംചെയ്യൽ തുടരുന്നു. തട്ടിപ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോറ്റി പറയാൻ തയാറായിട്ടില്ല. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ, അവരിറക്കിയ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് താൻ പാളികൾ കൊണ്ടുപോയതെന്ന് ഇയാൾ ആവർത്തിക്കുന്നു. പോറ്റിയുടെ കാരേറ്റുള്ള വീട്ടിലും ബംഗളൂരുവിലെ വീട്ടിലും പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തി. 2017 മുതൽ 2025 സെപ്റ്റംബർ വരെ പോറ്റി നൽകിയ സാമ്പത്തിക സഹായങ്ങളും ബാങ്ക് നിക്ഷേപങ്ങളും വീട്ടുകാരിൽനിന്ന് ചോദിച്ചറിഞ്ഞു. ശബരിമലയിൽനിന്ന് കടത്തിയ സ്വർണം പോറ്റിയടക്കം പലരും പങ്കിട്ടെടുത്ത് വിറ്റെന്നാണ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

