ശബരിമല സ്വര്‍ണക്കൊള്ള; കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു
text_fieldsതിരുവനന്തപുരം: ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയെയും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ശനിയാഴ്ചയാണ് ഇരുവരെയും നേരിട്ടുകണ്ട് മൊഴി രേഖപ്പെടുത്തിയത്. എസ്.ഐ.ടി ഓഫിസിനു പുറത്തുവെച്ച് എസ്.പി. ശശിധരന്റെ നേതൃത്വത്തിലായിരുന്നു രണ്ടു മണിക്കൂറോളം നീണ്ട ചോദ്യംചെയ്യല്‍.
2019ൽ പത്മകുമാർ പ്രസിഡന്റായ ബോർഡ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളികൾ കൈമാറിയപ്പോള്‍ ദേവസ്വം മന്ത്രിയായിരുന്നു കടകംപള്ളി. സ്വര്‍ണപ്പാളി കൊണ്ടുപോകാന്‍ അനുമതി തേടി ഉണ്ണികൃഷ്ണന് പോറ്റി ദേവസ്വം വകുപ്പിന് അപേക്ഷ നൽകിയെന്നും ഇതിൽ തുടര്‍നടപടി സ്വീകരിക്കണമെന്ന് ദേവസ്വം വകുപ്പ് ആവശ്യപ്പെട്ടുവെന്നും എ. പത്മകുമാർ മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്ന് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത്.
2019ല്‍ ദേവസ്വംബോര്‍ഡ് ഭാരവാഹികളായിരുന്നവരില്‍ രണ്ടുപേര്‍ അറസ്റ്റിലാണ്. മറ്റുള്ളവരുടെ മൊഴിയെടുത്ത ശേഷം ആവശ്യമുണ്ടെങ്കില്‍ ഇദ്ദേഹത്തെ വീണ്ടും വിളിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ചോദ്യം ചെയ്യൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയും സ്ഥിരീകരിച്ചു. ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം മന്ത്രിക്കും പങ്കുണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.
ദ്വാരപാലക ശിൽപം സ്വര്‍ണം പൂശുന്നതിന് കൊണ്ടുപോയ കാര്യങ്ങളാണ് അന്വേഷണ സംഘം ചോദിച്ചതെന്ന് പി.എസ്. പ്രശാന്ത് പ്രതികരിച്ചു. മൊഴിയെടുക്കല്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ഇനി എസ്.ഐ.ടിക്ക് മുന്നില്‍ പോകേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണ സംഘം വിപുലീകരിക്കാൻ ഹൈകോടതി അനുമതി നൽകി. എസ്.ഐ.ടിയുടെ ആവശ്യം അംഗീകരിച്ച് കൊണ്ട് ഹൈകോടതി അവധിക്കാല ബെഞ്ചാണ് അനുമി നൽകിയത്. അന്വേഷണ സംഘത്തിൽ രണ്ട് സി.ഐമാർകൂടി സംഘത്തിൽ പങ്കാളികളാകും.
അതേസമയം, ശബരിമലയിൽ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്ന പരാതിയിൽ ഡി. മണിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. ഡി. മണിയോട് ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി. മണിയുടെ സുഹൃത്ത് ബാലമുരുകനും ചോദ്യംചെയ്യലിന് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

