കുറ്റപത്രം എന്ന് നൽകുമെന്ന് 29ന് അറിയിക്കണം; ശബരിമല സ്വർണക്കൊള്ളയിൽ ഹൈകോടതി
text_fieldsകൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് എന്ന് കുറ്റപത്രം സമർപ്പിക്കാൻ കഴിയുമെന്ന് ഈ മാസം 29ന് അറിയിക്കണമെന്ന് ഹൈകോടതി. അന്വേഷണത്തിന് മതിയായ സമയം ഇതിനകം അനുവദിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളോളം നീണ്ട ഇടപാടുകളുടെ രേഖകളും മറ്റും പരിശോധിക്കേണ്ടതുണ്ടെങ്കിലും അന്വേഷണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാവില്ല. കേസിന്‍റെ ഗൗരവം പരിഗണിച്ച് സൂക്ഷമവും സമഗ്രവുമായ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കാൻ അവസാന അവസരം നൽകുന്നതായും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
2025ൽ സന്നിധാനത്തെ ദ്വാരപാലക ശിൽപങ്ങൾ സ്വർണം പൂശാൻ കൊണ്ടുപോയതിൽ പ്രതികളുടെ പങ്കും ഉദ്യോഗസ്ഥരുടെ വീഴ്ചയും വ്യക്തമാക്കുന്ന സമഗ്ര റിപ്പോർട്ട് 29ന് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി എസ്. ശശിധരൻ വ്യാഴാഴ്ച കോടതിയിൽ നേരിട്ടെത്തി അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു. ദ്വാരപാലക ശിൽപങ്ങൾ കഴിഞ്ഞ വർഷം ചെന്നൈയിലെത്തിച്ചതിനു പിന്നിലെ ഇടപാടുകൾ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണമെന്ന് ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു. നാഷനൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ നിന്നുള്ള ശാസ്ത്രീയ പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതികൾ തമ്മിലെ ആശയവിനിമയവും ദേവസ്വം ബോർഡിന്‍റെ അന്നത്തെ തീരുമാനങ്ങളും സന്നിധാനത്തുനിന്ന് വിഗ്രഹങ്ങൾ മാറ്റിയതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നതിന്‍റെ സൂചന നൽകുന്നതായി റിപ്പോർട്ടിൽ പറയുന്നു.
സ്വർണം പൂശാനായി ശിൽപങ്ങൾ ചെന്നൈയിലേക്ക് കൊണ്ടുപോയതിൽ ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും സംഘം പരിശോധിക്കുന്നുണ്ട്. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും സമഗ്ര റിപ്പോർട്ട് 29നകം സമർപ്പിക്കാമെന്നും എസ്.ഐ.ടി കോടതിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

