സ്വർണക്കൊള്ള: അറസ്റ്റിലായി 43ാം ദിവസം ശ്രീകുമാറിന് ജാമ്യം
text_fieldsകൊല്ലം: ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണാപഹരണ കേസിൽ മുൻ ദേവസ്വം അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർ എസ്. ശ്രീകുമാറിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിതാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
കേസിലെ ആറാം പ്രതിയാണ് ശ്രീകുമാർ. അറസ്റ്റിലായി 43ാം ദിവസമാണ് ജാമ്യം. അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസറായി ശ്രീകുമാർ ദ്വാരപാലക ശിൽപ പാളികൾ കടത്തുന്നതിന് ദിവസങ്ങൾക്കു മുമ്പാണ് ജോലിയിൽ പ്രവേശിച്ചതെന്നും കേസിന് ആസ്പദമായ രേഖയിൽ ഒപ്പുെവച്ചത് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണെന്നുമുള്ള പ്രതിഭാഗം വാദം കണക്കിലെടുത്താണ് ജാമ്യം.
കേസ് അന്വേഷണം നിർണായക ഘട്ടത്തിലായിരിക്കുമ്പോൾ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിനു പിന്നാലെ ശബരിമല സ്വർണാപാഹരണ കേസിൽ ജയിൽ മോചിതനാകുന്ന രണ്ടാമത്തെ ആളാണ് ശ്രീകുമാർ.
അതേസമയം, ശബരിമല കേസിലെ മറ്റൊരു പ്രതി കെ.പി. ശങ്കരദാസിന്റെ റിമാൻഡ് 14 ദിവസത്തേക്ക് ദീർഘിപ്പിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് വീൽചെയറിലാണ് ശങ്കരദാസിനെ കോടതിയിൽ ഹാജരാക്കിയത്. ശബരിമലയിൽ വിവാദ സ്വർണക്കടത്ത് നടന്ന സമയത്ത് ദേവസ്വം ബോർഡ് അംഗമായിരുന്നു ശങ്കരദാസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

