‘പോറ്റിയും പത്മകുമാറും അടുത്ത ബന്ധം പുലർത്തി, സാമ്പത്തിക ഇടപാടുകള്‍ നടത്തി’; നിർണായക കണ്ടെത്തലുമായി എസ്.ഐ.ടി
text_fieldsഉണ്ണികൃഷ്ണൻ പോറ്റി, എ. പദ്മകുമാർ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറും തമ്മിൽ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കണ്ടെത്തി. പത്മകുമാറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്തിയത്. പന്ത്രണ്ടു മണിക്കൂറോളം നീണ്ട പരിശോധനായായിരുന്നു അന്വേഷണസംഘം പത്മകുമാറിന്റെ വീട്ടില്‍ വെള്ളിയാഴ്ച നടത്തിയത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട രേഖകളും എസ്.ഐ.ടിക്ക് ലഭിച്ചെന്നാണ് സൂചന.
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടന്നായി നേരത്തെ ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നൽകിയിരുന്നു. പത്മകുമാറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നെന്നും പോറ്റി പറഞ്ഞെങ്കിലും പത്മകുമാര്‍ ഇക്കാര്യങ്ങള്‍ നിഷേധിക്കുകയായിരുന്നു. പോറ്റിയും പത്മകുമാറും ചേര്‍ന്ന് 2020,21,22 കാലഘട്ടത്തില്‍ വലിയ തോതിലുള്ള റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ നടന്നിരുന്നു. ആറന്മുളയിലും പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളും നടന്നതായി എസ്‌ഐടിക്ക് വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ക്ക് വേണ്ടിയാണ് പത്മകുമാറിന്റെ വീട്ടില്‍ പരിശോധന നടത്തിയത്.
വീടിനോടുള്ള ചേർന്നുള്ള ഓഫീസ് മുറിയിലാണ് പ്രധാനമായും പരിശോധിച്ചത്. ശബരിമലയിലെ യോഗദണ്ഡിൽ സ്വർണം പൂശുന്നതിൽ പത്മകുമാറിന്റെ മകന്റെ പങ്കും പരിശോധിക്കുന്നുണ്ട്. യോഗദണ്ഡിൽ സ്വർണം പൂശുന്നതിന്‍റെ ചുമതല പത്മകുമാറിന്റെ മകനാണ് നൽകിയിരുന്നത്. അത് വിവാദമായിരുന്നു. ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് ശബരിമലയിൽ തട്ടിപ്പ് നടത്താൻ അവസരം ഒരുക്കി കൊടുത്തതിൽ പത്മകുമാറിന്റെ പങ്ക് എസ്.ഐ.ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
പത്മകുമാറും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ നല്ല സൗഹൃദമുണ്ടായിരുന്നു എന്നതിന്റെ തെളിവും എസ്.ഐ.ടിക്ക് ലഭിച്ചു. പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പത്തനംതിട്ടയിലെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു പോറ്റി. ചില സമയങ്ങളില്‍ ആ വീട്ടില്‍ താമസിക്കുകയും ചെയ്തിട്ടുണ്ട്. വീട്ടില്‍വെച്ച് ഗൂഢാലോചന നടന്നിരിക്കാനും സാധ്യതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

