ശബരിമല സ്വർണക്കൊള്ള കേസ്: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ അറസ്റ്റില്‍
text_fieldsതിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ് ശ്രീകുമാർ അറസ്റ്റില്‍. കേസിലെ ആറാം പ്രതിയാണ് ശ്രീകുമാർ. 2019ൽ ദ്വാരപാലക ശിൽപ്പങ്ങൾ ക്ഷേത്രപരിധിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്ന സമയത്ത് ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായിരുന്നു അദ്ദേഹം. ശ്രീകുമാറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി നേരത്തെ തള്ളിയിരുന്നു. മേലുദ്യോഗസ്ഥനായ എക്‌സിക്യൂട്ടീവ് ഓഫിസറുടെ നിർദ്ദേശ പ്രകാരമാണ് മഹസറിൽ ഒപ്പിട്ടതെന്നാണ് ശ്രീകുമാറിന്‍റെ വാദം.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ബി. മുരാരി ബാബു എന്നിവരുടെ ജാമ്യ ഹരജികൾ ഹൈകോടതി വിധി പറയുന്നത് മാറ്റി. ശ്രീകോവിലിലെ കട്ടിളപ്പാളികൾ ചെമ്പ് പാളികളെന്ന പേരിൽ സ്വർണം പൂശാനായി കൈമാറിയെന്ന കേസിൽ മൂന്നാം പ്രതിയാണ് എൻ. വാസു.
ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ കൈമാറിയ കേസിൽ രണ്ടാം പ്രതിയും ശ്രീകോവിലിന്റെ കട്ടിളപ്പാളികൾ കൈമാറിയതിൽ ആറാം പ്രതിയുമാണ് മുരാരി ബാബു. രണ്ട് ജാമ്യ ഹരജികളാണ് ബാബു നൽകിയത്. മൂന്ന് ഹരജികളിലും വാദം പൂർത്തിയാക്കിയ ജസ്റ്റിസ് എ. ബദറുദ്ദീൻ വിധി പറയാൻ മാറ്റുകയായിരുന്നു. കട്ടിളപ്പാളികൾ സ്വർണം പൊതിഞ്ഞതിന് രേഖകളില്ലെന്ന വാദമാണ് എൻ. വാസുവിന്റെ അഭിഭാഷകൻ ഉന്നയിച്ചത്.
എന്നാൽ, 1998 ൽ കട്ടിളപ്പാളികൾ സ്വർണം പൊതിഞ്ഞതിൽ പങ്കാളികളായവരുടെ മൊഴികളടക്കം കോടതിയിൽ ഹാജരാക്കിയ സർക്കാർ ഈ വാദത്തെ എതിർത്തു. ഇക്കാര്യത്തിൽ വാമൊഴികൾ മാത്രമാണോ ഉള്ളതെന്നും കട്ടിളപ്പാളികൾ സ്വർണം പൊതിഞ്ഞിരുന്നതിന് രേഖയുണ്ടോ എന്നതാണ് പ്രാധന ചോദ്യമെന്നും കോടതി നിരീക്ഷിച്ചു.
തുടർന്ന് എഫ്.ഐ.ആർ പരിശോധിച്ച കോടതി, കട്ടിളപ്പാളിയെന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ശിവരൂപമടക്കം അനുബന്ധ കൊത്തുപണികളുടെ വിവരങ്ങൾ ഇതിലില്ലെന്നും ചൂണ്ടിക്കാട്ടി. ഇവ കൂട്ടിച്ചേർക്കാൻ അനുബന്ധ റിപ്പോർട്ട് നൽകിയിട്ടുണ്ടോ എന്നും ആരാഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

