ശബരിമല സ്വർണക്കൊള്ള കുടുങ്ങുമോ വൻ സ്രാവുകൾ?; വലവിരിച്ച് എസ്.ഐ.ടി
text_fieldsതിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണസംഘം ‘വമ്പൻ സ്രാവുകൾക്ക്’ പിന്നാലെ. അന്വേഷണം മുകള്‍ത്തട്ടിലേക്ക് എത്തുന്നില്ലെന്ന ആക്ഷേപങ്ങൾ ഉയരുന്നതിനിടെയാണ് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി.എസ്. പ്രശാന്തിനെയും ചോദ്യം ചെയ്തത്. അതീവ രഹസ്യമായായിരുന്നു എസ്.പി. ശശിധരന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ. അടുത്ത ലക്ഷ്യം ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കർദാസാണ്. അദ്ദേഹത്തിന്‍റെ മൊഴിയിലൂടെ ‘സ്വർണം കട്ട’വരിലേക്കുള്ള തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ.
എ. പത്മകുമാര്‍ പ്രസിഡന്റായിരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സമിതിയിലെ അംഗങ്ങളായിരുന്നു എന്‍. വിജയകുമാറും കെ.പി. ശങ്കർദാസും. എന്‍. വിജയകുമാർ മാനസിക സമ്മര്‍ദം സഹിക്കാനാകാതെ കഴിഞ്ഞദിവസം കീഴടങ്ങി. ശങ്കർദാസാകട്ടെ ആരോഗ്യ കാരണങ്ങള്‍ പറഞ്ഞു ചോദ്യംചെയ്യലിൽനിന്ന് വിട്ടുനിൽക്കുകയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അതിരുവിട്ട് സഹായിക്കാനായി മൂവരും ചേർന്ന് ദേവസ്വം മാന്വല്‍ തിരുത്തി എഴുതിയെന്ന് കണ്ടെത്തലുണ്ട്. മിനിറ്റ്‌സ് തിരുത്തിയതും പുതിയ ഉത്തരവുകള്‍ എഴുതി ചേര്‍ത്തതും ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ പ്രസിഡന്റായിരുന്ന എ. പത്മകുമാര്‍, എന്‍. വിജയകുമാറിനെയും കെ.പി. ശങ്കർദാസിനെയും ബോധ്യപ്പെടുത്തിയിരുന്നു. വന്‍തുക ലാഭം മോഹിച്ചും വ്യക്തി താല്‍പര്യം ഉള്‍പ്പെടെ നേട്ടം ലക്ഷ്യമിട്ടും നിയമലംഘനത്തിന് ഇരുവരും കൂട്ടുനില്‍ക്കുകയായിരുന്നു.
പത്മകുമാര്‍ ഇക്കാര്യങ്ങള്‍ സമ്മതിച്ചിട്ടുണ്ടെന്നും വിജയകുമാറിനും ശങ്കർദാസിനും ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും അന്വേഷണ സംഘം പറയുന്നു. മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയെ പ്രതിചേർത്തിട്ടുണ്ടെങ്കിലും ചോദ്യം ചെയ്യാൻ സാധിച്ചിട്ടില്ല. ആരോഗ്യകാരണം പറഞ്ഞ് സുപ്രീംകോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ അറസ്റ്റ് തടഞ്ഞിരിക്കുകയാണ്. ജനുവരി എട്ടിനും ഒമ്പതിനും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാൻ അവർക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇതുവരെ പത്ത് പേരെ എസ്.ഐ.ടി അറസ്റ്റ് ചെയ്തിട്ടുണ്ട്. റിമാൻഡിലുള്ള ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരി, സ്വർണം വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറിയുടമ ഗോവർധൻ എന്നിവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്താലേ തൊണ്ടി മുതലായ സ്വർണപ്പാളികൾ കണ്ടെടുക്കാനാവൂ എന്നും എസ്.ഐ.ടി കരുതുന്നു. ഹൈകോടതി നൽകിയ അന്വേഷണ കാലാവധി ജനുവരി പകുതിയോടെ അവസാനിക്കും. അതിനുമുമ്പ് അന്വേഷണം പൂർത്തിയാക്കാനാണ് എസ്.ഐ.ടിയുടെ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

