ശബരിമല സ്വർണക്കൊള്ള: എ. പത്മകുമാർ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ എം.എൽ.എയുമായിരുന്ന എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തു. ഐസ്.ഐ.ടി(പ്രത്യേക അന്വേഷണ സംഘം) ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തലസ്ഥാനത്തെ രഹസ്യ കേന്ദ്രത്തിലായിരുന്നു മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ. പത്മകുമാറിനെ കൊല്ലം വിജി കോടതിയിൽ ഇന്ന് തന്നെ ഹാജരാക്കും.
വ്യാഴാഴ്ച രാവിലെയാണ് പത്മകുമാര്‍ പത്തനംതിട്ടയിലെ വീട്ടിൽ നിന്ന് എസ്.ഐ.ടിക്ക് മുന്നില്‍ ചോദ്യംചെയ്യലിനായി ഹാജരായത്. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നേരത്തേ അറസ്റ്റിലായവരുടെ മൊഴികളെല്ലാം പത്മകുമാറിനെതിരായിരുന്നു. മുരാരി ബാബു മുതല്‍ എന്‍. വാസു വരെയുള്ള പ്രതികള്‍ പത്മകുമാറിനെതിരെയാണ് മൊഴി നല്‍കിയത്. പത്മകുമാര്‍ പറഞ്ഞിട്ടാണ് സ്വര്‍ണം ചെമ്പാക്കി ഉത്തരവിറക്കിയതെന്നാണ് ഇവരുടെ മൊഴികളിലുള്ളതെന്നും സൂചനയുണ്ട്.
സ്വര്‍ണക്കൊള്ള കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാനായി എ. പത്മകുമാറിന് നേരത്തേ രണ്ടുതവണ എസ്.ഐ.ടി നോട്ടീസ് നല്‍കിയിരുന്നു. എന്നാൽ പല കാരണങ്ങൾ പറഞ്ഞ് സമയം നീട്ടി ചോദിക്കുകയായിരുന്നു.
എന്‍. വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന് രണ്ടാമതും നോട്ടീസ് നല്‍കിയത്. ഇതോടെ അന്വേഷണം ഇനി പത്മകുമാറിനെ കേന്ദ്രീകരിച്ചാണെന്ന് സൂചനയുണ്ടായിരുന്നു. എന്‍. വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരിക്കെ പത്മകുമാറായിരുന്നു ബോര്‍ഡ് പ്രസിഡന്റ്. സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ്.
ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു, മുന്‍ എക്സിക്യുട്ടീവ് ഓഫിസര്‍ ഡി. സുധീഷ്‌കുമാര്‍, മുന്‍ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എന്‍. വാസു തുടങ്ങിയവരാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇതുവരെ അറസ്റ്റിലായത്.
അതിനിടെ, എന്‍. വാസുവിനെ വ്യാഴാഴ്ച വൈകീട്ട് നാലുവരെ എസ്.ഐടിയുടെ കസ്റ്റഡിയി വിട്ടുനൽകിയിരുന്നു. വാസുവിനെയും പത്മകുമാറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം.
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒത്താശചെയ്തത് പത്മകുമാറാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിഗമനം. പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും എസ്.ഐ.ടി കണ്ടെത്തിയിരുന്നു. പത്മകുമാറിന്റെ സാമ്പത്തിക സ്രോതസ്സുകളടക്കം എസ്.ഐ.ടി വിശദമായി അന്വേഷിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

