ശബരിമല സ്വർണക്കൊള്ള: നാൾവഴികൾ
text_fieldsശബരിമല
പത്തനംതിട്ട: ഹൈകോടതിയുടെ അനുമതിയില്ലാതെ ദ്വാരപാലകശിൽപ പാളികൾ പുറത്തുകൊണ്ടുപോയെന്ന ശബരിമല സ്പെഷല്‍ കമീഷണറുടെ റിപ്പോർട്ടോടെ പുറത്തുവന്ന വിവാദം എത്തിനിൽക്കുന്നത്, നടന്നത് വൻ കൊള്ളയെന്ന കണ്ടെത്തലിൽ. വിവാദം തുടങ്ങി 34 ാംദിവസം ക്രൈം ബ്രാഞ്ച് കേസെടുക്കുകയും ചെയ്തു. സെപ്റ്റംബർ ഏഴിന് രാത്രി ശബരിമല ശ്രീകോവിലിന്റെ ഇരുവശങ്ങളിലെയും ദ്വാരപാലക ശിൽപങ്ങളിലെ സ്വര്‍ണം പൂശിയ പാളികള്‍ ഇളക്കിയെടുത്തതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. പിറ്റേന്ന് ഇവ അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് കൊണ്ടുപോയി. ഇതിനുപിന്നാലെയാണ് കോടതി അനുമതി വാങ്ങാതെ സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണികൾക്ക് ചെന്നൈയിലേക്ക് കൊണ്ടുപോയതെന്ന് ശബരിമല സ്പെഷല്‍ കമീഷണര്‍ ജസ്റ്റിസ് ആര്‍. ജയകൃഷ്ണന് ഹൈകോടതിക്ക് റിപ്പോര്‍ട്ട് നൽകിയത്.
ശബരിമലയിലെ അറ്റകുറ്റപ്പണികള്‍ക്ക് ഹൈകോടതി ദേവസ്വം ബെഞ്ചിന്റെ അനുമതി വാങ്ങണമെന്ന നിര്‍ദേശം ലംഘിച്ചെന്നായിരുന്നു റിപ്പോർട്ട്. ഇതിൽ ഇടപെട്ട ഹൈകോടതി ദേവസ്വം ബെഞ്ച്, തുടർപരിശോധനകളിൽ ഇതേ ശിൽപപാളികൾ 2019ൽ സ്വർണം പൂശിയതിനുശേഷം തിരികെ കൊണ്ടുവന്നപ്പോൾ 4.147 കിലോ കുറഞ്ഞതായി കണ്ടെത്തി. ഇതോടെ സമഗ്ര അന്വേഷണത്തിന് ദേവസ്വം വിജിലൻസിന് കോടതി നിർദേശം നൽകി.
ഇതിനിടെ, ദ്വാരപാലക ശിൽപങ്ങൾക്കായി നിർമിച്ചുനൽകിയ താങ്ങുപീഠം കാണാതായെന്ന വാദവുമായി സെപ്റ്റംബർ 17ന് ഉണ്ണികൃഷ്ണൻ പോറ്റി രംഗത്തെത്തിയത് വലിയ ചർച്ചയായി. സെപ്റ്റംബർ 28ന് പീഠങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ വീട്ടിൽനിന്ന് തന്നെ ദേവസ്വം വിജിലൻസ് കണ്ടെടുത്തു. ഇതോടെ അന്വേഷണം ഉണ്ണികൃഷ്ണൻ പോറ്റിയിലേക്കായി. ഇതിന്റെ തുടർച്ചയായാണ് ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം കവർന്നുവെന്ന കണ്ടെത്തൽ.
2019ൽ സ്വർണം പൂശാൻ ചെമ്പ് പാളികളാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്നായിരുന്നു ദേവസ്വം രേഖകൾ. ലഭിച്ചത് ചെമ്പാണെന്ന്, ഉണ്ണികൃഷ്ണൻ പോറ്റിയും ആവർത്തിച്ചു. എന്നാൽ, 1999ൽ വിജയ് മല്യ സ്വർണം പതിപ്പിച്ച പാളികളാണ് നൽകിയതെന്ന്, ദേവസ്വം വിജിലൻസ് കോടതിക്ക് റിപ്പോർട്ട് നൽകി. പിന്നാലെ, 1999ൽ വിജയ് മല്യ സ്വർണം പതിപ്പിച്ച ശ്രീകോവിൽ കട്ടിളകളും ചെമ്പെന്ന് രേഖപ്പെടുത്തി കടത്തിയതായി വ്യക്തമായി. ഇതിനൊടുവിലാണ് തട്ടിപ്പ് പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലെത്തി നിൽക്കുന്നത്. ശബരിമലയിലെ സ്വർണം കടത്താൻ ദേവസ്വം ഉദ്യോഗസ്ഥരും കൂട്ടുനിന്നതായി കണ്ടെത്തിയിട്ടുണ്ട്. മഹസ്സറിൽ ചെമ്പെന്ന് രേഖപ്പെടുത്തിയ 2019ലെ അഡ്മിനിസ്ട്രേഷൻ ഓഫിസർ മുരാരി ബാബുവിനെ ബോർഡ് സസ്പെൻഡ് ചെയ്തിരുന്നു.
സ്മാർട്ട് ക്രിയേഷൻസിന്‍റെ കണക്കിൽ പൊരുത്തക്കേട്
പത്തനംതിട്ട സ്വർണപ്പാളി തട്ടിപ്പിൽ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിന്റെ കണക്കുകളിലും പൊരുത്തക്കേട് കണ്ടെത്തി. ദ്വാരപാലക ശിൽപത്തിൽ 1999ൽ വിജയ് മല്യ 1546 ഗ്രാം സ്വർണം പതിപ്പിച്ചതായാണ് ദേവസ്വം രേഖകൾ. എന്നാൽ, ഇവ വീണ്ടും സ്വർണം പൂശാൻ എത്തിച്ചപ്പോൾ രാസലായനിയിൽ മുക്കി ചെമ്പും സ്വർണവും വേർതിരിച്ചെന്ന് അവകാശപ്പെടുന്ന സ്മാർട്ട് ക്രിയേഷൻസ്, ദ്വാരപാലകശിൽപ പാളികളിൽനിന്ന് 577 ഗ്രാം സ്വർണം ലഭിച്ചെന്നാണ് വിജിലൻസിനെ അറിയിച്ചിരിക്കുന്നത്. ഇതോടെ പാളികളിലുണ്ടായിരുന്ന ഒരുകിലോയോളം സ്വർണം എങ്ങനെ നഷ്ടമായെന്ന ദുരൂഹത തുടരുകയാണ്. സ്വർണം പൂശിയ പാളികൾ സ്വീകരിക്കില്ലെന്ന് ആവർത്തിച്ച സ്മാർട്ട് ക്രിയേഷൻസാണ് പിന്നീട്, ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ പാളികൾ ഉരുക്കി സ്വർണം വേർതിരിച്ചതായി മൊഴി നൽകിയത്. ദേവസ്വം വിജിലൻസിന് മൊഴി നൽകിയതിനുമുമ്പ് ഉണ്ണികൃഷ്ണൻ പോറ്റി ഇവരുമായി ബന്ധപ്പെട്ടതിന്റെ സൂചനകളും പുറത്തുവന്നിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണപ്പാളികൾ നൽകിയ ഉന്നതരെ രക്ഷിക്കാനുള്ള നീക്കമാണോ ഇതെന്നും സംശയമുണ്ട്. സ്ഥാപനത്തെക്കുറിച്ചും വിശദ അന്വേഷണം വേണമെന്ന് ദേവസ്വം വിജിലൻസ് നിർദേശിച്ചിട്ടുണ്ട്.
കാണാതായ സ്വർണത്തിൻറെ വ്യാപ്തി ഇനിയും കൂടുമെന്നാണ് വിവരങ്ങള്‍. ദേവസ്വം വിജലിൻസിന്റെ അന്തിമ റിപ്പോർട്ടിൽ ശബരിമലയിൽ നിന്ന് കാണാതായത് 989 ഗ്രാം സ്വർണം അഥവാ 124 പവനാണ്. സ്മാർട്ട് ക്രിയേഷൻസ് സി.ഇഴഒ പങ്ക് ഭണ്ഡാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഈ കണക്ക്. എന്നാൽ, ’98ൽ യുബി ഗ്രൂപ് നൽകിയതിൽ ദ്വാരപാലക ശിൽപങ്ങൾ പൊതിയാൻ ഉപയോഗിച്ചത് ഒന്നര കിലോ സ്വർണം. 2019ൽ ചെന്നെയിൽ ഉരുക്കിയപ്പോൾ ദ്വാരപാലക ശിൽപങ്ങളിൽനിന്ന് കിട്ടിയതായി സ്മാർട്ട് ക്രിയേഷൻസ് പറയുന്നത് 577 ഗ്രാം മാത്രം. ബാക്കി ഒരു കിലോയോളം സ്വർണം എവിടെ അപ്രത്യക്ഷമായി. ഇതിന് പുറമെ വശങ്ങളിലെ ഏഴ് പാളികൾ ഉരുക്കി വേർതിരിച്ചപ്പോൾ 409 ഗ്രാം സ്വർണം കിട്ടിയെന്നാണ് സ്മാർട്ട് ക്രിയേഷൻസ് വാദം. ’98ൽ പാളികൾ പൊതിയാൻ എത്ര സ്വർണം ഉപയോഗിച്ചു എന്നതിന് കൃത്യമായ രേഖകളില്ല. ഇത് രണ്ടും ചേർക്കുമ്പോൾ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം ഒന്നര ക്കിലോയലധികം സ്വർണം വേണം. പക്ഷെ അന്തിമ റിപ്പോർട്ടിൽ പറയുന്നത് അരക്കിലോയിൽ താഴെസ്വർണം മാത്രമെന്ന്. അപ്രത്യക്ഷമായ കൂടുതൽ സ്വർണം കണ്ടെത്തലാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ മുന്നിലെ വെല്ലുവിളി. നിലവിൽ സ്മാർട്ട് ക്രിയേഷൻസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. എന്നാൽ മൊഴികളിൽ പലതരം വൈരുധ്യങ്ങളുണ്ട്
ശബരിമല സ്വർണക്കൊള്ളയിൽ രണ്ട് എഫ്.ഐ.ആര്‍ എടുത്ത് ക്രൈംബ്രാഞ്ച്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും ദേവസ്വം ഉദ്യോഗസ്ഥരെയും അടക്കം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് രണ്ടുകേസുകളെടുത്തത്. ദ്വാരപാലക ശിൽപപാളി, കട്ടിള എന്നിവയിൽനിന്നും സ്വർണം കവർന്നതിന് വെവ്വേറെ കേസുകളാണ് എടുത്തിരിക്കുന്നത്. ദ്വാരപാലക ശിൽപപാളി കേസില്‍ 10 പ്രതികളും കട്ടിള കേസില്‍ എട്ടു പ്രതികളുമാണുള്ളത്. സ്മാർട്ട് ക്രിയേഷൻസ് നിലവിൽ പ്രതിയല്ല. കേസ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും. കവർച്ച, വ്യാജരേഖ ചമക്കൽ, വിശ്വാസ വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കും ഉടൻ കടക്കാൻ സാധ്യതയുണ്ട്. ദ്വാരപാലക ശിൽപപാളി, കട്ടിള എന്നിവയിൽ നിന്ന് സ്വർണം കവർന്നതിനാണ് വെവ്വേറെ കേസുകൾ. ആദ്യ എഫ്.ഐ.ആറിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി അടക്കം പത്ത് പ്രതികളാണുള്ളത്. കട്ടിളയിലെ സ്വർണം കവർന്നതിലെ എഫ്.ഐ.ആറിൽ എട്ട് പ്രതികൾ. കവർച്ച, വിശ്വാസ വഞ്ചന ഗൂഢാലോചന, വ്യാജരേഖ ചമക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. പോറ്റി അടക്കമുള്ളവരെ ചോദ്യം ചെയ്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കും ഉടൻ കടക്കാൻ സാധ്യതയുണ്ട്. പോറ്റിയെയും ഉദ്യോഗസ്ഥരെയും തള്ളിയാണ് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പ്രതികരണം. അതേസമയം, ബോർഡ് അംഗങ്ങൾ, അതിന് മുകളിലുള്ള ഭരണനേതൃത്വം എന്നിവരിലേക്ക് കൂടി അന്വേഷണം നീങ്ങുമോ എന്നാണ് ഇനി അറിയേണ്ടത്. പോറ്റിയും ഉദ്യോഗസ്ഥരും മാത്രം വിചാരിച്ചാൽ ഇത്രയേറെ സ്വർണം കടത്താനാകില്ല.
ശബരിമല സ്വര്‍ണക്കവര്‍ച്ചയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ അന്വേഷണം ഊർജ്ജിതമാക്കി എസ്.ഐ.ടി. ആദ്യം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയെടുക്കാനാണ് നീക്കം. പോറ്റിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടെന്നാണ് സൂചന. വ്യത്യസ്ത ടീമുകളായി തിരിഞ്ഞ് ചെന്നൈയിലേക്കും, ബംഗളൂരുവിലേക്കും ഉള്‍പ്പെടെ എസ്.ഐ.ടി അന്വേഷണം വ്യാപിപ്പിക്കും. ഇതിനിടെ, അറ്റകുറ്റപ്പണി കഴിഞ്ഞ ദ്വാരപാലക ശില്‍പപാളികള്‍ അമിക്കസ്ക്യൂറി ഇന്ന് പരിശോധിക്കും.
ദ്വാരപാലക ശിൽപപാളി, കട്ടിള എന്നിവയിൽനിന്ന് സ്വർണം കവർന്ന രണ്ട് കേസുകളിലുമായി ആദ്യം ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി രേഖപ്പെടുത്തും. ഇതിനായി ഉണ്ണികൃഷ്ണൻ പോറ്റിയോട് ഹാജരാകാൻ എസ്.ഐ.ടി ആവശ്യപ്പെട്ടിട്ടുവെന്നാണ് സൂചന. അതിനുശേഷം മുരാരി ബാബു ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. നിലവിൽ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് കമ്പനിയെ പ്രതിയാക്കിയിട്ടില്ല. കൂടുതൽ അന്വേഷണത്തിന് ശേഷമായിരിക്കും പ്രതി ചേർക്കുക. വേർതിരിച്ചെടുത്ത സ്വർണം ഒരു സുഹൃത്തിന് നൽകിയെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം വിജിലൻസിന് മൊഴി നൽകിയത്. പോറ്റി പറഞ്ഞതനുസരിച്ച് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഒരു സുഹൃത്തിന് കൈമാറി എന്നാണ് സ്മാർട്ട് ക്രിയേഷൻസിന്‍റെയും മൊഴി. കല്‍പേഷ് എന്ന സുഹൃത്തിനാണ് വേര്‍തിരിച്ച സ്വര്‍ണം കൈമാറിയതെന്നാണ് പോറ്റിയുടെ മൊഴി. ഇയാളെ കണ്ടെത്താനുള്ള അന്വേഷണവും ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാളിൽനിന്ന് നഷ്ടപ്പെട്ട സ്വർണം കണ്ടെത്താൻ സാധിക്കുമെന്നാണ് കണക്ക് കൂട്ടൽ. പോറ്റിയുടെ പ്രതിനിധിയായി സ്മാർട്ട് ക്രിയേഷൻസിൽനിന്ന് വേര്‍തിരിച്ച സ്വർണം കൽപേഷാണ് ഏറ്റുവാങ്ങിയതെന്നാണ് മൊഴി. എസ്.ഐ.ടിയിൽ പുതുതായി ഉൾപ്പെടുത്തിയ അംഗങ്ങൾ ഉൾപ്പെടെ പല വിഭാഗങ്ങളായി തിരിഞ്ഞാകും അന്വേഷണം. മൂന്ന് സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണത്തെ രണ്ട് എസ്‍.പിമാര്‍ ഏകോപിപ്പിക്കും. പത്തനംതിട്ടയിൽ ക്യാമ്പ് ഓഫിസ് തുറക്കും.
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അന്വേഷണവുമായി ഇ.ഡിയും
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അന്വേഷണവുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും. അന്വേഷണത്തിന്‍റെ ഭാഗമായി ഇ.ഡി പ്രാഥമിക വിവരശേഖരണം തുടങ്ങി.ശബരിമല സ്വർണക്കൊള്ളയിൽ അതിവേഗ അന്വേഷണം. സ്വർണം ഉരുക്കിയെടുത്ത സ്മാർട്ട് ക്രിയേഷൻസിൽ പരിശോധന നടത്താൻ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) ചെന്നൈയിലെത്തി. എന്നാൽ ഞായറാഴ്ച ആയതിനാൽ ഇന്ന് അവധിയെന്ന് കമ്പനി അധികൃതർ അറിയിച്ചു. ഓഫിസിന് ഇന്ന് അവധിയെന്ന് സ്മാർട്ട് ക്രിയേഷൻസ് വൈസ് പ്രസിഡന്‍റ് ആർ. മുരളി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്‌ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യാൻ എസ്.ഐ.ടി തീരുമാനിച്ചിട്ടുണ്ട്. സ്മാർട്ട് ക്രിയേഷൻസ് കമ്പനിയിൽനിന്ന് പോറ്റിക്കായി സ്വർണം ഏറ്റുവാങ്ങിയ കൽപേഷിനെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് എസ്.ഐ.ടി. അതേസമയം ശബരിമല സന്നിധാനത്ത് അമിക്കസ് ക്യൂറി കെ.ടി. ശങ്കരന്‍റെ നിർണായക പരിശോധന ഇന്നും തുടരുകയാണ്. സ്മാർട്ട് ക്രിയേഷൻസിന്‍റെ പ്രതിനിധിയടക്കമുള്ളവരെ സന്നിധാനത്ത് എത്തിച്ചിട്ടുണ്ട്.
അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിലാണ് ശബരിമല സന്നിധാനത്തെ പരിശോധന തുടരുന്നത്. സ്ട്രോങ് റൂം പരിശോധനയടക്കമാണ് നടക്കുന്നത്. അറ്റകുറ്റപ്പണി പൂർത്തിയാക്കി എത്തിച്ച ദ്വാരപാലക പാളികളുടെ പരിശോധനയും ഇന്ന് നടക്കും. സന്നിധാനത്തെ നടപടികൾ പൂർത്തിയാക്കിയ ശേഷം നാളെ പ്രധാന സ്ട്രോങ് റൂം ആയ ആറന്മുളയിൽ കണക്കെടുപ്പ് നടത്തും. കാലങ്ങളായി തീർഥാടകർ സമർപ്പിച്ചിട്ടുള്ള വിലപിടിപ്പുള്ള വസ്തുക്കളുടെ കണക്കെടുപ്പാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്. പൊരുത്തക്കേട് കണ്ടെത്തിയാൽ ഹൈകോടതി ഇക്കാര്യത്തിലും ശക്തമായ നടപടിയെടുക്കും.
അതേസമയം ശബരിമലയിലെ സ്വർണക്കൊള്ള കേസില്‍ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുകയാണ്. കട്ടിളയിലെ സ്വർണാപഹരണം സംബന്ധിച്ച രണ്ടാം കേസിലെ എഫ്.ഐ.ആറിൽ ദേവസ്വം ബോര്‍ഡ് അംഗങ്ങളെയും പ്രതികളാക്കി. കേസിലെ 8-ാം പ്രതിയായി ചേർത്തിരിക്കുന്നത് 2019 ലെ ദേവസ്വം ബോർഡ് അംഗങ്ങളെയാണ്. ആരുടെയും പേര് എഫ്.ഐ.ആറിലില്ലെങ്കിലും 2019 ലെ എ. പത്‌മകുമാർ പ്രസിഡന്‍റായ ഭരണസമിതി ഇതോടെ പ്രതിക്കൂട്ടിലായിട്ടുണ്ട്. 2019 ല്‍ ദേവസ്വം അംഗങ്ങളുടെ അറിവോടുകൂടിയാണ് സ്വര്‍ണപ്പാളികള്‍ ഇളക്കി എടുത്തതെന്ന് എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബോർഡിന് നഷ്‌ടമുണ്ടാക്കാനായി പ്രതികൾ ഗൂഢാലോചന നടത്തിയെന്നും എഫ്.ഐ.ആർ പറയുന്നു. അതേസമയം താൻ ഉള്‍പ്പെട്ട അന്നത്തെ ദേവസ്വം ബോര്‍ഡിനെ പ്രതി പട്ടികയിൽ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് അറിയില്ലെന്നും ഏത് അന്വേഷണത്തെയും നിയമപരമായി നേരിടുമെന്നും എ. പത്മകുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

