ശബരിമല സ്വർണക്കൊള്ള: ഇ.ഡി അന്വേഷണത്തിന് വഴിതെളിഞ്ഞതോടെ ആശ്വാസത്തിൽ ബി.ജെ.പി; ആശങ്കയിൽ സി.പി.എം
text_fieldsതിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിന് വഴിതെളിഞ്ഞതോടെ സമര രംഗത്തുള്ള ബി.ജെ.പി ആശ്വാസത്തിലും ‘പ്രതിസ്ഥാനത്തുള്ള’ സി.പി.എം ആശങ്കയിലും. സ്വർണക്കൊള്ളയുടെ തുടക്കത്തിൽ തന്നെ ഹൈകോടതിയുടെ മേൽനോട്ടമുണ്ടെങ്കിലും കേരള പൊലീസിന്റെ അന്വേഷണത്തിൽ യാഥാർഥ കുറ്റവാളികളിലേക്ക് അന്വേഷണം പോകില്ലെന്നതായിരുന്നു ബി.ജെ.പി പറഞ്ഞത്.
എന്നാൽ, അന്വേഷണത്തിൽ ഒരുതരത്തിലും ഇടപെടില്ലെന്നും സ്വതന്ത്രാന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തട്ടെ എന്ന നിലയാണ് സി.പി.എം സ്വീകരിച്ചത്. സമരം തുടരുന്നതിനിടെ ബി.ജെ.പി കേന്ദ്ര ഏജൻസിയുടെ ഇടപെടലിന് നീക്കങ്ങളും നടത്തി. പാർട്ടി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തന്നെ കേന്ദ്ര ഇടപെടലിനായി ഗവർണർ രാജേന്ദ്ര ആർലേക്കറിന് നിവേദനം നൽകിയതിനുപിന്നാലെയാണ് നടപടികളുണ്ടായത്. കേസ് വിവരങ്ങൾ തിരക്കിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് (ഇ.ഡി) ആദ്യഘട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പുറംതിരിഞ്ഞ് നിൽക്കുകയായിരുന്നു.
കേസിന്റെ മുഴുവൻ രേഖകളും ഇ.ഡിക്ക് നൽകാൻ കൊല്ലം വിജിലൻസ് കോടതിയി ഉത്തരവിട്ടതോടെയാണിപ്പോൾ കേന്ദ്രാന്വേഷണത്തിന് വഴിയൊരുങ്ങിയത്. ഇ.ഡി സംസ്ഥാന സർക്കാറിലേക്കും മുൻ ദേവസ്വം മന്ത്രിയും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ കടകംപള്ളി സുന്ദ്രേനിലേക്കടക്കം പെട്ടെന്ന് അന്വേഷണം എത്തിക്കുമോ എന്നാണ് സി.പി.എം ആശങ്കപ്പെടുന്നത്.
അതേസമയം, കേന്ദ്രാന്വേഷണത്തിന് വഴിതെളിഞ്ഞത് വലിയ വിജയമെന്നാണ് ബി.ജെ.പിയുടെ പ്രതികരണം. ശബരിമലയിലെ കൊള്ളയെ മുഖ്യമന്ത്രി പിണറായി വിജയൻ വെറുമൊരു ‘വീഴ്ച’ എന്ന് നിസ്സാരവത്ക്കരിക്കുന്നത് ആരെ സംരക്ഷിക്കാനാണ്? കോൺഗ്രസ് തുടങ്ങിവെച്ച കള്ളക്കളികൾ എൽ.ഡി.എഫ് സർക്കാർ ഏറ്റെടുത്ത് നടത്തുകയായിരുന്നുവെന്നും രണ്ട് മുന്നണികളും ചേർന്നുള്ള ഒത്തുകളി തുറന്നുകാട്ടാൻ വിട്ടുവീഴ്ചയില്ലാത്ത കേന്ദ്ര അന്വേഷണം അനിവാര്യമാണെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.
ഇ.ഡി അന്വേഷിച്ചാൽ കൂടുതൽ അറസ്റ്റ് ?
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസുകളുടെ എഫ്.ഐ.ആറുകൾ, റിമാൻഡ് റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ളവയുടെ പകർപ്പ് ആവശ്യപ്പെട്ട് ഇ.ഡി നൽകിയ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ജഡ്ജി സി. മോഹിതാണ് അനുകൂലമായി ഉത്തരവിട്ടത്. സർക്കാറും എസ്.ഐ.ടിയും സമാന്തര അന്വേഷണത്തെ അനുകൂലിച്ചിരുന്നില്ല.
തങ്ങളുടെ അന്വേഷണം പൂർത്തിയാക്കിയിട്ട് മതി മറ്റൊരു അന്വേഷണം എന്നതായിരുന്നു എസ്.ഐ.ടി നിലപാട്. കേന്ദ്ര സർക്കാറിന്റെ നിയന്ത്രണത്തിലുള്ള ഇ.ഡി അന്വേഷിച്ചാൽ കൂടുതൽ ഉന്നതരെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നതാണ് സർക്കാറിനെ ഭയപ്പെടുത്തുന്നത്. കേസിന്റെ റിമാൻഡ് റിപ്പോർട്ടുകൾ കൂടാതെ ഇതുവരെ അറസ്റ്റിലായവരുടെയും മറ്റുള്ളരുടെയും മൊഴികളും പിടിച്ചെടുത്ത രേഖകളുടെ അടക്കം പകർപ്പ് ആവശ്യപ്പെട്ടാണ് അപേക്ഷ നൽകിയതെന്ന് ഇ.ഡിയുടെ അഭിഭാഷകൻ പറഞ്ഞിരുന്നു. സ്വന്തം നിലയിൽ ഇ.ഡിക്ക് കേസെടുക്കാനാകുമെങ്കിലും എസ്.ഐ.ടി അന്വേഷണ രേഖകൾ ലഭിച്ചാൽ തുടർ നടപടികൾ എളുപ്പമാകുമെന്ന വിലയിരുത്തലിലാണ് അവർ കോടതിയെ സമീപിച്ചത്. അതിലാണ് കോടതി അനുകൂല ഉത്തരവ് നൽകിയത്. അതേസമയം, മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്. ബൈജുവിന്റെ ജുഡീഷ്യൽ റിമാൻഡ് ജനുവരി ഒന്നു വരെ ദീർഘിപ്പിക്കാനും വിജിലൻസ് കോടതി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

