ശബരിമല സ്വർണക്കൊള്ള: ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് അഡ്വ. കെ.ബി. പ്രദീപിനെ നിയമിച്ചത് ദുരൂഹം, പ്രതികരണവുമായി കെ.എൻ. ബാലഗോപാൽ
text_fieldsതിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകൻ കെ.ബി. പ്രദീപിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചതിൽ പ്രതികരിച്ച് കെ.എൻ. ബാലഗോപാൽ. ഫേസ്ബുക്ക് വഴിയാണ് കെ.എൻ. ബാലഗോപാൽ പ്രതികരിച്ചത്. സ്വർണം കട്ടവർക്കെതിരായ കേസ് വാദിക്കാൻ ഇനി മുതൽ അവരുടെ ഏജന്റ് സർക്കാരിന് വേണ്ടി ഹാജരാകുമെന്നും കെ.എൻ. ബാലഗോപാൽ കുറിച്ചു. ശബരിമലയിൽ പോറ്റിയെ കയറ്റിയതാരെന്നും ആർക്ക് വേണ്ടിയാണെന്നും സാമാന്യബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. കൂടുതൽ വിസ്മയങ്ങൾക്കായി കാത്തിരിക്കാമെന്നും കെ.എൻ. ബാലഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.
സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനായ കെ.ബി. പ്രദീപിനെ ദേവസ്വം വകുപ്പിന്റെ സ്പെഷ്യൽ പ്ലീഡർ ആക്കി നിയമിച്ച സർക്കാർ നടപടി ദുരൂഹമാണ്. അഡ്വ. പ്രദീപ് ഉയർത്തിയ വാദങ്ങളിൽ ഒന്ന് ചെമ്പിൽ സ്വർണം പൂശുന്ന ജോലികൾ ഏറ്റെടുക്കുന്ന കമ്പനിയല്ല സ്മാർട്ട് ക്രിയേഷൻസ് എന്നാണ്. ഈ വാദം അടിസ്ഥാനരഹിതമാണ്. നിലവിൽ പ്രതിഭാഗം വക്കീലായ ആളാണ് ദേവസ്വം വകുപ്പിന്റെ സ്പെഷ്യൽ പ്ലീഡർ തസ്തികയിൽ നിയമിതനായത്.
കെ.ബി. പ്രദീപിനെ ദേവസ്വം വകുപ്പിന്റെ സ്പെഷ്യൽ പ്ലീഡർ ആക്കി നിയമിച്ച സർക്കാർ നടപടി ദുരൂഹമാണ് എന്നായിരുന്നു മുൻ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ പ്രതികരണം. നീതിന്യായ വ്യവസ്ഥക്കെതിരെയുള്ള വെല്ലുവിളി മാത്രമല്ല, ഈ നടപടി കേസ് അട്ടിമറിക്കുന്നതിനുള്ള നീക്കം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇല്ലാത്ത തസ്തിക സൃഷ്ടിച്ചാണ് കെ.ബി. പ്രദീപിന്റെ നിയമനം. പ്രതിപ്പട്ടികയിൽ മുഖ്യ സ്ഥാനമുള്ള പങ്കജ് ഭണ്ഡാരിയും ഉണ്ണികൃഷ്ണൻ പോറ്റിയും സോണിയ ഗാന്ധിയെ കണ്ടതിലുള്ള വിശദീകരണം നൽകാൻ ഇതുവരെ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല.
ഇസഡ് കാറ്റഗറി സുരക്ഷാ സന്നാഹങ്ങളുള്ള വീട്ടിൽ മുഖ്യപ്രതികൾ ഉൾപ്പെടെയുള്ള ആളുകൾ എന്തിനു വന്നു? എങ്ങനെ വന്നു? എന്നുള്ളത് ഇന്നും ദുരൂഹമാണ്. സ്വർണക്കൊള്ള കേസിൽ കോൺഗ്രസ് നേതാക്കൾക്കുള്ള ബന്ധം പുറത്തു വരാതിരിക്കാനുള്ള ഗൂഢമായ നീക്കമാണ് കെ.ബി. പ്രദീപിന്റെ നിയമനമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭണ്ഡാരിയുടെ വക്കീലിനുവേണ്ടി ഇല്ലാത്ത തസ്തിക ഉണ്ടാക്കി നൽകിയത് ഉദ്ദിഷ്ടകാര്യത്തിന്റെ ഉപകാരസ്മരണയാവും എന്നുള്ളത് ഉറപ്പായി.
അതേസമയം, സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ സർക്കാർ സ്പെഷ്യൽ പ്ലീഡറായി നിയമിച്ചതിനെ ദേവസ്വം മന്ത്രി കെ. മുരളീധരൻ ന്യായീകരിച്ചു. നിയമനം നടത്താനുള്ള മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യത്തിൽ താൻ ഇടപെടില്ലെന്നായിരുന്നു മുരളീധരന്റെ പ്രതികരണം.
കെ.എൻ. ബാലഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ശബരിമല സ്വർണക്കവർച്ചാ കേസിൽ പ്രതിസ്ഥാനത്തുള്ള ചെന്നൈ ആസ്ഥാനമായുള്ള 'സ്മാർട്ട് ക്രിയേഷൻസ്' എന്ന സ്ഥാപനത്തിന്റെ അഭിഭാഷകനായ അഡ്വ. കെ.ബി. പ്രദീപിനെ ദേവസ്വം ബോർഡ് സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചിരിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നിരിക്കുന്നു. ഇത് ശരിയാണെങ്കിൽ സ്വർണം കട്ടവർക്കെതിരായ കേസ് വാദിക്കാൻ ഇനിമുതൽ അവരുടെ ഏജന്റ് തന്നെ സർക്കാരിന് വേണ്ടി ഹാജരാകുന്ന 'വിസ്മയ'മാണ് കേരളം കാണാൻ പോകുന്നത്.
സോഷ്യൽ മീഡിയ റീലുകൾ ഉപയോഗിച്ച് സ്വർണം പൂശിയെത്തിച്ച യു.ഡി.എഫ് സർക്കാരിന്റെ വഞ്ചനയുടെ ചെമ്പ് ഓരോന്നായി തെളിയുകയാണ്. ശബരിമലയിൽ പോറ്റിയെ കയറ്റിയതാരാണെന്നും ആർക്ക് വേണ്ടിയാണെന്നും സാമാന്യബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇനിയും പല ചെമ്പുകളും തെളിഞ്ഞ് വരും. കൂടുതൽ വിസ്മയങ്ങൾക്കായി കാത്തിരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

