ശബരിമല സ്വർണപ്പാളി കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റിനും അംഗത്തിനും എസ്.ഐ.ടി നോട്ടീസ്
text_fieldsതിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളികൾ അനധികൃതമായി കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ അംഗം അജികുമാറിനും ചോദ്യംചെയ്യലിന് ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) നോട്ടീസ് അയച്ചു. അടുത്തയാഴ്ച ഹാജരാകാനാണ് ഇരുവരോടും ആവശ്യപ്പെട്ടത്. മുൻ ഭരണസമിതിയുടെ കാലത്ത് ഹൈകോടതിയുടെ അനുമതിയില്ലാതെ സ്വർണപ്പാളികൾ നവീകരണത്തിനായി ചെന്നൈയിലേക്ക് കൊണ്ടുപോയ സംഭവത്തിലാണ് അന്വേഷണം. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽതന്നെ ആവശ്യമെങ്കിൽ ഇവരെ വീണ്ടും ചോദ്യംചെയ്യാൻ വിളിക്കുമെന്ന് എസ്.ഐ.ടി വ്യക്തമാക്കിയിരുന്നു. 2019ൽ നടന്നതിന് സമാനമായി 2025ലും സ്വർണപ്പാളികൾ കടത്തിയെന്ന സംശയമാണ് എസ്.ഐ.ടിക്കുള്ളത്.
അതിനിടെ ഹൈകോടതി നിർദേശപ്രകാരം പുതിയ സാമ്പിളുകൾ ശേഖരിക്കാൻ പ്രത്യേക അന്വേഷണ സംഘം ഞായറാഴ്ച ശബരിമലയിലെത്തുമെന്നാണ് വിവരം. സ്വർണപ്പാളി കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിട്ടില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ ഭാരവാഹികൾക്കെതിരെ അന്വേഷണം നീളുന്നത് കേസിന്റെ ഗൗരവം വർധിപ്പിക്കുന്നു. കഴിഞ്ഞ ബോർഡ് ഭാരവാഹികൾക്കെതിരെയും അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. പുതിയ സാമ്പിളുകൾ ശേഖരിച്ചശേഷം അന്തിമഘട്ട നടപടികളിലേക്ക് കടക്കാനും വൈകാതെ കുറ്റപത്രം സമർപ്പിക്കാനുമാണ് എസ്.ഐ.ടി നീക്കം. കുറ്റപത്രം സമർപ്പിച്ചശേഷം കേസിൽ തുടർനടപടികളും പുനരന്വേഷണവും നടത്താനുള്ള നീക്കത്തിലാണ് യു.ഡി.എഫ് സർക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

