ശബരിമല സ്വർണക്കൊള്ള: നിയമസഭ കവാടത്തിൽ സത്യഗ്രഹം പ്രഖ്യാപിച്ച് യു.ഡി.എഫ്
text_fieldsയു,ഡി.എഫ് എം.എൽ.എമാരായ സി.ആർ. മഹേഷും നജീബ് കാന്തപുരവും സഭാ കവാടത്തിലെ സമത്തിൽ
തിരുവനന്തപുരം: ഏറെ വിവാദമായ ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭ തടസപ്പെടുത്തേണ്ടെന്ന് പ്രതിപക്ഷ തീരുമാനം. രാവിലെ നിയമസഭ മന്ദിരത്തിൽ ചേർന്ന യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി യോഗത്തിന്‍റേതാണ് തീരുമാനം. എന്നാൽ, പ്രതിഷേധത്തിന്‍റെ ഭാഗമായി സഭാ കവാടത്തിൽ പ്രതിപക്ഷ അംഗങ്ങൾ സത്യഗ്രഹം നടത്തും.
ഇതുപ്രകാരം ആദ്യ ദിവസം കോൺഗ്രസിലെയും മുസ് ലിം ലീഗിലെയും ഓരോ അംഗങ്ങൾ സത്യഗ്രഹം ഇരിക്കും. കോൺഗ്രസിൽ നിന്ന് സി.ആർ. മഹേഷും ലീഗിൽ നിന്ന് നജീബ് കാന്തപുരവുമാണ് യു.ഡി.എഫിനായി സത്യഗ്രഹം ഇരിക്കുക.
സഭാ നടപടികൾ ആരംഭിച്ചപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് രണ്ട് പ്രതിപക്ഷ അംഗങ്ങൾ സത്യഗ്രഹം ഇരിക്കുന്ന വിവരം സഭയെ അറിയിച്ചത്. സ്വർണക്കൊള്ളയിൽ ദേവസ്വം മന്ത്രി രാജിവെക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ സമ്മർദ്ദം പ്രത്യേക അന്വേഷണ സംഘത്തിന് മുകളിൽ ഉണ്ടാകരുതെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ അംഗങ്ങൾ സത്യഗ്രഹമിരിക്കുക. സഭാ നടപടികളോട് സഹകരിച്ച് കൊണ്ടുതന്നെ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും സതീശൻ വ്യക്തമാക്കി.
ഹൈകോടതിക്കെതിരായ സമരമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് വിഷയത്തിൽ ഇടപെട്ട് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു.പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കാര്യത്തിൽ ഇടപെടുന്നതും നടപടി സ്വീകരിക്കുന്നതും ഹൈകോടതിയാണ്. സഭാ കവാടത്തിൽ സമരം നടത്തിയാലും ഹൈകോടതിക്കെതിരായാണ് വരികയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജനുവരി 22ന് നിയമസഭ സമ്മേളനം ആരംഭിച്ചത് മുതൽ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രക്ഷുബ്ധ രംഗങ്ങൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കുമാണ് സഭ സാക്ഷ്യം വഹിച്ചത്. സർക്കാറിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് വെള്ളിയാഴ്ചത്തെ സഭാ സമ്മേളനം ഉപേക്ഷിക്കുകയും ചെയ്തു. ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ ‘പോറ്റിയേ കേറ്റിയേ...’ പാട്ട് പാടിയായിരുന്നു നിയമസഭയിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ.
ദേവസ്വം മന്ത്രി വി.എൻ വാസവന്‍റെ രാജി തേടിയും മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുമുള്ള പ്രതിപക്ഷ പ്രതിഷേധമാണ് സഭാതളത്തെ കത്തിച്ചു നിർത്തിയത്. പ്രതിരോധം തീർത്ത് ഭരണപക്ഷവും രംഗത്തിറങ്ങിയതോടെയാണ് വാക്പോരും മുദ്രാവാക്യം വിളിയുമായി ഇരുപക്ഷവും പോര് കടുപ്പിച്ചത്.
സ്പീക്കറുടെ കാഴ്ച മറച്ച് ഡയസിന് മുന്നിൽ ബാനറും പ്ലക്കാർഡും ഉയർത്തി പ്രതിപക്ഷം മുദ്രാവാക്യം വിളികളും പോറ്റിപാട്ടുമായി പ്രതിഷേധം തുടങ്ങിയതോടെ ഭരണപക്ഷവും ഇരിപ്പിടം വിട്ട് സഭയുടെ മുൻനിരയിൽ നിൽപുറപ്പിച്ചു. സ്വർണം കട്ടത് ആരപ്പാ....സഖാക്കളാണേ അയ്യപ്പാ... എന്ന് പ്രതിപക്ഷം പാടിയപ്പോൾ മറുവശത്ത് കോൺഗ്രസാണേ അയ്യപ്പാ... എന്ന മറുപടി പാട്ടും സോണിയ ഗാന്ധിക്കും അടൂർ പ്രകാശിനുമെതിരെ ആരോപണം ഉന്നയിച്ചുമായിരുന്നു ഭരണപക്ഷ പ്രതിരോധം.
ബഹളത്തിനിടെ ശ്രദ്ധക്ഷണിക്കലും സബ്മിഷനും വേഗത്തിൽ പൂർത്തിയാക്കിയ സ്പീക്കർ, ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചക്കും തുടക്കമിട്ടു. ചർച്ചക്ക് തുടക്കമിട്ട എൽ.ഡി.എഫ് കൺവീനറും ശ്രദ്ധക്ഷണിക്കലിനും സബ്മിഷനും മറുപടി നൽകിയ മന്ത്രിമാരായ എം.ബി രാജേഷും വി. ശിവൻകുട്ടിയും വീണ ജോർജും ഉണ്ണികൃഷ്ണൻപോറ്റി സോണിയ ഗാന്ധിയെ കണ്ടത് ആയുധമാക്കി പ്രതിപക്ഷത്തെ തിരിച്ചടിച്ചു. അടിയന്തര പ്രമേയ അവസരം ഉപയോഗിക്കാതെ പ്രതിപക്ഷം ഒളിച്ചോടുകയാണെന്ന് മന്ത്രി എം.ബി. രാജേഷ് ആരോപിച്ചപ്പോൾ കേസിൽ സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്നും വീട് റെയ്ഡ് ചെയ്യണമെന്നും മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.
ശബരില സ്വർണക്കൊള്ളയിൽ മന്ത്രി വാസവൻ രാജിവെക്കണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റിനെ പുറത്താക്കണമെന്നും ആവശ്യം ഉയർത്തി കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ സമരത്തിലായിരുന്നത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2024-25 കാലത്തും ഹൈകോടതി ശബരിമലയിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ, ഇതേ ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണെന്നും ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി രാജിവെക്കണമെന്നും സതീശൻ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

