സ്വർണക്കൊള്ള: തുടർ സമരം നടത്തും -കെ.സി. വേണുഗോപാൽ
text_fieldsസുൽത്താൻ ബത്തേരി: ദേവസ്വം ബോർഡ് അവിശ്വാസികളെ ഏൽപിച്ചതിന്റെ പരിണതഫലമാണ് കേരളം അനുഭവിക്കുന്നതെന്നും ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ശക്തമായ തുടർ സമര പരമ്പരകൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കോൺഗ്രസിന്റെ ‘ലക്ഷ്യ’ നേതൃക്യാമ്പിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈകോടതിയും സുപ്രീം കോടതിയും നടത്തിയ നിരീക്ഷണങ്ങൾ ഗൗരവതരമാണ്. എസ്.ഐ.ടി.യിൽ പോലും വിശ്വാസമില്ലായ്മ പ്രകടിപ്പിക്കുന്ന തരത്തിലാണ് കോടതിയുടെ ഇടപെടലുകൾ. രാജ്യത്തെ ഞെട്ടിപ്പിക്കുന്ന ഈ കൊള്ളക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എമ്മും സംസ്ഥാന സർക്കാറും സ്വീകരിക്കുന്നത്. ഇതിനെതിരെ ശക്തമായ ജനവികാരം ഉൾക്കൊണ്ടുകൊണ്ടുള്ള പ്രചാരണ പരിപാടികൾ ഉണ്ടാകും. സ്വർണക്കൊള്ളയിൽ അന്താരാഷ്ട്ര ബന്ധങ്ങള്‍ വെളിച്ചത്തുവന്നുകൊണ്ടിരിക്കുകയാണ്.
കൂടുതൽ ജാഗ്രതയോടും കരുതലോടും കൂടി പാർട്ടിയുടെ പ്രവർത്തനം ശക്തിപ്പെടുത്തി ജനങ്ങളിലേക്ക് എത്താനുള്ള കർമപരിപാടികളാണ് നേതൃക്യാമ്പ് ആവിഷ്‍കരിച്ചത്. ജനുവരി അവസാനത്തോടുകൂടി ആദ്യഘട്ട സ്ഥാനാർഥികളെയെങ്കിലും പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

