‘ഏത് കോടതിയാണ് പ്രതിപക്ഷത്തെ വിമർശിച്ചത്?; മുഖ്യമന്ത്രിയുടെ ഓഫിസ് സമ്മർദം ചെലുത്തി എന്നത് കോടതി ശരിവെച്ചിട്ടുണ്ട്’
text_fieldsതിരുവനന്തപുരം: സ്വർണക്കൊള്ള കേസിൽ അന്വേഷണം നിലച്ചിരിക്കുകയാണെന്നും പ്രതികള്‍ പുറത്തിറങ്ങി എല്ലാ തെളിവുകളും നശിപ്പിച്ച് കേസ് എങ്ങുമെത്താതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതിനെതിരായ പോരാട്ടമാണ് യു.ഡി.എഫ് നിയമസഭയിലും പുറത്തും നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിമാരുടെ വ്യാഖ്യാനങ്ങളെല്ലാം തെറ്റാണ്. ഏത് കോടതിയാണ് ശബരിമല വിഷയത്തില്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ചത്? എസ്.ഐ.ടിയെയാണ് വിമര്‍ശിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രിയുടെ ഓഫിസ് സമ്മർദം ചെലുത്തി അന്വേഷണം മരവിപ്പിച്ചെന്ന് പ്രതിപക്ഷം പറഞ്ഞത് പിന്നീട് കോടതി ശരിവെച്ചു.
കുറ്റപത്രം നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം കിട്ടുന്നതെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. എന്നിട്ട് എന്തിനാണ് പ്രതിപക്ഷത്തെ വിമര്‍ശിച്ചെന്ന് പറയുന്നതെന്നും വി.ഡി. സതീശൻ ചോദിച്ചു.
സ്വർണ്ണക്കൊള്ള വിഷയത്തിലെ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്ന് ആരോപിച്ചുള്ള പ്രതിപക്ഷ നീക്കങ്ങളാണ് നിയമസഭ സ്തംഭിപ്പിക്കും വിധത്തിൽ നാടകീയ മുഹൂർത്തങ്ങൾക്ക് വഴിമാറിയത്. പ്രതിപക്ഷമുയർത്തിയ ബാന്നർ വാച്ച് ആന്‍റ് വാർഡ് ബലം പ്രയോഗിച്ച് പിടിച്ചു വാങ്ങിയതാണ് പ്രകോപനത്തിന് കാരണം.
അൻവർ സാദാത്ത്, മാത്യൂ കുഴൽനാടൻ എന്നിവർ സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കടന്നു. സംഘർഷാവസ്ഥയെ തുടർന്ന് സ്പീക്കർ രണ്ട് വട്ടം സഭ നിർത്തിവെച്ചെങ്കിലും പ്രതിഷേധം കെട്ടടങ്ങിയില്ല. പിന്നാലെ സഭ ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി. ഫലത്തിൽ ചോദ്യോത്തരവേളയും ശൂന്യവേളയും അലങ്കോലമായി. അതേ സമയം പ്രതിപക്ഷമില്ലാതെ ബജറ്റ് ചർച്ച തുടരുകയും ചെയ്തു.
രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ സഭ നടപടികളുമായി സഹകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിലപാട് വ്യക്തമാക്കിയിരുന്നു. തുടർന്ന് നടുത്തളത്തിലേക്ക് ഇറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെക്കെത്തി ബാനർ പിടിച്ച് മുദ്രാവാക്യം മുഴക്കി. ‘സ്വർണം കട്ടത് ആരപ്പാ, സഖാക്കളാണേ അയ്യപ്പാ’ എന്ന ബാനർ ഉയർത്തിയുള്ള പ്രതിഷേധത്തിനിടെയും ചോദ്യോത്തരവേള തുടർന്നു.
കാഴ്ചമറച്ച് പിടിച്ച ബാനർ മാറ്റണമെന്ന് സ്പീക്കർ എ.എൻ. ഷംസീർ ആവശ്യപ്പെട്ടുവെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ബഹളം തുടരവെ ബാനർ പിടിച്ചു വാങ്ങാൻ വാച്ച് ആൻഡ് വാർഡുമാർ ശ്രമിച്ചുവെങ്കിലും ഇതിനെ പ്രതിപക്ഷാംഗം റോജി എം. ജോൺ ചെറുത്തതോടെ പിൻവാങ്ങി. ഈ സമയം ഭരണപക്ഷവും ഇരിപ്പിടം വിട്ടെഴുന്നേറ്റ് പ്രതിപക്ഷ അംഗങ്ങൾക്ക് അഭിമുഖമായി നിന്ന് മുദ്രാവാക്യം മുഴക്കി.
ഇതിനിടെ അൻവാർ സാദത്ത്, നജീബ് കാന്തപുരം, സനീഷ് കുമാർ ജോസഫ്, ടി.വി. ഇബ്രാഹിം എന്നിവർ സ്പീക്കറുടെ ഡയസിലേക്ക് കയറാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഉന്തിനും തള്ളിനുമിടിയിൽ അൻവർ സാദാത്ത് ഡയസിലേക്ക് കടന്നതോടെ സ്പീക്കർ ഡയസ് വിട്ട് അകത്തേക്ക് പോവുകയായിരുന്നു. സാധാരണ സഭനിർത്തിവച്ചതായി അറിയിച്ച ശേഷമാണ് സ്പീക്കർ ഇത്തരം സന്ദർശങ്ങളിൽ ഇരിപ്പിടം വിടാറുള്ളത്.
പത്തിന് വീണ്ടും സഭ ചേർന്നതോടെ സാഹചര്യങ്ങൾ പൂർവാധികം പ്രക്ഷുബ്ധം. യു. പ്രതിഭ സബ്മിഷൻ അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷാംഗങ്ങൾ സ്പീക്കറിന് മുന്നിൽ ഉയർത്തിയ ബാനർ വാച്ച് ആന്‍റ് വാർഡ് ബലം പ്രയോഗിച്ച് വലിച്ചെടുത്തു. ബാനറിന്റെ ഒരറ്റത്ത് പിടിവിടാതിരുന്ന പി.സി. വിഷ്ണുനാഥിനെയും വലിച്ചു നീക്കി. ഇതോടെയാണ് അൻവർ സാദാത്ത് സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കടന്നതും പിന്നാലെ സ്പീക്കർ ഇരിപ്പിടം വിട്ടതും. ശേഷം മാത്യു കുഴിൽനാടനും ഡയസിലേക്ക് വലിഞ്ഞുകയറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

