Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘വലയിലായത് നത്തോലി...

‘വലയിലായത് നത്തോലി മാത്രം, വലിയ മീനുകൾ ഇപ്പോഴും പുറത്ത്’; സ്വർണം ജനങ്ങൾക്ക് മുന്നിൽവെച്ചേ മതിയാകൂവെന്ന് തിരുവഞ്ചൂർ

text_fields
bookmark_border
‘വലയിലായത് നത്തോലി മാത്രം, വലിയ മീനുകൾ ഇപ്പോഴും പുറത്ത്’; സ്വർണം ജനങ്ങൾക്ക് മുന്നിൽവെച്ചേ മതിയാകൂവെന്ന് തിരുവഞ്ചൂർ
cancel

കോട്ടയം: ശബരിമല സ്വർണക്കൊള്ളയിൽ രണ്ടാം പ്രതിയും ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുമായ മുരാരി ബാബുവിന്‍റെ അറസ്റ്റിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. നത്തോലി മാത്രമാണ് വലയിലായിരിക്കുന്നതെന്നും വലിയ മീനുകൾ ഇപ്പോഴും പുറത്താണെന്നും തിരുവഞ്ചൂർ പറഞ്ഞു.

നത്തോലിയെ പിടിച്ചിട്ട് കേസ് ഒതുക്കാൻ കഴിയില്ല. ആരൊക്കെ തെറ്റ് ചെയ്തിട്ടുണ്ടോ അവരൊല്ലാം പിടിയിലാകണം. ശബരിമലയിൽ നടന്നത് കേരളം കണ്ടതിൽവെച്ച് ഏറ്റവും വലിയ സ്വർണക്കൊള്ളയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വർണക്കൊള്ളയിലെ അറസ്റ്റ് ഹൈകോടതിയുടെ വിജയമാണ്. ഹൈകോടതി കേസ് നിരീക്ഷിക്കുന്നത് കൊണ്ടാണ് അന്വേഷണ സംഘത്തിന് സമ്മർദങ്ങളിൽ പെടാതെ മുന്നോട്ട് പോകാൻ സാധിക്കുന്നത്. സ്വർണപാളികൾ കേരളം വിട്ടുപോയിട്ടും കണ്ണുംകെട്ടി ഇരുന്ന അധികാരികളുടെ വിവരങ്ങളും പുറത്തുവരണം.

കോടതിയിൽ കേസ് തെളിയാതിരിക്കാനാണ് സ്വർണം ചെമ്പാക്കിയത്. തൊണ്ടി സാധനമായി സ്വർണം പിടിക്കാൻ ഇനി സാധിക്കില്ല. ലോഹം തന്നെ മാറ്റി. കേസ് നിലനിൽക്കണമെങ്കിൽ ശക്തമായ അന്വേഷണം തന്നെ നടക്കണം. മുരാരി ബാബു പറയുന്നത് അനുസരിച്ച് ചെമ്പ് പിടിച്ചാൽ പ്രശ്നം തീരും.

എന്നാൽ, ശബരിമലയിലെ സ്വർണം കൊള്ള ചെയ്തതാണെന്നും കടത്തിക്കൊണ്ട് പോയതാണെന്നും ജനങ്ങൾക്കറിയാം. സ്വർണം ജനങ്ങൾക്ക് മുമ്പിൽ കൊണ്ടുവച്ചേ മതിയാകൂവെന്നും തിരുവഞ്ചൂർ മാധ്യമങ്ങളോട് വ്യക്തമാക്കി.

ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപാളി കടത്തിയ കേസിലാണ് രണ്ടാം പ്രതിയായ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ബി. മുരാരി ബാബു അറസ്റ്റിലായത്. സ്വർണക്കൊള്ളയിൽ നടക്കുന്ന രണ്ടാമത്തെ അറസ്റ്റ് ആണ് മുരാരി ബാബുവിന്‍റേത്. നേരത്തെ, കേസിലെ ഒന്നാം പ്രതിയായ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് അറസ്റ്റിലായത്.

ബുധനാഴ്ച രാത്രി പെരുന്നയിലെ വീട്ടിലെത്തിയതാണ് മുരാരി ബാബുവിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. തുടർന്ന് തിരുവനന്തപുരത്തെത്തിച്ച് പ്രാഥമികമായി ചോദ്യം ചെയ്ത ശേഷമാണ് രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയത്. വർഷങ്ങളായി ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായ ഒരാളാണ് മുരാരി ബാബു. സ്വർണക്കൊള്ളയിൽ മുരാരി ബാബുവിന്റെ പങ്കും ​തൊണ്ടി മുതൽ നിലവിൽ എവിടെയാണ് ഉള്ളത് എന്നതും അറിയാൻ ഇയാളെ വിശദമായി ചോദ്യം ചെയ്യണം.

2025ല്‍ ദ്വാരപാലക ശില്‍പത്തിന്റെ പാളികള്‍ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കയ്യില്‍കൊടുത്തുവിടാമെന്ന് കുറിച്ചത് മുരാരി ബാബുവാണെന്ന് തെളിയിക്കുന്ന ഫയലിന്റെ പകര്‍പ്പ് പുറത്തുവന്നിരുന്നു. ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ആയിരിക്കെ, ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്ചവരുത്തി എന്നാണ് മുരാരി ബാബുവിന് എതിരായ കുറ്റം.

ചെമ്പ് തെളിഞ്ഞതു കൊണ്ടാണു വീണ്ടും പൂശാൻ നൽകിയതെന്നായിരുന്നു മുരാരി ബാബുവിന്റെ വിശദീകരണം. ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ വീഴ്ചയിൽ പങ്കില്ലെന്നാണ് മുരാരി ബാബു ആവര്‍ത്തിച്ചിരുന്നത്. മഹസറില്‍ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമീഷണറും വിവാദകാലത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബു പറഞ്ഞിരുന്നു.

എൻ.എസ്.എസ് ചങ്ങനാശ്ശേരി പെരുന്ന കരയോഗം വൈസ് പ്രസിഡന്റായിരുന്ന മുരാരി ബാബു പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടതോടെ സ്ഥാനം രാജിവെച്ചിരുന്നു. കരയോഗം ബോർഡ് യോഗം കൂടി രാജി ആവശ്യപ്പെടുകയായിരുന്നു.

കേസില്‍ അറസ്റ്റിലായ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ മൊഴിയിലും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര പരാമര്‍ശമുണ്ട്. മുരാരി ബാബു അടക്കമുള്ള അന്നത്തെ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും ഗൂഢാലോചനയുടെ ഭാഗമായെന്നും പലരില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നുമാണ് മൊഴി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thiruvanchoor RadhakrishnanSabrimalaLatest NewsSabarimala Gold Missing Rowmurari babu
News Summary - Sabarimala Gold Missing Row: Thiruvanchoor Radhakrishnan react to Murari Babu Arrest
Next Story