ശബരിമല സ്വർണക്കൊള്ള; തന്ത്രിമാരുടെ മൊഴിയെടുത്ത് എസ്.ഐ.ടി, എ. പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങും
text_fieldsഎ. പത്മകുമാർ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിമാരുടെ മൊഴി എസ്.ഐ.ടി രേഖപ്പെടുത്തി. കണ്ഠരര് രാജീവര്, കണ്ഠരര് മോഹനര് എന്നിവരുടെ മൊഴിയാണ് എടുത്തത്. ഉണികൃഷ്ണൻ പോറ്റിയെ അറിയാമായിരുന്നുവെന്നും അറ്റകുറ്റപ്പണിക്ക് അനുമതി നൽകിയത് ഉദ്യോഗസ്ഥർ പറഞ്ഞപ്രകാരമെന്നും തന്ത്രിമാർ നൽകിയ മൊഴിയിൽ പറയുന്നു. ദൈവഹിതം നോക്കി അനുമതി നൽകുക മാത്രമാണ് ചുമതലയെന്നും തന്ത്രിമാർ പറഞ്ഞു. എസ്.ഐ.ടി ഓഫിസിലെത്തിയാണ് ഇരുവരും മൊഴി നൽകിയത്.
കൂടാതെ, അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള പത്മകുമാറിന്‍റെ ഇടപാടുകളില്‍ വിശദമായ പരിശോധന നടത്തും. വിഷയത്തിൽ ഉന്നതരുടെ പങ്ക് ഉൾപ്പടെയുള്ള കാര്യത്തിലടക്കം വ്യക്തത വരുത്തും. കേസിൽ അന്വേഷണസംഘത്തിന് ഹൈകോടതി അനുവദിച്ച ആറാഴ്ച സമയപരിധി നാളെ കഴിയാനിരിക്കെ ചോദ്യം ചെയ്യലിൽ പത്മകുമാർ നൽകുന്ന മൊഴി ഇനി നിർണായകമാണ്. കൂടാതെ, കേസിലെ മറ്റൊരു പ്രതിയായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിന്‍റെ ജാമ്യപേക്ഷയിൽ കോടതി ഇന്ന് വിധി പറയും.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നാലാം പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജയശ്രീ സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. മുമ്പ് കേസ് പരിഗണിച്ചപ്പോൾ ജയശ്രീയുടെ അറസ്റ്റ് താത്കാലികമായി കോടതി തടഞ്ഞിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി സമർപ്പിച്ചത്. ശബരിമല ശ്രീകോവിലിലെ വാതിൽ കട്ടിളപ്പടിയിലെ സ്വർണക്കവർച്ചയിൽ അറസ്റ്റിലാകുന്ന ആറാമത്തെയാളാണ് സി.പി.എം പത്തംതിട്ട ജില്ല കമ്മിറ്റി അംഗവും മുൻ കോന്നി എം.എൽ.എയുമായ എ. പത്മകുമാർ.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസുവിനെ കൈവിലങ്ങണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വിശദീകരണവുമായി പൊലീസുകാർ രംഗത്തെത്തി. കൈവിലങ്ങ് ധരിപ്പിച്ചത് വാസുവിന്‍റെ അനുവാദത്തോടെയാണെന്നും വിലങ്ങ് ധരിപ്പിക്കുന്നതിന് മുമ്പ് വാസുവിനെക്കുറിച്ചോ കേസിനെക്കുറിച്ചോ അറിയില്ലായിരുന്നുവെന്നും എ.ആർ ക്യാമ്പിലെ എസ്.ഐയും നാലു പൊലീസ് ഉദ്യോഗസ്ഥരും മൊഴി നൽകി.
കൈവിലങ്ങ് ധരിപ്പിച്ചത് പ്രത്യേക ഉദ്ദേശത്തോടെയായിരുന്നില്ല. പ്രതികളെ കൊണ്ടുപോകുമ്പോൾ ചെയ്യുന്ന നടപടിയുടെ ഭാഗമായി മാത്രമാണ് ഒരു കൈയില്‍ വിലങ്ങ് വെച്ചതെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തിരുവനന്തപുരം എ.ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരാണ് പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് വാസുവിനെ കൈവിലങ്ങണിയിച്ച് കൊല്ലത്തെ വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

