Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല...

ശബരിമല സ്വർണക്കൊള്ളക്കേസ്; എസ്.ഐ.ടിക്ക് ആറാഴ്ചകൂടി

text_fields
bookmark_border
Sabarimala gold missing row
cancel

കൊച്ചി: ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് (എസ്.ഐ.ടി) ആറാഴ്ചകൂടി സമയം അനുവദിച്ച് ഹൈകോടതി. അന്വേഷണത്തിൽ ഒരു സ്വാധീനത്തിനും വഴങ്ങരുത്. ബാഹ്യസമ്മർദങ്ങളോ ഇടപെടലോ കണക്കിലെടുക്കാതെ ഭയരഹിതമായി മുന്നോട്ടുപോകണം. ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ സംഘത്തിൽ ഉൾപ്പെടുത്താനും ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് അനുമതി നൽകി.

നേരത്തേ ഉൾപ്പെടുത്തിയ രണ്ടുപേരുടെ കാര്യത്തിൽ ചില എതിർപ്പുകളുണ്ടായെങ്കിലും ഇവർ മികച്ച ഉദ്യോഗസ്ഥരാണെന്ന് വിശദീകരണം ലഭിച്ചതായും ഇത് അംഗീകരിക്കുന്നതായും കോടതി വ്യക്തമാക്കി. സ്വാമി അയ്യപ്പന്റെ അമൂല്യ സ്വത്തുക്കൾ നഷ്ടമായതിൽ ഉന്നത സ്വാധീനത്തിനുള്ള സാധ്യത കണക്കിലെടുത്താണ് അന്വേഷണം കോടതിയുടെ കർശന മേൽനോട്ടത്തിലാക്കിയത്. ശാസ്ത്രീയവും സമഗ്രവുമായ അന്വേഷണത്തിലൂടെ സ്വർണക്കൊള്ളയിലെ നിർണായക വിവരങ്ങൾ ഇനിയും പുറത്തുവരും.


കോടതിയിൽ നേരിട്ട് ഹാജരായിരുന്ന എസ്.ഐ.ടി തലവനായ എ.ഡി.ജി.പി എച്ച്. വെങ്കിടേഷ്, അന്വേഷണ ഉദ്യോഗസ്ഥൻ എസ്. ശശിധരൻ, ശബരിമല സ്പെഷൽ വിജിലൻസ് എസ്.പി എന്നിവർ ഇതുവരെയുള്ള അന്വേഷണത്തിന്‍റെ റിപ്പോർട്ട് സമർപ്പിച്ചു. ഇതിൽ തൃപ്തി രേഖപ്പെടുത്തിയ കോടതി, അന്വേഷണം ശരിയായ ദിശയിലാണെന്നും വിലയിരുത്തി.

സന്നിധാനത്തുനിന്ന് ശേഖരിച്ച യഥാർഥ സ്വർണപ്പാളികളുടെ സാമ്പിൾ പരിശോധനക്ക് വിക്രം സാരാഭായി സ്പേസ് സെന്ററിലേക്ക് അയച്ചെങ്കിലും റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും നഷ്ടപ്പെട്ട സ്വർണം എത്രയെന്ന് കണ്ടെത്താൻ അത് ലഭിക്കേണ്ടതുണ്ടെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സ്വർണം പൊതിഞ്ഞ പാളികൾ എവിടെനിന്നൊക്കെയാണ് നീക്കിയതെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നു. 1998ൽ ശബരിമലയിൽ യുബി ഗ്രൂപ്പ് സ്വർണം പൊതിഞ്ഞതിന്റെ വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. വരവിൽ കവിഞ്ഞ സ്വത്തുണ്ടോയെന്ന് കണ്ടെത്താൻ പ്രതികളുടെ സ്വത്ത് നിർണയിക്കാനുള്ള നടപടികൾ നടക്കുന്നുണ്ട്. 181 സാക്ഷികളുടെ മൊഴി ഇതുവരെ രേഖപ്പെടുത്തി.

ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം അപഹരിച്ച കേസിൽ 15ഉം വാതിലിലെ സ്വർണപ്പാളികൾ അപഹരിച്ച കേസിൽ 12ഉം പ്രതികളാണുള്ളത്. ഒമ്പതുപേരാണ് ഇതുവരെ അറസ്റ്റിലായത്. അന്വേഷണത്തെ താഴ്ത്തിക്കെട്ടുന്ന തരത്തിലുള്ള നടപടികൾ അതിന്റെ അടിത്തറ തകർക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. കോടതി തെരഞ്ഞെടുത്ത സത്യസന്ധരായ ഉദ്യോഗസ്ഥരാണ് നേതൃത്വം നൽകുന്നത്.

മാധ്യമങ്ങൾക്കടക്കം വിവരങ്ങളൊന്നും നൽകരുതെന്ന നിർദേശം കർശനമായി പാലിക്കുന്നുണ്ടെങ്കിലും ചില മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകി അന്വേഷണ സംഘത്തെ സമ്മർദത്തിലാക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെയും പ്രചാരണം നടത്തുന്നു. ഇത്തരം പ്രചാരണങ്ങൾ വിശ്വാസ്യത ഇല്ലാതാക്കുമെന്നും കോടതി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtSITKeralaSabarimala Gold Missing Row
News Summary - Sabarimala gold missing row; SIT gets six more weeks
Next Story