Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഈ തിരുമേനിക്ക് തൈര്...

‘ഈ തിരുമേനിക്ക് തൈര് കൊടുക്കില്ല, അയ്യപ്പന്റെ മൊത്തം കട്ടു മുടിച്ചവനല്ലേ’ -പോറ്റിക്ക് തൈര് വാങ്ങാൻ പൊലീസ്, തരില്ലെന്ന് കടയുടമ

text_fields
bookmark_border
‘ഈ തിരുമേനിക്ക് തൈര് കൊടുക്കില്ല, അയ്യപ്പന്റെ മൊത്തം കട്ടു മുടിച്ചവനല്ലേ’ -പോറ്റിക്ക് തൈര് വാങ്ങാൻ പൊലീസ്, തരില്ലെന്ന് കടയുടമ
cancel

പത്തനംതിട്ട: ‘അയ്യപ്പന്റെ മൊത്തം കട്ടു മുടിച്ചവനല്ലേ? അയാൾക്ക് എന്തിന് തൈര് കൊടുക്കണം, ഈ തിരുമേനിക്ക് തൈര് കൊടുക്കില്ല’ -ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ കസ്റ്റഡിയിലുള്ള ഉണികൃഷ്ണൻ പോറ്റിക്ക് ഉച്ചയൂണിന് തൈര് വാങ്ങാൻ പൊലീസുകാർ വന്നപ്പോൾ കൊടുക്കി​ല്ലെന്ന് കടയുടമ. പത്തനംതിട്ട എസ്.പി ഓഫിസിന് സമീപമുള്ള ചാച്ചൂസ് ബേക്കറിയിലാണ് നാടകീയ സംഭവം.

ഉച്ചഭക്ഷണ സമയത്താണ് പോറ്റിയെ എസ്.പി ഓഫിസില്‍ എത്തിച്ചത്. ഊണിന് തൈര് വേണമെന്ന് പോറ്റി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പൊലീസുകാരൻ കടയില്‍ പോയപ്പോഴാണ് കടയുടമസ്ഥ നിലപാട് വ്യക്തമാക്കിയത്. അയാള്‍ക്ക് തൈര് നല്‍കരുതുന്നെും അയ്യപ്പന്റെ സ്വര്‍ണം കട്ടവന് എന്ത് സസ്യാഹാരം എന്നും കൂടിനിന്നവർ ചോദിച്ചതോടെയാണ് തൈര് നൽകില്ലെന്ന് തീരുമാനമെടുത്തത്. ‘ഈ തിരുമേനിക്ക് തൈര് കൊടുക്കില്ല, അയ്യപ്പന്റെ മൊത്തം കട്ടു മുടിച്ചവനല്ലേ.. തിരുമേനിക്ക് വേണ്ടി ഒരു സാധനവും ഈ കടയിൽനിന്ന് നൽകില്ല. ഈ കേസിൽ തിരുമേനി പുറത്തിറങ്ങി കടയിൽ വന്നാലും ഞങ്ങൾ ഒന്നും നൽകില്ല’ -കടയുടമ പറഞ്ഞു.

ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ പോലെ, കോടതി നടപടികളും അതീവ രഹസ്യമായാണ് പൂർത്തിയാക്കിയത്. വെള്ളിയാഴ്ച ഉച്ചക്ക്​ 12 ഓടെ റാന്നി കോടതിയിൽ എത്തിക്കുമെന്ന തരത്തിലായിരുന്നു സൂചനകളെങ്കിലും രാവിലെ 10.40ഓടെ പ്രത്യേക അന്വേഷണസംഘം പ്രതിയുമായി കോടതിയിലെത്തി. തിരുവനന്തപുരത്തുനിന്ന്​ അതീവ രഹസ്യമായിട്ടായിരുന്നു യാത്ര. രാവിലെ 11ന്​ ആദ്യത്തെ കേസായി തന്നെ റാന്നി ജുഡീഷ്യൽ ഫസ്റ്റ്​ ക്ലാസ്​ മജിസ്​​ട്രേറ്റ്​ കോടതി പരിഗണിച്ചു.

അഭിഭാഷകരെയും മാധ്യമപ്രവർത്തകരെയും അടക്കം മുഴുവൻ പേരെയും കോടതി മുറിയിൽനിന്ന്​ പുറത്താക്കി. തുടർന്നാണ്​ 50 മിനിറ്റ്​ നീണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്​. പ്രതിഭാഗം അഭിഭാഷകനും പ്രോസിക്യൂട്ടറും അന്വേഷണ ഉദ്യോഗസ്ഥരും മാത്രമായിരുന്നു കോടതിയിലുണ്ടായിരുന്നത്​. രണ്ടാഴ്​ചയാണ്​ അന്വേഷണസംഘം കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്​. ഇത്​ പൂർണമായി കോടതി അനുവദിച്ചു.

എന്നാൽ, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ദീർഘമായുള്ള കസ്റ്റഡി​ കാലാവധിയെ പ്രതിഭാഗം എതിർത്തു. ചോദ്യം ചെയ്യലും തെളിവെടുപ്പും നീണ്ടുനിൽക്കുന്നത്​ ആരോഗ്യം വഷളാക്കാൻ ഇടയാക്കുമെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും ഇവർ അറിയിച്ചു. എന്നാൽ, കോടതി ഇത്​ അംഗീകരിച്ചില്ല.

കോടതി നടപടികൾക്കുശേഷം ​ജീപ്പിൽ പോറ്റിയെ പത്തനംതിട്ട എ.ആർ. ക്യാമ്പി​ലെത്തിച്ചു. ഇവിടെനിന്ന്​ ഉച്ചഭക്ഷണം കഴിച്ചശേഷം സംഘം തിരുവനന്തപുരത്തേക്ക്​ മടങ്ങി. അന്വേഷണ വിവരങ്ങൾ പരസ്യമാക്കരുതെന്ന്​ നേരത്തെ അന്വേഷണസംഘത്തിന്​ ഹൈകോടതി കർശനനിർദേശം നൽകിയിരുന്നു. ഇത്​ കണക്കിലെടുത്താണ് അതീവ രഹസ്യമായി അന്വേഷണം നടത്തുന്നത്​. ഭാവഭേദമൊന്നുമില്ലാതെയായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി, കോടതിയി​ലേക്ക്​ എത്തിയതും മടങ്ങിയതും. ഇതിനിടെ മാധ്യമപ്രവർത്തകരോട്​ പ്രതികരിക്കുകയും ചെയ്തു. 18 മണിക്കൂർ ചോദ്യം ചെയ്തതിനുശേഷമായിരുന്നു കോടതിയിലേക്ക്​ എത്തിച്ചതെങ്കിലും പുഞ്ചിരിയോടെയാണ്​ പോറ്റി പൊലീസുകാരോട്​ അടക്കം ഇടപെട്ടത്​.

രണ്ട്​ കിലോ സ്വർണം തട്ടിയെടുത്തെന്ന്​ റിമാൻഡ്​ റിപ്പോർട്ട്​

ശബരിമലയിൽനിന്ന്​ ഉണ്ണികൃഷ്ണൻ പോറ്റി ആസൂത്രിതമായി രണ്ട്​ കിലോ സ്വർണം തട്ടിയെടുത്തെന്ന്​ റിമാൻഡ്​ റിപ്പോർട്ട്​. രണ്ട് കിലോ സ്വർണം പതിച്ചിരുന്ന ദ്വാരപാലക ശിൽപ പാളികൾ നവീകരിച്ചപ്പോൾ പൂശിയ സ്വർണം 394.900 ഗ്രാം മാത്രമായി. ബാക്കി സ്വർണം ഇയാൾ കൈക്കലാക്കി. പാളികളിൽ സ്വർണം പൂശുന്നതിന്​ വിവിധ സ്​പോൺസർമാരിൽനിന്നും വലിയ അളവിൽ​ വാങ്ങിയ സ്വർണം​ മുഴുവനായി ഉപയോഗിക്കാതെ പോറ്റി തട്ടിയെടുക്കുകയായിരുന്നുവെന്ന്​ റാന്നി ജുഡീഷ്യൽ ഫസ്റ്റ്​ ക്ലാസ്​ മജിസ്​​ട്രേറ്റ്​ കോടതിയിൽ പ്രത്യേക അന്വേഷണസംഘം സമർപ്പിച്ച റിമാൻഡ്​ റിപ്പോർട്ടിൽ വ്യക്​തമാക്കുന്നു.

ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതി ഒക്​ടോബർ 30 വരെ പ്ര​ത്യേക ക്രൈംബ്രാഞ്ച്​ സംഘത്തിന്‍റെ കസ്റ്റഡിയിൽ വിട്ടു. ദ്വാരപാലകശിൽപ പാളികളിൽനിന്ന്​ സ്വർണം കവർന്ന കേസിലാണ്​ വെള്ളിയാഴ്ച പോറ്റിയെ അറസ്റ്റ്​ ചെയ്ത്​ റാന്നി കോടതിയിൽ ഹാജരാക്കിയത്​.

ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെയായിരുന്നു കവർച്ച. പ്രതികൾ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ വഞ്ചിച്ചു. സ്വർണപ്പാളികൾ ചെമ്പെന്ന്​ രേഖയുണ്ടാക്കി. പാളികളുടെ ആകെ തൂക്കത്തിൽ 4541.9 ഗ്രാം കുറവുമുണ്ടായി. ചെന്നൈ അമ്പത്തൂരിലുള്ള സ്മാർട്ട്​​ ക്രിയേഷൻസിൽ എത്തിച്ചാണ്​ ചെമ്പ്​ തകിടുകളിൽനിന്ന്​ സ്വർണം വേർതിരിച്ചെടുത്തത്​. 2004 മുതൽ 2008 വരെ കാലയളവിൽ ശബരിമലയിൽ പരികർമിയായി ജോലി ചെയ്തിരുന്ന പ്രതിക്ക്​ ​ശ്രീകോവിൽ മേൽക്കൂരയിലും ചുറ്റുഭാഗത്തും സ്വർണം പതിച്ചതാണെന്ന്​ അറിയാമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ശ്രീകോവിലിൽനിന്ന്​ കവർച്ച നടത്തിയതിലൂടെ ലക്ഷക്കണക്കിന്​ ഭക്​തരുടെ വിശ്വാസമാണ്​ പോറ്റി വ്രണപ്പെടുത്തിയതെന്ന്​ റിമാൻഡ്​ റിപ്പോർട്ടിൽ വ്യക്​തമാക്കുന്നു. സാമ്പത്തിക നേട്ടത്തിനായി ദ്വാരപാലക ശിൽപങ്ങളും തൂണുകളും കർണാടക, തമിഴ്​നാട്​, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളിൽ പ്രദർശിപ്പിച്ച്​ ആചാരലംഘനവും നടത്തി. ഇതിലൂടെ സാമ്പത്തിക നേട്ടവുമുണ്ടാക്കി. ശബരിമലയുടെ പ്രശസ്തിക്കും പ്രതി കോട്ടം വരുത്തി. ചെ​ന്നൈയിലെയും ബംഗളൂരുവിലെയും കേരളത്തിലെയും പല വീടുകളിലും ക്ഷേത്രങ്ങളിലും യാതൊരു സുരക്ഷയുമില്ലാതെ ഇവ എത്തിച്ചു. കേസിലെ മറ്റ്​ പ്രതികളായ ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെയും റി​പ്പോർട്ടിൽ പരാമർശങ്ങളുണ്ട്​. അന്നത്തെ ബോർഡ്​ സെക്രട്ടറി എസ്. ജയശ്രീ, മുരാരി ബാബു എന്നിവരടക്കം രേഖകളിൽ നടത്തിയ ക്രമക്കേടുകളും അക്കമിട്ട്​ നിരത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam NewsKerala NewsUnnikrishnan PottySabarimala Gold Missing Row
News Summary - sabarimala gold missing row: shop owner against unnikrishnan potty
Next Story