ശബരിമല സ്വർണക്കൊള്ള: ഹൈകോടതിയുടെ സംശയം സ്ഥിരീകരിച്ച് ശാസ്ത്രീയ റിപ്പോർട്ട്
text_fieldsകൊച്ചി: ശബരിമലയിൽ വൻ സ്വർണക്കൊള്ള നടന്നെന്ന ഹൈകോടതിയുടെ സംശയം സ്ഥിരീകരിക്കുന്ന ശാസ്ത്രീയ റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) കോടതിയിൽ സമർപ്പിച്ചു.
ശബരിമലയിലെ സ്വർണപ്പാളികളിൽനിന്ന് ശേഖരിച്ച സാമ്പിളുകൾ വിക്രം സാരാഭായ് സ്പേസ് സെന്‍ററിൽ (വി.എസ്.എസ്.സി) പരിശോധിച്ചതിന്‍റെ റിപ്പോർട്ട് വിലയിരുത്തി, സ്വർണക്കൊള്ള പ്രഥമദൃഷ്ട്യാ സ്ഥിരീകരിക്കുന്ന തെളിവുകളുള്ളതായി ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വ്യക്തമാക്കി. യഥാർഥ സ്വർണപ്പാളികളിൽ നിക്കൽ, അക്രിലിക് പോളിമർ എന്നിവ ഇല്ലെന്നിരിക്കെ പുതിയ പാളികളിൽ ഇത് രണ്ടിന്‍റെയും സാന്നിധ്യമുണ്ട്. അതേസമയം, മെർക്കുറിയുടെ സാന്നിധ്യം ഇല്ല. ശാസ്ത്രീയ പരിശോധനയിൽ വെളിപ്പെട്ട സ്വർണത്തിന്റെയും നിക്കൽപാളിയുടെയും കനവ്യത്യാസവും ആസൂത്രിത കുറ്റകൃത്യം നടന്നുവെന്ന് വ്യക്തമാക്കുന്നതാണ്.
കേസിന്റെ വൈകാരിക സ്വഭാവവും കൂടുതൽ പേർക്ക് പങ്കുണ്ടെന്ന സൂചനയും കണക്കിലെടുത്ത് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുന്നില്ലെന്നും കോടതി പറഞ്ഞു. കേസ് ഫെബ്രുവരി ഒമ്പതിന് വീണ്ടും പരിഗണിക്കും. പരിശോധന നടത്തിയ വി.എസ്.എസ്.സിയിലെ സാങ്കേതിക വിദഗ്ധരുടെ വിശദമൊഴിയെടുക്കാൻ എസ്.ഐ.ടിക്ക് കോടതി നിർദേശം നൽകി. പിടിച്ചെടുക്കുന്ന എല്ലാ തെളിവുകളും സമഗ്ര പരിശോധനക്ക് വിധേയമാക്കണം. 2024-25 വർഷങ്ങളിൽ നടന്ന ഇടപാടുകളെക്കുറിച്ചുള്ള നിർണായക സൂചനകളും റിപ്പോർട്ടിലുണ്ട്. ഓരോ പ്രതിയുടെയും വ്യക്തിപരമായ പങ്കിനെക്കുറിച്ചും ഓരോരുത്തരിലും ചുമത്തേണ്ട ക്രിമിനൽ ബാധ്യതകളെക്കുറിച്ചും ഇടപാടുകളുമായി ബന്ധപ്പെട്ട വൻ ഗൂഢാലോചനകൾ സംബന്ധിച്ചും അന്വേഷണ സംഘത്തിന് പരിശോധന റിപ്പോർട്ട് വെളിച്ചംവീശുന്നതായി കോടതി ചൂണ്ടിക്കാട്ടി.
കുറ്റകൃത്യവുമായി ബന്ധപ്പെട്ട വരുമാനം കണ്ടെത്തുന്നതിന് ചില പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. പ്രധാന പ്രതികളിൽ ചിലരുടെ ഭൂസ്വത്തുക്കൾ കണ്ടെത്താനായിട്ടുണ്ട്. ശാസ്ത്രീയ കണ്ടെത്തലുകളുടെയും മറ്റ് വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിൽ ആഴമേറിയതും സമഗ്രവുമായ അന്വേഷണം നടത്തുമെന്ന് എസ്.ഐ.ടി റിപ്പോർട്ടിൽ പറയുന്നു. ദ്വാരപാലക ശിൽപങ്ങളെക്കുറിച്ചും പഴയ കൊടിമരം പൊളിച്ചുമാറ്റിയതിനെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തും. സ്വർണക്കൊള്ളക്ക് പിന്നിൽ വൻ റാക്കറ്റുണ്ടെന്ന സംശയം ബലപ്പെടുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

