ശബരിമല സ്വർണക്കൊള്ള: കൽപേഷിനെ മാപ്പുസാക്ഷിയാക്കാൻ നീക്കം; സ്വർണവ്യാപാരിയായ ഗോവർധനനെതിരെ നിർണായക മൊഴി
text_fieldsകൽപേഷ്
തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ വാതിൽ കട്ടിളയിലെ സ്വർണം പൊതിഞ്ഞ ഏഴ് പാളികളിൽ നിന്ന് സ്വർണം കവർച്ച ചെയ്ത കേസിൽ ഇടനിലക്കാരനായി പ്രവർത്തിച്ച രാജസ്ഥാൻ സ്വദേശി കൽപേഷിനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി).
കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ഒമ്പതാം പ്രതി സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയും പത്താംപ്രതിയും സ്വർണ വ്യാപാരിയുമായ ഗോവർധനും തമ്മിലെ ഗൂഡാലോചനയുടെ വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ. കേസിൽ രണ്ടാം പ്രതിയാണ് കൽപേഷ്. സ്വർണക്കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും കൽപേഷ് അന്വേഷണസംഘത്തോട് പറഞ്ഞു. അതേസമയം, സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരിയെയും ഗോവർധനെയും കുരുക്കുന്ന മൊഴി കൽപേഷ് നൽകിയിട്ടുണ്ട്.
15 വർഷത്തിലധികമായി സങ്കിയുടെ സുഹൃത്തും ബെല്ലാരിയിലെ സ്വർണവ്യാപാരിയുമായ ഗോവർധൻ ആവശ്യപ്പെട്ടത് പ്രകാരമാണ് ജീവനക്കാരനായ താൻ 2019 ഒക്ടോബർ 12ന് സ്മാർട്ട് ക്രിയേഷൻസിൽ എത്തി പങ്കജ് ഭണ്ഡാരി നൽകിയ സ്വർണമടങ്ങിയ കവർ കൈപ്പറ്റിയത്. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ വിട്ടയച്ചു. സ്വർണക്കൊള്ളയിൽ കൽപേഷിന് പങ്കില്ലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. അതുകൊണ്ടുതന്നെ ഇയാളെ കേസിൽ മാപ്പുസാക്ഷിയാക്കുന്നതിനെക്കുറിച്ചും എസ്.ഐ.ടി ആലോചിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

